'പാർവതി സംസാരിച്ചത് നിങ്ങൾക്ക് വേണ്ടി'; എനിക്ക് വേണ്ടി ആരും സംസാരിക്കേണ്ടെന്ന് രചന

'പാർവതി സംസാരിച്ചത് നിങ്ങൾക്ക് വേണ്ടി'; എനിക്ക് വേണ്ടി ആരും സംസാരിക്കേണ്ടെന്ന് രചന

താര സംഘടനയായ അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഭരണസമിതി അംഗങ്ങളായ വനിതാ താരങ്ങൾക്ക് വേദിയിൽ ഇരിപ്പിടം നൽകിയില്ലെന്ന വിവാദം സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ് . വിഷയത്തിൽ എക്സിക്യൂട്ടീവ് അംഗമായ രചന നാരായണൻകുട്ടി ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം അറിയിച്ചത്. വിമർശന ബുദ്ധിയൊക്കെ നല്ലതാണെന്നും എന്നാൽ ഉചിതമായ കാര്യത്തിനാണോ എന്നൊന്ന് ചിന്തിക്കുന്നതിൽ തെറ്റില്ലെന്നുമായിരുന്നു ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ താരം വ്യക്തമാക്കിയത്. എന്നാൽ പാർവതി നിങ്ങൾക്ക് വേണ്ടിയാണ് സംസാരിച്ചതെന്നും അത് ഒരിക്കൽ മനസ്സിലാകുമെന്നും രചനയുടെ പോസ്റ്റിനു ഒരാൾ കമന്റു ചെയ്തിരുന്നു. എനിക്ക് വേണ്ടി ആരും സംസാരിക്കേണ്ടെന്നും ഇത് എന്റെ ശബ്ദമാണെന്നുമായിരുന്നു രചന കമന്റിന് നൽകിയ മറുപടി.

സ്ത്രീകൾ എന്ന നിലയിൽ ഒരു വിവേചനവും അമ്മയിൽ ഇല്ലെന്നും അമ്മ എല്ലാ അംഗങ്ങളെയും ഒരുപോലെയാണ് കാണുന്നതെന്നുമാണ് വിഷയത്തിൽ എക്സിക്ക്യൂട്ടീവ് അംഗമായ ഹണി റോസ് പ്രതികരിച്ചത്. താര സംഘടനയായ അമ്മയുടെ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനവേദിയില്‍ നിന്നും ആരെയും മാറ്റി നിർത്തിയിട്ടില്ലെന്നും അംഗങ്ങളെ തമ്മിലടിപ്പിക്കാനും അനാവശ്യമായ പ്രശ്നങ്ങൾ ഉണ്ടാക്കാനുമാണ് ചിലർ ശ്രമിക്കുന്നതെന്ന് നടൻ അജു വർഗീസും പറഞ്ഞു.

അമ്മയുടെ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ഭരണ സമിതിയിലെ അംഗങ്ങാളായ വനിതാ താരങ്ങൾ നിൽക്കുകയും പുരുഷന്മാർ വേദിയിൽ ഇരിക്കുകയും ചെയ്യുന്ന ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് വിവാദമായത്. ഇതിനെ തുടർന്ന് അമ്മയിലെ പല താരങ്ങളും എക്സിക്ക്യൂട്ടീവ് അംഗങ്ങളായ വനിതാ താരങ്ങൾ ഇരിക്കുന്നതും പുരുഷ താരങ്ങൾ നിൽക്കുന്നതായുമായുള്ള ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in