
മലയാളം ഇൻഡസ്ട്രിയെ പാൻ ഇന്ത്യൻ തലത്തിൽ എത്തിച്ച സിനിമയാണ് 'ദൃശ്യം' എന്ന് മോഹൻലാൽ. ആറ് വർഷത്തിന് ശേഷം ദൃശ്യം 2 ആലോചിച്ചപ്പോഴാണ് കോവിഡ് വന്നത്. ദൃശ്യം 2 മലയാള സിനിമക്ക് മുന്നിൽ തുറന്ന് നൽകിയത് വലിയ വാതിലുകളാണ്. ലോകമെങ്ങുമുള്ള പ്രേക്ഷകർ ദൃശ്യം 2 കണ്ടു. ലൂസിഫർ ഷൂട്ടിന് താൻ ഗുജറാത്തിലെത്തിയപ്പോൾ ഫ്ലൈറ്റിൽ മോഹൻലാൽ അല്ലേ, ദൃശ്യം കണ്ടിട്ടുണ്ട് എന്നൊക്കെ ഗുജറാത്തികൾ തന്നോട് വന്നു സംസാരിച്ചു. ദൃശ്യം കണ്ടതിന് ശേഷം നിരവധി പേരാണ് മലയാളം സിനിമ കാണാൻ ആരംഭിച്ചത്. ദൃശ്യം 3 ചെയ്യാൻ പദ്ധതിയുണ്ടെന്ന് മോഹൻലാൽ ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ബറോസ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു നടൻ. 2013 ൽ റിലീസായ ക്രൈം ത്രില്ലർ ചിത്രം ദൃശ്യം വമ്പൻ ഹിറ്റായതിന് പിന്നാലെ അന്യഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒടിടി റിലീസായാണ് എത്തിയത്.
മോഹൻലാൽ പറഞ്ഞത്:
ഷൂട്ട് ചെയ്യുന്നതിന് 5 വർഷം മുൻപ് തന്നെ ജിത്തു ജോസെഫിന്റെ കയ്യിൽ ദൃശ്യത്തിന്റെ സ്ക്രിപ്റ്റ് ഉണ്ടായിരുന്നു. ഒരുപാട് പേരുടെ അടുത്ത് അദ്ദേഹം കഥ പറഞ്ഞിട്ടുണ്ട്. പക്ഷെ അവരൊന്നും അത് ചെയ്യാൻ സമ്മതിച്ചില്ല. ആന്റണി പെരുമ്പാവൂരാണ് സിനിമയുടെ കഥ കേൾക്കാമോ എന്ന് ചോദിച്ചത്. സ്ക്രിപ്റ്റ് വായിച്ചപ്പോൾ അതിശയം തോന്നി. ഒരു സിനിമ ഹിറ്റാകണമെങ്കിൽ അതിൽ എന്തെങ്കിലും ഉണ്ടാകണമല്ലോ. സിനിമയിൽ നിന്ന് പ്രേക്ഷകന് എന്തെങ്കിലും തിരിച്ചുകൊണ്ടുപോകാൻ കഴിയണം. അതൊരു പാട്ടോ സീക്വൻസോ ആയിരിക്കാം. ഈ സിനിമയിൽ ആ കുടുംബത്തിന്റെ മുഴുവൻ സ്നേഹമായിരുന്നു കീ പോയിന്റ്. 6 വർഷങ്ങൾക്ക് ശേഷം ദൃശ്യം 2 പ്ലാൻ ചെയ്തപ്പോൾ കൊവിഡ് വന്നു. ദൃശ്യവും കൊവിഡും മലയാളം ഇൻഡസ്ട്രിക്ക് തന്നെ വലിയ ഒരു കാര്യം ചെയ്തു. ലോകത്തിന്റെ പല ഭാഗത്തുള്ളവർ ദൃശ്യം 2 എന്ന സിനിമ കണ്ടു. ഗുജറാത്തിലേക്ക് ഷൂട്ടിന് പോകുമ്പോൾ ഫ്‌ളൈറ്റിൽ ആളുകൾ എന്നെ കണ്ടു തിരിച്ചറിയുന്നതിനൊപ്പം പറയുന്ന പേര് ദൃശ്യമാണ്. മലയാളത്തിന് ഒരു പാൻ ഇന്ത്യൻ ഓഡിയൻസിനെ കൊണ്ടുവന്ന സിനിമയാണ് ദൃശ്യം. 'ദൃശ്യം 3' ചെയ്യാനുള്ള പ്ലാനിലാണ് ഞങ്ങളിപ്പോൾ.