ബറോസ് കണ്ടവരെല്ലാം ചിത്രം ആസ്വദിച്ചു, പലരും സിനിമ കാണാതെയാണ് വിമർശിക്കുന്നത്: മോഹൻലാൽ

ബറോസ് കണ്ടവരെല്ലാം ചിത്രം ആസ്വദിച്ചു, പലരും സിനിമ കാണാതെയാണ് വിമർശിക്കുന്നത്: മോഹൻലാൽ
Published on

ബറോസ് എന്ന ചിത്രം കാണാത്തവരാണ് അതിനെ വിമർശിക്കുന്നതെന്ന് നടൻ മോഹൻലാൽ. പ്രേക്ഷക പ്രതികരണങ്ങൾ തനിക്ക് സ്വീകാര്യമാണെന്നും എന്നാൽ പലരും സിനിമ കാണാതെയാണ് അതിനെ വിമർശിക്കുന്നതെന്നും മോഹൻലാൽ പറയുന്നു. എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്യുകയാണെങ്കിൽ അത് കുട്ടികൾക്ക് വേണ്ടിയിട്ടുള്ള ചിത്രമായിരിക്കുമെന്ന് താൻ മുമ്പേ തന്നെ പറഞ്ഞിട്ടുള്ള കാര്യമാണെന്നും അത് അങ്ങനെ തന്നെ സംഭവിച്ചു എന്നും മോഹൻലാൽ ദ ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മോഹൻലാൽ പറഞ്ഞത്:

ഏതോ അദൃശ്യ ശക്തികൾ എന്നെ സഹായിച്ചതുകൊണ്ട് മാത്രമാണ് ഞാൻ ബറോസ് സംവിധാനം ചെയ്തത്. ജീവിതത്തിൽ ഞാൻ ഒന്നും പ്ലാൻ ചെയ്യാറില്ല. എല്ലാം സംഭവിച്ചു പോകുന്നതാണ്. അങ്ങനെ തന്നെയാണ് സംവിധായകൻ ആയതും. വർഷങ്ങൾക്ക് മുന്നേ ഞാൻ പറഞ്ഞിരുന്നത് എന്നെങ്കിലും ഒരു സിനിമ സംവിധാനം ചെയ്താൽ അതൊരു കുട്ടികളുടെ ചിത്രമായിരിക്കും എന്നാണ്. അതുപോലെ തന്നെ സംഭവിച്ചു.

ബറോസ് കണ്ടവരെല്ലാം ചിത്രം ആസ്വദിച്ചു. എന്നാൽ, ഇതുവരെ സിനിമ കണ്ടിട്ടുപോലുമില്ലാത്ത ആളുകളാണ് വിമർശിക്കുന്നത്. എനിക്ക് പ്രേക്ഷകരുടെ പ്രതികരണങ്ങൾ ഇഷ്ടമാണ്. ഞാൻ അത് സ്വീകരിക്കുന്നു. ഒരു സിനിമയെ വിമർശിക്കുമ്പോൾ നിങ്ങൾക്ക് അതിനെ കുറിച്ച് കൃത്യമായ ധാരണ ഉണ്ടായിരിക്കണം. ബറോസിനെയും സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ടെക്നൊളജിയേയും ഹോളിവുഡ് സിനിമകളുമായി താരതമ്യം ചെയ്യാമെന്ന് ഞാൻ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല. വ്യത്യസ്തമായ ഒരു സിനിമ ചെയ്യാനുള്ള എന്റെയും എന്റെ ടീമിന്റെയും എളിയ ശ്രമം മാത്രമാണ് ബറോസ്.

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ബറോസ് - ഗാർഡിയൻ ഓഫ് ട്രെഷേഴ്സ്. 3D യിൽ പുറത്തിറങ്ങിയ ചിത്രം ഫാന്റസി പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്. വാസ്‌കോഡി ഗാമയുടെ നിധിസൂക്ഷിപ്പുകാരനായ 400 കൊല്ലം പഴക്കമുള്ളൊരു ഭൂതമായാണ് മോഹൻലാലിന്റെ കഥാപാത്രം എത്തുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ റിലീസ് എന്ന നിലയിലാണ് ബറോസ് ഒരുങ്ങിയത്. എന്നാൽ ക്രിസ്മസ് ദിന റിലീസായ തിയറ്ററുകളിലെത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബറോസ് നിർമ്മിച്ചത്. ചിത്രത്തിന്റെ ഛായാഗ്രഹണം സന്തോഷ് ശിവനും എഡിറ്റിങ് ശ്രീകര്‍ പ്രസാദും ആണ് നിർവഹിച്ചിരിക്കുന്നത്. ലിഡിയന്‍ നാദസ്വരം ആണ് ബാറോസിന്റെ സംഗീതസംവിധാനം.

Related Stories

No stories found.
logo
The Cue
www.thecue.in