'കമ്പനി'യിലെ മോഹൻലാലിന്റെ പെർഫോമൻസിൽ ആദ്യം ഞാൻ തൃപ്തനായിരുന്നില്ല, അദ്ദേഹം ശരിയായല്ല ചെയ്യുന്നതെന്നാണ് തോന്നിയത്: രാം ​ഗോപാൽ വർമ്മ

'കമ്പനി'യിലെ മോഹൻലാലിന്റെ പെർഫോമൻസിൽ ആദ്യം ഞാൻ തൃപ്തനായിരുന്നില്ല, അദ്ദേഹം ശരിയായല്ല ചെയ്യുന്നതെന്നാണ് തോന്നിയത്: രാം ​ഗോപാൽ വർമ്മ
Published on

'കമ്പനി'യിലെ മോഹൻലാലിന്റെ പ്രകടനത്തിൽ ആദ്യ താൻ തൃപ്തനായിരുന്നില്ലെന്ന് സംവിധായകൻ രാം ഗോപാൽ വർമ്മ. അജയ് ദേവ്ഗൺ, വിവേക് ഒബ്‌റോയ് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി രാം ഗോപാൽ വർമ സംവിധാനം ചെയ്ത ചിത്രമായിരുന്നു 'കമ്പനി'. തുടക്കത്തിൽ തനിക്ക് വേണ്ടുന്നത് പോലെയല്ല മോഹൻലാൽ അഭിനയിക്കുന്നത് എന്നാണ് തനിക്ക് തോന്നിയതെന്നും കൂടുതൽ ടേക്കുകൾക്ക് ശേഷം പിന്നീട് പരിശോധിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ആദ്യത്തെ ടേക്ക് ഏറ്റവും മികച്ചതായിരുന്നുവെന്ന് താൻ മനസ്സിലാക്കിയതെന്നും രാം ​ഗോപാൽ വർമ്മ മൈൽസ്റ്റോൺ മേക്കേഴ്സ് മാക്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

രാം ​ഗോപാൽ വർമ്മ പറഞ്ഞത്:

'കമ്പനി' എന്ന ചിത്രത്തിന് വേണ്ടി ആദ്യമായി ഞാൻ അദ്ദേഹത്തിനെ കാണാൻ പോകുമ്പോൾ സിനിമയിലെ കഥാപാത്രത്തെയും തിരക്കഥയെയും സംബന്ധിച്ച് അദ്ദേഹം നിരവധി സംശയങ്ങൾ ചോ​​ദിക്കും എന്നാണ് ഞാൻ കരുതിയത്. അത്തരം ചോദ്യങ്ങളെ നേരിടാൻ തയ്യാറായാണ് ഞാൻ അദ്ദേഹത്തെ കാണാൻ പോയതും. പക്ഷേ കഥ പറഞ്ഞതിന് ശേഷം അദ്ദേഹം എന്നോട് ആകെ ചോദിച്ച ചോദ്യം സാർ നിങ്ങൾക്ക് എത്ര ദിവസം വേണമെന്നാണ്. അതെനിക്ക് ഒരു ആന്റി ക്ലൈമാക്സ് പോലെയായിരുന്നു. ക്രാഫ്റ്റിനെ മനസ്സിലാക്കുന്ന ഒരു അഭിനേതാവാണ് അദ്ദേഹം. ചിത്രത്തിലെ അദ്ദേഹത്തിന്റെ പ്രകടനത്തിൽ ആദ്യം എനിക്ക് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അദ്ദേഹം എനിക്ക് ആവശ്യമുള്ള തരത്തിൽ അല്ല അഭിനയിക്കുന്നത് എന്നെനിക്ക് തോന്നിയിരുന്നു. അതുകൊണ്ട് തന്നെ അദ്ദേഹത്തോട് ഞാൻ കൂടുതൽ ടേക്കുകൾ ആവശ്യപ്പെട്ടു. 6-7 ടേക്കുകൾ എടുത്തതിന് ശേഷം പരിശോധിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ആദ്യ ടേക്ക് ആണ് ഏറ്റവും മികച്ചത് എന്ന് എനിക്ക് മനസ്സിലായത്. സംവിധായകർക്ക് എപ്പോഴും അഭിനേതാക്കൾ എങ്ങനെയായിരിക്കണം അഭിനയിക്കേണ്ടത് എന്നതിൽ ഒരു മുൻവിധി ഉണ്ടായിരിക്കും. നമ്മുടെ മനസ്സിലുള്ളത് അതുപോലെ കോപ്പി ചെയ്യുന്നുണ്ടോ അവർ എന്നാണ് നമ്മൾ നോക്കൂക. അത്തരത്തിലുള്ള ഒരു മെന്റൽ ബ്ലോക്കിൽ നിന്ന് പുറത്തു കടന്ന് പുതിയൊരു കാഴ്ചപ്പാടിലൂടെ അവരുടെ അഭിനയത്തെ നോക്കി കാണാൻ നമുക്ക് കുറച്ച് സമയം എടുക്കും. ജന്മവാസനയുള്ള നടനാണ് അദ്ദേഹം.

2002ല്‍ പുറത്തിറങ്ങിയ ഒരു ഗ്യാങ്സ്റ്റര്‍ ഡ്രാമ ഹിന്ദി ചിത്രമാണ് 'കമ്പനി'. ദാവൂദ് ഇബ്രാഹിമിന്റെ ജീവിതത്തെ ആധാരമാക്കി ഒരുക്കിയ ചിത്രമായിരുന്നു ഇത്. ചിത്രത്തിൽ ഐ പി എസ് വീരപ്പള്ളി ശ്രീനിവാസന്‍ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. മനീഷ കൊയ്‌രാള, സീമ ബിശ്വാസ്, അന്തര മാലി, രാജ്പാൽ യാദവ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in