'കഥ കേട്ട് അദ്ദേഹത്തോട് ഞാൻ ചോദിച്ചു ഇത് വേറെയാളെ വച്ച് ചിന്തിച്ചുകൂടെ ?' ; അഞ്ചാം പാതിരയുമായി ഓസ്‌ലറിന് ഒരു ബന്ധവുമില്ലെന്ന് ജയറാം

'കഥ കേട്ട് അദ്ദേഹത്തോട് ഞാൻ ചോദിച്ചു ഇത് വേറെയാളെ വച്ച് ചിന്തിച്ചുകൂടെ ?' ; അഞ്ചാം പാതിരയുമായി ഓസ്‌ലറിന് ഒരു ബന്ധവുമില്ലെന്ന് ജയറാം

അഞ്ചാം പാതിര എന്ന ചിത്രത്തിന് ശേഷം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത് ജയറാം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'അബ്രഹാം ഓസ്ലർ'. അഞ്ചാം പാതിര എന്ന സിനിമയുമായി യാതൊരു ബന്ധവും ഓസ്‌ലറിനില്ലെന്ന് നടൻ ജയറാം. ഒരു സിനിമ പോലെ മറ്റൊരു സിനിമ വരരുതെന്ന് ആഗ്രഹിക്കുന്ന സംവിധായകനാണ് മിഥുൻ മാനുൽ തോമസ്. അതുകൊണ്ട് തുടക്കത്തിലേ അഞ്ചാം പാതിര പോലെയൊരു സിനിമ വേണ്ടെന്ന് വച്ചിട്ട് പുതിയൊരു കഥയിലേക്കാണ് അദ്ദേഹം വന്നതെന്ന് ജയറാം ക്യു സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. അബ്രഹാം ഓസ്‌ലറിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് ഡോക്ടര്‍ രണ്‍ധീര്‍ കൃഷ്ണനാണ്. ചിത്രം ജനുവരി 11 ന് തിയറ്ററുകളിലെത്തും.

ജയറാം പറഞ്ഞത് :

അഞ്ചാം പാതിര വേറെയൊരു സിനിമയാണ് അതുമായി യാതൊരു ബന്ധവും ഓസ്‌ലറിനില്ല. ഒരു സിനിമ പോലെ മറ്റൊരു സിനിമ വരരുതെന്ന് ആഗ്രഹിക്കുന്ന സംവിധായകനാണ് മിഥുൻ മാനുൽ തോമസ്. അതുകൊണ്ട് തുടക്കത്തിലേ അഞ്ചാം പാതിര പോലെയൊരു സിനിമ വേണ്ടെന്ന് വച്ചിട്ട് പുതിയൊരു കഥയിലേക്കാണ് അദ്ദേഹം വന്നത്. ഒരു ദിവസം എന്നെ വിളിച്ച് കഥ പറയണമെന്ന് പറയുന്നു അങ്ങനെ ഞാൻ കഥ കേട്ടു. ആക്ഷൻ പടമാണോ ഇതെന്ന് ഞാൻ ചോദിച്ചു. അല്ല മെഡിക്കൽ ത്രില്ലറാണ് തിരക്കഥയെഴുതിയിരിക്കുന്നത് വയനാട്ടിലെ കൃഷ്ണാ എന്നയാളാണ്, ഡോക്ടർ ആണ് അദ്ദേഹം എന്ന് പറഞ്ഞു. ഫുൾ കഥ കേട്ട് ആദ്യം അദ്ദേഹത്തോട് ഞാൻ ചോദിച്ചത് വേറെ ആളെ വച്ച് ചിന്തിച്ചുകൂടെ എന്നാണ്. എന്റെ മനസ്സിലെ അബ്രഹാം ഓസ്‌ലർ ജയറാമാണെന്നും നിങ്ങൾക്ക് ഇത് ചെയ്യാൻ പറ്റുമോയെന്ന് മിഥുൻ എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു 100 ശതമാനം. രൂപം എങ്ങനെ ഇരിക്കണം, എത്ര നര വേണം, നടത്തത്തിൽ വ്യത്യാസം വേണം എന്നുള്ളത് അദ്ദേഹം പറഞ്ഞു. പത്മരാജൻ സാറിന്റെ സിനിമയിൽ പോയി ഇരുന്ന പോലെ ആദ്യത്തെ സിനിമ പോലെ വന്നിരുന്നു തരാം എന്താണ് നിങ്ങൾ പറയുന്നത് അത് ഞാൻ ചെയ്ത് തരാം. അങ്ങനെ ഞാൻ ആദ്യത്തെ ദിവസം പോയി ഇരുന്ന രൂപമാണ് ഇത്. അതിൽ 90 ശതമാനം ഓക്കെ എന്ന് പറഞ്ഞു 10 ശതമാനം അദ്ദേഹം പറഞ്ഞു തന്നത് അനുസരിച്ച് ഫസ്റ്റ് ഡേ തന്നെ കറക്റ്റ് ചെയ്തു. പിന്നെ 52 ദിവസവും അദ്ദേഹത്തിന് പറഞ്ഞുതരേണ്ടി വന്നിട്ടില്ല അത് തന്നെ ഫോളോ ചെയ്ത് പോയി.

ചിത്രത്തിന്റെ ട്രെയ്‌ലർ അണിയറപ്രവർത്തകർ മുൻപ് പുറത്തുവിട്ടിരുന്നു. ജയിലിൽ സ്ഥിരം സന്ദർശകനായെത്തുന്ന എബ്രഹാം ഓസ്ലർ എന്ന കഥാപാത്രമായാണ് ട്രെയിലർ ജയറാമിനെ പരിചയപ്പെടുത്തുന്നത്. ട്രെയിലറിന്റെ അവസാന ഭാ​ഗത്ത് ഡവിൾസ് ഓൾട്ടർനറ്റീവ് എന്ന് മമ്മൂട്ടിയുടെ ശബ്ദത്തിൽ കേൾക്കാനാകും. സിനിമയിൽ സുപ്രധാന റോളിൽ മമ്മൂട്ടിയുമുണ്ടെന്ന് വാർത്തകൾ വന്നിരുന്നു. നേരമ്പോക്കിന്റെ ബാനറില്‍ മിഥുൻ മാനുവൽ തോമസും, ഇര്‍ഷാദ് എം ഹസനും ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. അര്‍ജുന്‍ അശോകന്‍, ജഗദീഷ്, സായ് കുമാര്‍, ദിലീഷ് പോത്തന്‍, അനശ്വരരാജന്‍, സെന്തില്‍ കൃഷ്ണ ആര്യ സലിം, അര്‍ജുന്‍ നന്ദകുമാര്‍, അസീം ജമാല്‍, എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലുണ്ട്.

തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. മിഥുന്‍ മുകുന്ദനാണ് ചിത്രത്തിന് സംഗീതം ഒരുക്കുക. സൈജു ശ്രീധരന്‍ എഡിറ്റിംഗും ഗോകുല്‍ ദാസ് കലാസംവിധാനവും നിര്‍വഹിക്കുന്നു. ആന്റോ ജോസഫാണ് ചിത്രം തിയറ്ററുകളിലെത്തിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in