'റാക്കൊരു പ്രേമത്തിൻ വാക്ക്'; ​മോഹൻലാൽ ആലപിച്ച മലെെക്കോട്ടെെ വാലിബനിലെ ​ഗാനം "റാക്ക്"

'റാക്കൊരു പ്രേമത്തിൻ വാക്ക്'; ​മോഹൻലാൽ ആലപിച്ച മലെെക്കോട്ടെെ വാലിബനിലെ ​ഗാനം "റാക്ക്"

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം മലെെക്കോട്ടെെ വാലിബനിലെ "റാക്ക്" എന്ന ​ഗാനം പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. മോഹൻലാൽ ആലപിച്ചിരിക്കുന്ന ​ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് ചിത്രത്തിന്റെ തിരക്കഥാകൃത്തായ പി. എസ്. റഫീഖ് ആണ്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം. ചിത്രം അടുത്ത വർഷം ജനുവരി 25 ന് ലോകമൊട്ടാകെയുള്ള തിയറ്ററുകളിൽ പ്രദർശനത്തിനെത്തും. ചിത്രം നിർമിക്കുന്നത് ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്‍, മാക്സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്നാണ്.

'റാക്ക്' എന്ന ​ഗാനം യാത്രികരുടെ രാത്രി വിശ്രമ കേന്ദ്രത്തിലെ ഒരു ഗാനമാണ് എന്ന് തിരക്കഥാകൃത്തും ​ഗാനത്തിന്റെ രചയിതാവുമായ പി. എസ്. റഫീഖ് പറയുന്നു. ഈ ഗാനത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നത് അത് ലാലേട്ടന്റെ ശബ്ദത്തിൽ പുറത്തു വരുന്നു എന്നുള്ളതാണെന്നും വാലിബനിലെ എല്ലാ പാട്ടുകളും ഒരു പോലെ ഇഷ്ടമാണെങ്കിലും ചില ഗാനങ്ങൾ അവ പിറന്നു വീണ സമയവും അതിന്റെ എഴുത്തിനായുള്ള പ്രയാസവും കാരണം ഒരു പ്രത്യേകത തോന്നുമെന്നും അങ്ങനെ ഒരു ഗാനമാണ് റാക്ക് എന്നും പി. എസ്. റഫീഖ് പറഞ്ഞു.

മമ്മൂക്കയെ എങ്ങനെ ഓണ്‍ സ്‌ക്രീന്‍ കാണണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നുവോ അത് പോലെ ലാലേട്ടന്‍ ചെയ്ത് കാണണമെന്ന് ആഗ്രഹിക്കുന്ന കഥാപാത്രമാണ് 'മലൈക്കോട്ടൈ വാലിബന്‍' എന്നാണ് ചിത്രത്തെക്കുറിച്ചു സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി മുമ്പ് പറഞ്ഞത്. മോഹൻലാലിനൊപ്പമുള്ള യൂഡ്‌ലി ഫിലിംസിന്റെ ആദ്യ പ്രോജക്ട് കൂടിയാണ് ‘മലൈക്കോട്ടൈ വാലിബൻ’.

'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്നു. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി,ഡാനിഷ് സെയ്ത്, രാജീവ് പിള്ളൈ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. രാജസ്ഥാനിലെ ജെയ്സ്ല്മീറില്‍ ജനുവരി പതിനെട്ടിന് ആരംഭിച്ച ചിത്രത്തിന്റെ ഷൂട്ടിംഗ് രാജസ്ഥാന്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളില്‍ ആണ് ചിത്രം പുറത്തിറങ്ങുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in