വീടും കാറും വിറ്റ് ഒരു സിനിമയെടുത്ത നിർമാതാവ് ഇപ്പോൾ വിറകുപുരയിലാണ് താമസിക്കുന്നത് എന്ന നിർമാതാവ് ജി സുരേഷ് കുമാറിന്റെ പ്രസ്സ് മീറ്റിലെ പ്രസ്താവന സോഷ്യൽ മീഡിയയിലാകെ ചർച്ച സൃഷ്ടിച്ചിരുന്നു. അത്രയും വലിയ കടക്കെണിയിലേക്ക് പോയ ആ നിർമാതാവ് ആരെന്ന തിരച്ചിലിന് ഒടുവിൽ സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന സിനിമയുടെ പേരാണ് സോഷ്യൽ മീഡിയയിൽ ആകെ ഉയർന്നത്. ഈ സാഹചര്യത്തിലാണ് അതേ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളറായ ബിനു മണമ്പൂർ ഒരു ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തിയിരിക്കുന്നത്. ഈ സിനിമയിൽ പ്രവർത്തിച്ച തങ്ങൾ ആരുമല്ല നിർമാതാവിനെ ചതിച്ചതെന്നും അവർ വിശ്വസിച്ച് പണം മുടക്കിയ സംവിധായകനാണ് അവരെ ചതിച്ചതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ബിനു പറയുന്നു.
ബിനു മണമ്പൂരിന്റെ പോസ്റ്റ്:
പ്രിയമുള്ളവരേ ഇന്ന് രാവിലെ മുതൽ ഈ പോസ്റ്റ് എല്ലാവരിലും എത്തിക്കാണും. ശ്രീ. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്ത സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ. എന്ന സിനിമ. പേര് പറയാതെ എല്ലാവർക്കും മനസ്സിലായി.
ഇനി കാര്യത്തിലേക്കുവരാം, ഈ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ ഞാൻ ആയിരുന്നു. ഇന്നലെ പ്രൊഡ്യൂസർ അസോസിയേഷൻ ഭാരവാഹിയായ ശ്രീ. സുരേഷ് കുമാർ സാർ പറഞ്ഞതിന്റെ വീഡിയോ എല്ലാവരും കണ്ടതാണല്ലോ. അദ്ദേഹം പറഞ്ഞത് വളരെ സത്യസന്ധമായ കാര്യമാണ്. പക്ഷെ ആ പോസ്റ്റിന് വന്ന എല്ലാ കമന്റുകളും ഞാൻ വായിച്ചു. 4 കോടി പറഞ്ഞിട്ട് 20 കോടിയിൽ എത്തിയെങ്കിൽ എല്ലാവരും കൂടി ആ പ്രൊഡ്യൂസറെ പറ്റിച്ചു എന്നാണ്. ആ പറ്റിച്ചവരിൽ ഞാനും ഉൾപ്പെടുമല്ലോ. അതുകൊണ്ടാണ് ഇത് പറയുന്നത്. പ്രിയ പ്രൊഡ്യൂസർമാരായ ശ്രീ. ഇമ്മാനുവൽ & അജിത് തലപ്പിള്ളി നിങ്ങളെ ഞാനോ നിങ്ങടെ സിനിമയിൽ എന്നോടൊപ്പം വർക്ക് ചെയ്‌ത മറ്റ് ടെക്നീഷ്യൻമാരോ. ഇതിൽ അഭിനയിച്ച രാജേഷ് മാധവൻ ഉൾപ്പെടെയുള്ള അഭിനേതാക്കളോ ആരും തന്നെ നിങ്ങളെ ചതിച്ചിട്ടില്ല. നിങ്ങളെ ചതിച്ചത് നിങ്ങൾ വിശ്വസിച്ച് കോടികൾ മുടക്കിയ നിങ്ങളുടെ സംവിധായകൻ മാത്രമാണ്. അത് രാകേഷ്ണ്ണനും അറിയാം. ഇമ്മാനുവലേട്ടൻ ഒരു ദിവസം രാകേഷ്ണ്ണന്റെ ഒപ്പമിരുന്നു എന്നെ ഫോൺ വിളിച്ചപ്പോൾ പറഞ്ഞതാണല്ലോ ഈ കാര്യം. ഏതായാലും 4 കോടി പറഞ്ഞിട്ട് 20 കോടിവരെ എത്തിയിട്ടും ഈ സിനിമ നിങ്ങൾ തിയേറ്ററിൽ എത്തിച്ചല്ലോ. അഭിനന്ദനങ്ങൾ. സ്നേഹം.
ഇനിയാണ് ക്ലൈമാക്സ്. ഇന്നലത്തെ പത്ര സമ്മേളനത്തിൽ ശ്രീ. സുരേഷ്‌കുമാർ സാർ പറയുകയുണ്ടായി ഇതുപോലുള്ള സംവിധായകനെ വച്ചു സിനിമ ചെയ്ത പ്രൊഡ്യൂസർ പിച്ച ചട്ടി എടുത്തെന്നു. അതേ പ്രൊഡ്യൂസർ അസോസിയേഷനിലുള്ള പ്രൊഡ്യൂസർ ശ്രീ ലിസ്റ്റിൻ സ്റ്റീഫൻ. കുഞ്ചാക്കോ ബോബനെ നായകനാക്കി ശ്രീ. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോൾ. പ്രിയപ്പെട്ട സുരേഷ് സാർ. ഞങ്ങൾ എന്താ പറയേണ്ടത്. ഇമ്മാനുവൽ ചേട്ടാ. അജിത്തേട്ടാ.
നിങ്ങളുടെ സിനിമ പോലും എനിക്ക് കിട്ടില്ലായിരുക്കും. എന്നാലും ഇത്രേം പറയാതിരിക്കാൻ പറ്റില്ല. നമ്മൾ എല്ലാവരും മനുഷ്യരല്ലേ