'നാളത്തെ സുപ്രഭാതത്തിൽ അഭിനയം നിർത്തിയാലും ലോകസിനിമ കണ്ട മികച്ച നടന്മാരായിട്ടായിരിക്കും അവരെ ഓർക്കുക': പൃഥ്വിരാജ് സുകുമാരൻ

'നാളത്തെ സുപ്രഭാതത്തിൽ അഭിനയം നിർത്തിയാലും ലോകസിനിമ കണ്ട മികച്ച നടന്മാരായിട്ടായിരിക്കും അവരെ ഓർക്കുക': പൃഥ്വിരാജ് സുകുമാരൻ
Published on

നാളത്തെ സുപ്രഭാതത്തിൽ അഭിനയം നിർത്തിയാലും മികച്ച നടന്മാരായിട്ടായിരിക്കും മോഹൻലാലിനെയും മമ്മൂട്ടിയെയും ചരിത്രത്തിൽ ഓർക്കുകയെന്ന് പൃഥ്വിരാജ് സുകുമാരൻ. തനിക്ക് മാത്രമല്ല, ഒരു ഇൻഡസ്ട്രി എന്ന നിലയിൽ ഞങ്ങൾക്ക് എല്ലാവർക്കും അഭിമാനമാണ് മമ്മൂക്കയും ലാലേട്ടനും. അതിർവരമ്പുകളെ പൊളിച്ച് അവർ പുതിയതായി രൂപപ്പെടുത്തുന്ന നിലവാരം എന്നത് എല്ലാക്കാലത്തും പുതിയ നടന്മാർക്ക് ലക്‌ഷ്യം വെയ്ക്കാൻ കഴിയുന്നതാണ്. അവർക്ക് ഇനി ഒന്നും തെളിയിക്കാനില്ല. ദീർഘകാലം സിനിമയിൽ നിൽക്കുന്നു എന്നതുകൊണ്ടല്ല ഞാനിത് പറയുന്നത്. ഇന്നും അവർ ഒരു കഥാപാത്രത്തിന് വേണ്ടി ആലോചിക്കുന്നതും അടുത്ത കഥാപാത്രത്തിലേക്ക് പോകുന്നതുമെല്ലാം അത്ഭുതകരമാണ്. തനിക്കും പ്രായമാകുമ്പോൾ അവരുടെ ഊർജ്ജവും പരീക്ഷണങ്ങൾ നടത്താനുള്ള ആവേശവും ഉണ്ടാകണമെന്നാണ് ആഗ്രഹമെന്ന് പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ പൃഥ്വിരാജ് സുകുമാരൻ പറഞ്ഞു. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ മാർച്ച് 27 നാണ് തിയറ്ററുകളിലെത്തുന്നത്.

പൃഥ്വിരാജ് പറഞ്ഞത്:

ലൂസിഫർ റിലീസാകുന്ന സമയത്ത് മമ്മൂട്ടി സാറാണ് ചിത്രത്തിന്റെ ആദ്യ ടീസർ അദ്ദേഹത്തിന്റെ ഓൺലൈൻ പേജിലൂടെ പുറത്തുവിടുന്നത്. എനിക്ക് മാത്രമല്ല ഒരു ഇൻഡസ്ട്രി എന്ന നിലയിൽ ഞങ്ങൾക്ക് എല്ലാവർക്കും അഭിമാനമാണ് മമ്മൂക്കയും ലാലേട്ടനും. ഇന്നും അതിർവരമ്പുകളെ പൊളിക്കുന്ന കാര്യങ്ങളാണ് അവർ ചെയ്തുകൊണ്ടിരിക്കുന്നത്. അഭിനേതാക്കൾ എന്ന നിലയിൽ ഇവർ രൂപപ്പെടുത്തിയ ഒരു നിലവാരമുണ്ട്. അതിലേക്ക് ഞങ്ങൾക്ക് എത്താൻ കഴിയില്ലായിരിക്കാം. പക്ഷെ അങ്ങനെ ഒന്ന് ലക്ഷ്യം വെക്കാൻ ഞങ്ങൾക്കുണ്ടാകും. അതും അവർ കാരണം തന്നെയാണ്. ഗംഭീരമാണ് രണ്ടുപേരും. ഇത്രയും കാലം സിനിമയിൽ നിലനില്‌ക്കുന്നതുകൊണ്ടല്ല അത് പറയുന്നത്. അവർ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങളുടെയും അതിന് വേണ്ടി എടുത്തിട്ടുള്ള പ്രയത്നങ്ങളും വെച്ചാണ് പറയുന്നത്. അവർക്ക് ഇനി ഒന്നും തെളിയിക്കാനില്ല. അടുത്ത സുപ്രഭാതത്തിൽ അവർ അഭിനയം നിർത്തിയാലും ലോകസിനിമ കണ്ട ചരിത്രത്തിലെ ഏറ്റവും മികച്ച അഭിനേതാക്കൾ എന്ന നിലയിൽ തന്നെയായിരിക്കും അവരെ ഓർക്കുക. പക്ഷെ ഒരു കാര്യത്തിൽ എനിക്ക് ഉറപ്പ് തരാൻ കഴിയും, ഇന്നും അവർ ഒരു കഥാപാത്രത്തെ കുറിച്ച് ആലോചിക്കുന്നതും അടുത്തതിലേക്ക് പോകുന്നതും എല്ലാം അത്ഭുതകരമാണ്. ഇപ്പോഴത്തെ അവരുടെ പ്രായത്തിലേക്ക് നാളെ ഞാനും എത്തുമ്പോൾ എനിക്കും ആ ശക്തിയും പരീക്ഷണങ്ങൾ നടത്താനുള്ള ആർജ്ജവവും വേണമെന്നാണ് ആഗ്രഹം.

Related Stories

No stories found.
logo
The Cue
www.thecue.in