200 പേജുള്ള വക്കീൽ നോട്ടീസാണ് സൺ പിക്ചേഴ്സ് അയച്ചിരിക്കുന്നത്, 2021ൽ പേര് രജിസ്റ്റർ ചെയ്തിരുന്നു, ജയിലറിൽ പിന്നോട്ടില്ലെന്ന് സംവിധായകൻ

200 പേജുള്ള വക്കീൽ നോട്ടീസാണ് സൺ പിക്ചേഴ്സ് അയച്ചിരിക്കുന്നത്, 2021ൽ പേര് രജിസ്റ്റർ ചെയ്തിരുന്നു, ജയിലറിൽ പിന്നോട്ടില്ലെന്ന് സംവിധായകൻ

രജനികാന്ത് ചിത്രം ജയിലർ റിലീസ് ചെയ്യുന്നതിന് മുന്നേ അതേ പേരിലുള്ള മലയാളം ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകൻ സക്കീര്‍ മഠത്തില്‍. പേര് ആദ്യം രജിസ്റ്റര്‍ ചെയ്തത് ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി താനാണെന്നും 2021 ല്‍ കേരള ഫിലിം ചേമ്പറില്‍ രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും സക്കീർ മഠത്തിൽ ക്യു സ്റ്റുഡിയോയോട് പറഞ്ഞു. രജിസ്ട്രേഷൻ തെളിവ് കാണിച്ച് രജനികാന്ത് ചിത്രത്തിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് അയച്ച കത്തിന് മറുപടിയായി കോര്‍പ്പറേറ്റ് കമ്പനിയായ സണ്‍ പിക്‌ച്ചേഴ്‌സ് തങ്ങള്‍ പേര് മാറ്റില്ലെന്ന് കാണിച്ച് ഇരുന്നൂറ് പേജ് അടങ്ങുന്ന വക്കീല്‍ നോട്ടീസ് അയക്കുകയാണ് ചെയ്തത്. ബിഗ് ബഡ്ജറ്റ് ചിത്രമായ രജനികാന്തിന്റെ ജയിലര്‍ വന്നു പോയാല്‍ മലയാള ചിത്രം ജയിലര്‍ റിലീസ് ചെയ്യാനുള്ള സ്‌പേയ്‌സ് തങ്ങള്‍ക്കുണ്ടാവില്ലെന്നും അതുകൊണ്ടുതന്നെ ഓഗസ്റ്റില്‍ ചിത്രം റിലീസ് ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാക്കപ്പെടുന്നു എന്നും സക്കീര്‍ മഠത്തില്‍ ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്ത് സണ്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ രജനീകാന്ത് നായകനായെത്തുന്ന ചിത്രമാണ് ജയിലര്‍. വിവാദങ്ങളുണ്ടെങ്കിലും ചിത്രത്തിന്റെ പേര് മാറ്റണമെന്ന നിര്‍ദ്ദേശം ഇതുവരെ നിര്‍മ്മാതാക്കളായ സണ്‍പിക്‌ച്ചേഴ്‌സില്‍ നിന്നും ലഭിച്ചിട്ടില്ലെന്നും അതിനാല്‍ തന്നെ നിലവിലെ പേരുമായിട്ട് മുന്നോട്ട് പോവുകയാണെന്നും ജയിലറിന്റെ കേരളത്തിലെ വിതരണക്കാരായ ഗോകുലം മൂവീസിന്റെ പ്രതിനിധി ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

ജയിലറിന്റെ ടീസര്‍ ഇറങ്ങിയ സമയത്ത് സുഹൃത്തായ അഡ്വക്കേറ്റ് മുഖാന്തരം ഡയറക്ട് നോട്ടീസ് അയച്ചിരുന്നു. കേരളത്തില്‍ ഇതേ ടൈറ്റിലില്‍ ഈ ചിത്രം വന്നാല്‍ ഞങ്ങളുടെ സിനിമയെ അത് ബാധിക്കും അതുകൊണ്ട് എന്തെങ്കിലും തരത്തില്‍ സഹകരിക്കണം എന്നു പറഞ്ഞാണ് നോട്ടീസ് അയച്ചത്. മോഹന്‍ലാല്‍ വിനായകന്‍ തുടങ്ങി ഒട്ടേറെ മലയാളം ആര്‍ട്ടിസ്റ്റുകളുള്ളതുകൊണ്ട് മറ്റൊരു ജയിലറിന് ഇവിടെ പ്രസക്തിയില്ലെന്ന് മനസ്സിലാക്കിയാണ് നോട്ടീസ് അയച്ചത്. എന്നാല്‍ അന്ന് അവരതിന് അയച്ച മറുപടി ഞങ്ങള്‍ ഒരു കോര്‍പ്പറേറ്റ് കമ്പനിയാണ് ഞങ്ങള്‍ക്ക് പേര് മാറ്റാന്‍ സാധിക്കില്ല എന്നാണ്.

സക്കീര്‍ മഠത്തില്‍

അവരുടെ ചിത്രം വന്ന് പോയി കഴിഞ്ഞാല്‍ ഞങ്ങളുടെ ചിത്രം റിലീസ് ചെയ്യാനുള്ള സ്പേയ്സ് ഞങ്ങള്‍ക്കുണ്ടാവില്ല അതുകൊണ്ടാണ് ഓഗസ്റ്റില്‍ തന്നെ ചിത്രം റിലീസ് ചെയ്യാന്‍ ഞങ്ങള്‍ നിര്‍ബദ്ധിതരാക്കപ്പെടുന്നതെന്നും സക്കീർ പറയുന്നു. അങ്ങനെ വന്നാൽ എല്ലാവരും ജയിലര്‍ വന്നു പോയി എന്ന് പറയില്ലേ? ഞങ്ങളുടേത് ചെറിയ പടവും മറ്റേത് വലിയ ഒരു മാസ്സ് ചിത്രവും ആണെല്ലോയെന്നും സക്കീർ ചോദിക്കുന്നു.

ഓഗസ്റ്റില്‍ സിനിമ റിലീസ് ചെയ്യാനുള്ള തിരക്കില്‍ നില്‍ക്കുമ്പോഴാണ് പിന്നീട് ഹൈക്കോടതിയില്‍ നിന്ന് വക്കീല്‍ മുഖാന്തരം ഒരു നോട്ടീസ് വരുന്നത്. നിങ്ങള്‍ ഈ പേര് മാറ്റണം ഞങ്ങള്‍ ഒരു കോര്‍പ്പറേറ്റ് കമ്പനി ആയതിനാല്‍ ഞങ്ങള്‍ക്കാണ് ഈ പേരിന് അവകാശം എന്ന തരത്തിലാണ് നോട്ടീസ്. അവരുടെ കമ്പനിയുടെ മുഴുവന്‍ ഡീറ്റെയ്ല്‍സും അവര്‍ ഇത്രയും കാലം ചെയ്ത പടങ്ങള്‍, ചാനല്‍ തുടങ്ങി അവരുടെ പ്രൊഫൈലിന്റെ ഒരു ഭീകരത കാണിച്ചു കൊണ്ട് ഇരുന്നൂറ് പേജോളം വരുന്ന ഒരു നോട്ടീസ് അയച്ചത്. അഞ്ച് കോടിയോളം മുതല്‍മുടക്ക് വന്ന ചിത്രമാണ് ഞങ്ങളുടേത്. 57 കാലഘട്ടത്തിലെ ആര്‍ട്ട് വര്‍ക്ക് കാര്യങ്ങള്‍ ഒക്കെയായി ആര്‍ട്ട് വിഭാഗത്തില്‍ തന്നെ ഒരു ഒന്നരക്കോടിയോളം ചിലവഴിച്ചാണ് സിനിമ നിര്‍മിച്ചത്. അതിനാല്‍ ഇതിന്റെ നിയമവശങ്ങളെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ സുഹൃത്താണ് പറഞ്ഞത് വക്കാലത്ത് കൊടുക്കാം എന്ന്. തെളിവുകളെല്ലാം അടക്കം മദ്രാസ് ഹൈക്കോടതിക്ക് വക്കാലത്ത് സമര്‍പ്പിച്ചിട്ടുണ്ട്. കേസിന്റെ ഹിയറിംഗ് ഓഗസ്റ്റ് രണ്ടിന് നടക്കും. ഇത്തരമൊരു സാഹചര്യത്തില്‍ നാളെ എനിക്ക് ജയിലര്‍ എന്ന വാക്കു പോലും ഉച്ഛരിക്കാന്‍ സാധിക്കാത്ത ഒരു അവസ്ഥയുണ്ടായാലോ എന്ന ആശങ്കയിലാണ് പ്രസ്സ് മീറ്റ് വിളിച്ചത്. എനിക്ക് പറയാനുള്ളത് പിന്നീട് പറയാന്‍ ഒരു അവസരം കിട്ടില്ലല്ലോ എന്ന് സക്കീര്‍ പറയുന്നു.

ഫിലിം ചേമ്പറിന്റെ ഇടപെടല്‍

ഫിലിം ചേമ്പര്‍ പറയുന്നത് നിങ്ങള്‍ക്ക് യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാവില്ല, സിനിമ സെന്‍സര്‍ ചെയ്യാന്‍ സാധിക്കും എന്നാണ്. ട്രെയിലര്‍ ഞങ്ങള്‍ സെന്‍സര്‍ ചെയ്തതാണ്. സിനിമ സെന്‍സര്‍ ചെയ്യാന്‍ കൊടുത്തിട്ടുണ്ട്. ഇങ്ങനെ പറയുന്നു എന്നല്ലാതെ മലയാള സിനിമയെ സംരക്ഷിക്കുക എന്ന തരത്തിലുള്ള നടപടികള്‍ ഒന്നും അവരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. അവര്‍ ഞങ്ങളെയും അവരെയും സഹായിക്കുന്നുണ്ട് എന്നാണ് എനിക്ക് തോന്നുന്നത്. അവര്‍ വലിയ പ്രൊഡക്ഷനാണ് വലിയ കമ്പനിയാണ് അതിന്റെ ഒരു പേടി അവര്‍ക്കുണ്ടാകുമല്ലോ സക്കീര്‍ മഠത്തില്‍ പറയുന്നു.

നിയമോപദേശം

നിയമോപദേശം തേടിയപ്പോള്‍ മനസ്സിലായത് ഒന്നോ രണ്ടോ കൊല്ലം കൊണ്ട് അനുകൂലമായി വിധി വരുമെന്നാണ്. അങ്ങനെ വിധി വന്നിട്ടുണ്ടുമുണ്ട്. കോപ്പി റൈറ്റ് ആക്ട് സിനിമ എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ കുറേ സംഭവങ്ങള്‍ ഇതുപോലെ നടന്നിട്ടുള്ളതായി കാണാം. വലിയ കമ്പനിക്ക് ആനുകൂലമായി ആദ്യം വിധി വരുകയും പടം റിലീസ് ചെയ്യാന്‍ അനുവധിച്ച ശേഷം കേസ് നടക്കുകയുമാണ് ചെയ്യുന്നത്. പിന്നീടാണ് എതിര്‍ കക്ഷിക്ക് അനുകൂലമായി വിധി വന്ന് പല വലിയ പടത്തിന്റെയും പേരുകള്‍ പല സ്ഥലത്ത് നിന്നും മാറ്റേണ്ടി വന്നിട്ടുണ്ട്. സ്റ്റേ വന്നു കഴിഞ്ഞാല്‍ നമ്മുടെ സിനിമ അവിടെ കെട്ടിക്കിടന്ന് ആ പണം മുഴുവന്‍ പോകും അത് തിരിച്ചു പിടിക്കാന്‍ കഴിയില്ല. അങ്ങനെ കുറേ പ്രതിസന്ധികള്‍ ഞങ്ങളുടെ ഭാഗത്ത് നിന്നും ഉണ്ട്. അതുകൊണ്ട് വളരെ ശ്രദ്ധാപൂര്‍വ്വം മാത്രമേ ഈ കേസില്‍ ഇടപെടാന്‍ സാധിക്കൂ. ഞങ്ങള്‍ ഇപ്പോള്‍ ഒരു പ്രതിസന്ധിയിലാണ് ഞങ്ങളെ സഹായിക്കാന്‍ ആരുമില്ലെന്ന് ഒരു തെരുവില്‍ ഇറങ്ങി വിളിച്ചു പറയേണ്ടി വരുന്ന അവസ്ഥയുണ്ടല്ലോ അതാണിപ്പോള്‍ സംഭവിക്കുന്നത്. ഈ വാര്‍ത്ത വരുന്നതിന്റെ താഴെയെല്ലാം ഫാന്‍സുകാര്‍ വന്ന് വളരെ മോശമായ കുറ്റങ്ങളാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. മലയാളം സിനിമ ജയിലര്‍ എന്നത് അവരുടെ പ്രശസ്തി ഉപയോഗിക്കാന്‍ വേണ്ടിയിട്ട് ഞങ്ങള്‍ നടത്തുന്ന സൈക്കോളജിക്കല്‍ മൂവ്‌മെന്റാണ് എന്ന തരത്തിലാണ് കമന്റുകള്‍. ഞങ്ങള്‍ അങ്ങനെയൊരു കാര്യത്തെക്കുറിച്ച് ചിന്തിച്ചിട്ടേയില്ല. ഇതൊന്നും പുറത്തറിയിക്കാതെ നേരിട്ട് സംസാരിച്ച് രമ്യതയിലെത്തിക്കാന്‍ ശ്രമിച്ചതാണ്. അങ്ങോട്ടും ഇങ്ങോട്ടും ഒരു തീരുമാനമായി കഴിഞ്ഞാല്‍ ചിലപ്പോ വാരിസ് സിനിമ തെലുങ്കില്‍ പേര് മാറ്റി റിലീസ് ചെയ്ത പോലെ മാറ്റും എന്നതായിരുന്നു ഞങ്ങളുടെ പ്രതീക്ഷ.

മലയാള സിനിമയില്‍ നിന്നുള്ള ഇടപെടല്‍

ഇത്തരത്തില്‍ ഒരു പ്രശ്‌നം വന്നതിന് ശേഷം നിങ്ങളെപ്പോലുള്ളവര്‍ വിളിക്കുന്നു എന്നല്ലാതെ മലയാള സിനിമ മേഖലയില്‍ നിന്ന് ഒരാള് പോലും വിളിക്കുകയോ പിന്തുണ അറിയിക്കുകയോ ചെയ്തിട്ടില്ല. ഇത്തരത്തിലുള്ള കോര്‍പ്പറേറ്റ് ഇടപെടുലകള്‍ ഉണ്ടാകുമ്പോള്‍ നമ്മളെപ്പോലുള്ള ആളുകള്‍ക്ക് ഇവിടെ സ്‌പേയ്‌സ് ഇല്ലാതെയാവും. ട്രേഡ് മാര്‍ക്കിലും ഞങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് യൂസര്‍ ഡേറ്റ് വച്ച് ഞങ്ങള്‍ക്കാണ് മുന്‍ഗണന. ഒരു ആറ് മാസമോ ഒരു കൊല്ലമോ കഴിഞ്ഞാല്‍ അതിന്റെ അപ്രൂവല്‍ ലഭിക്കും. അത് കിട്ടിക്കഴിഞ്ഞാല്‍ ഇന്ത്യ മുഴുവന്‍ ഞങ്ങള്‍ക്കായിരിക്കും ഈ പേരില്‍ അവകാശം. അവരെ ബ്ലോക്ക് ചെയ്യണം എന്ന് ഞങ്ങള്‍ ആഗ്രഹിച്ചിട്ടില്ല ഞങ്ങളുടെ ആവശ്യം നേടിയെടുക്കണം എന്നേ കരുതിയിട്ടുള്ളൂ. എന്നാല്‍ അവര്‍ ഉദ്ദേശിക്കുന്നത് എന്താണെന്നാല്‍ ഞങ്ങളുടെ പേര് ഇവിടെ ബ്ലോക്ക് ചെയ്യുക അവരെ ഞങ്ങള്‍ ബ്ലോക്ക് ചെയ്യാതെ ഇരിക്കുക എന്നാണ്.

ഇതുവരെ ചിത്രത്തിന്റെ പ്രമോഷനുകള്‍ ഒന്നും ആരംഭിച്ചിട്ടില്ലാത്ത ചിത്രം ഒടിടിയുമായി കരാറായതിന് ശേഷം തുടങ്ങാമെന്നാണ് കരുതിയതെന്നും എന്നാലിപ്പോള്‍ അതിന് വേണ്ടി കാത്തിരിക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും സക്കീര്‍ മഠത്തില്‍ പറയുന്നു. സിനിമ റിലീസ് ചെയ്യുന്ന പ്രൊസസ്സിലൂടെ സഞ്ചരിക്കാനാണ് നിലവിലെ തീരുമാനം. സിനിമ പത്താം തീയതി റിലീസ് ചെയ്യാന്‍ ശ്രമിക്കുകയാണ്. മലയാള സിനിമയാണല്ലോ ജയിലര്‍ അത് കാണാന്‍ മലയാളികള്‍ വരും എന്നാണ് പ്രതീക്ഷയെന്നും സക്കീര്‍ മഠത്തില്‍ കൂട്ടിച്ചേര്‍ത്തു.

സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ജയിലര്‍ ഓഗസ്റ്റ് 10നാണ് തീയേറ്ററുകളില്‍ എത്തുന്നത്. ആദ്യമായി മോഹന്‍ലാല്‍ രജനികാന്തിനൊപ്പം സ്‌ക്രീന്‍ സ്പേസ് ഷെയര്‍ ചെയ്യുന്നെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. രജനിയുടെ 169ആം ചിത്രം കൂടിയാണ് ജയിലര്‍. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജനി ചിത്രത്തില്‍ എത്തുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in