ലാലേട്ടനോട് കൗണ്ടർ പറഞ്ഞപ്പോള്‍, 'ഇവന്‍ കൊള്ളാലോ' എന്ന തരത്തില്‍ ഒരു നോട്ടമാണ് കിട്ടിയത്: സംഗീത് പ്രതാപ്

ലാലേട്ടനോട് കൗണ്ടർ പറഞ്ഞപ്പോള്‍, 'ഇവന്‍ കൊള്ളാലോ' എന്ന തരത്തില്‍ ഒരു നോട്ടമാണ് കിട്ടിയത്: സംഗീത് പ്രതാപ്
Published on

ഹൃദയപൂർവ്വത്തിന്റെ ഷൂട്ട് സമയത്ത് താനും മോഹൻലാലും ഏറ്റവും നല്ല സുഹൃത്തുക്കളെപ്പോലെ ഒരു റാപ്പോ ഉണ്ടാക്കിയെടുത്തിരുന്നു എന്ന് നടൻ സം​ഗീത് പ്രതാപ്. പല സീനുകൾ ഷൂട്ട് ചെയ്യുമ്പോഴും തങ്ങൾ തമ്മിൽ ഒരു വലിയ പരസ്പര ധാരണയുണ്ടായിരുന്നു. പല സാധനങ്ങളും റിഹേഴ്സലിൽ പോലും ഇല്ലാതിരുന്ന സാധനങ്ങൾ ടേക്കിൽ സംഭവിച്ചിട്ടുണ്ടെന്നും അതെല്ലാം കിട്ടാനായി പല സീനുകളുടെയും റഷ് വിഷ്വലുകൾ താൻ ചോദിച്ചിരുന്നുവെന്നും സം​ഗീത് പ്രതാപ് ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

സം​ഗീത് പ്രതാപിന്റെ വാക്കുകൾ

എനിക്ക് ഇപ്പോഴും ഓർമ്മയുണ്ട്, എന്തോ കാര്യം പറയുന്നതിന്റെ ഇടയിൽ ലാലേട്ടന് ഞാൻ കൗണ്ടർ കൊടുത്തപ്പോൾ ഇവൻ കൊള്ളാലോ എന്നൊരു ലുക്ക് ആയിരുന്നു ലാലേട്ടൻ തന്നത്. അദ്ദേഹം എല്ലാവരോടും വളരെ ഫ്രീയായാണ് സംസാരിക്കുകയും കളിയാക്കുകയും ചെയ്യാറ്. പക്ഷെ, അധികം ആരും തിരിച്ച് പറയാറില്ല, കാരണം എല്ലാവരുടെയും ഉള്ളിലുണ്ട്, കളിയാക്കുന്നത് ലാലേട്ടൻ ആണല്ലോ എന്ന്. പക്ഷെ, ഞാൻ ഒരു ദിവസം അതിനെയെല്ലാം പൊളിച്ചടുക്കി പറഞ്ഞപ്പോൾ, നിന്നെ പോലെ ഒരു എതിരാളിയെയാണ് എനിക്കാവശ്യം എന്ന രീതിയിലാണ് പുള്ളി തിരിച്ച് സംസാരിച്ചത്. പിന്നെ ഞാൻ നസ്ലെനോടൊക്കെ തമാശകൾ പറയുന്ന രീതിയിലേക്ക് ലാലേട്ടനുമായുള്ള ബന്ധം വളർന്നു.

പൊലീസ് സ്റ്റേഷനിൽ വച്ച് ഒരു സീൻ ഷൂട്ട് ചെയ്യുകയായിരുന്നു, അപ്പോൾ കയ്യിൽ നിന്നും ഞാനൊരു സാധനം എടുത്തിട്ടു. അത് റിഹേഴ്സൽ സമയത്ത് പോലും പ്ലാൻ ചെയ്തിരുന്നില്ല. പക്ഷെ അത് ചെയ്തപ്പോൾ ലാലേട്ടൻ തിരിച്ച് മറ്റൊരു സാധനം ഇട്ടു. അതും ആരും പ്രതീക്ഷിച്ചിരുന്നില്ല. അങ്ങനെ ഒരു ​ഗിവ് ആൻഡ് ടേക്ക് ഹൃദയപൂർവത്തിൽ ഒന്നാം ദിവസം മുതലേ ഉണ്ടായിരുന്നു. പാട്ടിലെ ഒരു സീക്വൻസ് ഷൂട്ട് ചെയ്തത് എനിക്ക് ഭയങ്കര മൊമന്റായിരുന്നു. അതിന്റെ റഷ് കിട്ടുമോ എന്ന് പോലും എഡിറ്ററോട് ഞാൻ ചോദിച്ചിട്ടുണ്ട്. അത്ര രസമുള്ള ബിടിഎസ് മൊമന്റുകൾ എനിക്ക് അവിടെ നിന്നും ലഭിച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in