'ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട'; റോഷൻ മാത്യു-നിമിഷ സജയൻ പ്രധാന വേഷത്തിലെത്തുന്ന ക്രെെം സിരീസ് 'പോച്ചർ' ട്രെയ്ലർ

'ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട'; റോഷൻ മാത്യു-നിമിഷ സജയൻ പ്രധാന വേഷത്തിലെത്തുന്ന ക്രെെം സിരീസ് 'പോച്ചർ' ട്രെയ്ലർ

ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയ്ക്കുറിച്ചുള്ള സിരീസുമായി ആമസോൺ പ്രെെം വീഡിയോ. എമ്മി അവാർഡ് ജേതാവായ ചലച്ചിത്ര നിർമ്മാതാവ് റിച്ചി മേത്തയുടെ സംവിധാനത്തിൽ നിമിഷ സജയനും റോഷൻ മാത്യുവും ഒന്നിക്കുന്ന ആമസോൺ ഒറിജിനൽ ക്രൈം സീരീസ് 'പോച്ചറിന്റെ' ട്രെയ്ലർ അണിയറ പ്രവർത്തകർ പുറത്തു വിട്ടു. ആനകളെ നിഷ്‌കരുണം, നിരന്തരമായി കൊല്ലുന്ന ഹൃദയഭേദകമായ യാഥാർത്ഥ്യത്തിലേക്കുള്ള ഒരു നേർക്കാഴ്ചയാണ് സിരീസിന്റെ ട്രെയ്ലർ നൽകുന്നത്. ജോർദാൻ പീലെയുടെ ഗെറ്റ് ഔട്ട്, സ്പൈക്ക് ലീയുടെ ബ്ലാക്ക്‌ക്ലാൻസ്മാൻ തുടങ്ങിയ ഫീച്ചർ ഫിലിം ഹിറ്റുകൾ സമ്മാനിച്ച ഓസ്‌കാർ ജേതാവായ പ്രൊഡക്ഷൻ ആൻഡ് ഫിനാൻസ് കമ്പനിയായ ക്യുസി എൻ്റർടൈൻമെൻ്റ് ആണ് സിരീസിന്റെ നിർമാതാക്കൾ. നടിയും നിർമാതാവുമായ ആലിയ ഭട്ടാണ് സിരീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

നെറ്റ്ഫ്ലിക്സിൽ ഏറെ ശ്രദ്ധ നേടിയ ഡൽഹി ക്രെെമിന് ശേഷം സംവിധാനം ചെയ്യുന്ന സീരിസാണ് 'പോച്ചർ'. റിച്ചി മേത്ത തന്നെ തിരക്കഥ എഴുതിയിരിക്കുന്ന സിരീസിന് എട്ട് ഭാഗങ്ങളായാണ് എത്തുന്നത്. കോടതി രേഖകളുടെയും സാക്ഷ്യപത്രങ്ങളുടെയും അടിസ്ഥാനത്തിൽ, കേരളത്തിലെ നിബിഡ വനങ്ങളിലും ഡൽഹിയിലെ കോൺക്രീറ്റ് കാടുകളിലും നടന്ന സംഭവങ്ങളുടെ ഫിക്ഷണൽ ആവിഷ്കാരമാണ് പോച്ചർ. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർമാർ, വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയിലെ എൻജിഒ പ്രവർത്തകർ, പോലീസ് കോൺസ്റ്റബിൾമാർ, ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ട സംഘത്തെക്കുറിച്ച് അന്വേഷിക്കാൻ ജീവൻ പണയപ്പെടുത്തിയ സമരക്കാര്‍ എന്നിവർ നൽകിയ മഹത്തായ സംഭാവനകളെ ഈ പരമ്പര അടയാളപ്പെടുത്തും എന്ന് അണിയറ പ്രവർത്തകർ പറയുന്നു.

കഥയുടെ ആധികാരികതയ്ക്കായി കേരളത്തിലും ന്യൂഡൽഹിയിലുമായി യഥാർത്ഥ ജീവിത പശ്ചാത്തലത്തിലാണ് 'പോച്ചർ' ചിത്രീകരിച്ചിരിക്കുന്നത്. ക്യൂസി എന്റർടൈൻമെന്റിന്റെ എഡ്വേർഡ് എച്ച്. ഹാം ജൂനിയർ, റെയ്മണ്ട് മാൻസ്ഫീൽഡ്, സീൻ മക്കിറ്റ്രിക് എന്നിവർ സ്യൂട്ടബിൾ പിക്ചേഴ്സ്, പൂർ മാൻസ് പ്രൊഡക്ഷൻസ്, എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസ് എന്നിവയുമായി സഹകരിച്ച് നിർമ്മിച്ചതാണ് പോച്ചർ. അലൻ മക്അലക്സ് (സ്യൂട്ടബിൾ ബോയ്) സ്യൂട്ടബിൾ പിക്ചേഴ്സിന്റെ നിർമ്മാതാവായി പ്രവർത്തിക്കുന്നു. ഫോട്ടോഗ്രാഫി ഡയറക്ടർ ജോഹാൻ എയ്ഡ്, സംഗീതസംവിധായകൻ ആൻഡ്രൂ ലോക്കിംഗ്ടൺ, എഡിറ്റർ ബെവർലി മിൽസ് എന്നിവരും മുമ്പ് ഡൽഹി ക്രൈമിൽ എന്ന സിരീസിൽ പ്രവർത്തിച്ചിട്ടുള്ളവരാണ്. ഫെബ്രുവരി 23ന് ഇന്ത്യയിലും ലോകമെമ്പാടുമുള്ള 240-ലധികം രാജ്യങ്ങളിലുമായി മലയാളം, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലായി പ്രൈം വീഡിയോ പോച്ചർ പ്രീമിയർ ചെയ്യും. ഒപ്പം 35+ ഭാഷകളിൽ സബ്‌ടൈറ്റിലുകൾ ഉണ്ടായിരിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in