പ്രേക്ഷകരെ വിലകുറച്ച് കാണാന്‍ തുടങ്ങുന്ന ദിവസം എന്റെ പതനം ആരംഭിക്കും: നവാസുദ്ദീന്‍ സിദ്ദിഖി

പ്രേക്ഷകരെ വിലകുറച്ച് കാണാന്‍ തുടങ്ങുന്ന ദിവസം എന്റെ പതനം ആരംഭിക്കും: നവാസുദ്ദീന്‍ സിദ്ദിഖി

പ്രേക്ഷകരെ നിസ്സാരമായി കാണാന്‍ തുടങ്ങുന്ന ദിവസം എന്റെ പതനം ആരംഭിക്കുമെന്ന് ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദിഖി. താന്‍ ഒരിക്കലും പ്രേക്ഷകരെ നിസ്സാരമായി കാണാറില്ല. അതിനാല്‍ ഒരോ കഥാപാത്രം വരുമ്പോഴും അതില്‍ ''കൂടുതല്‍ എന്തെങ്കിലും'' നടനെന്ന നിലയില്‍ ചെയ്യാനുണ്ടോ എന്ന് നോക്കാറുണ്ടെന്നും നവാസുദ്ദീന്‍ സിദ്ദിക്കി പറഞ്ഞു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.

'നമുക്ക് കിട്ടുന്ന കഥാപാത്രങ്ങള്‍ എത്രത്തോളം ചലഞ്ചിങ്ങ് ആക്കണമെന്നത് നമ്മള്‍ തന്നെയാണ് തീരുമാനിക്കേണ്ടത്. അത്തരത്തിലാണ് ഓരോ കഥാപാത്രത്തെയും നമ്മള്‍ കാണുന്നതെങ്കില്‍ ഒരു നടന്നെന്ന നിലയിലുള്ള ആകാംഷ എന്നും നമ്മളില്‍ ഉണ്ടാകും. എന്നാല്‍ മികച്ച നടനായതുകൊണ്ട് പ്രേക്ഷകര്‍ നമ്മള്‍ എന്ത് ചെയ്താലും സ്നേഹിക്കുമെന്ന് കരുതിയാല്‍ അത് നമ്മുടെ പതനം അവിടെ ആരംഭിക്കുമെന്നും' സിദ്ധിഖി കൂട്ടിച്ചേര്‍ത്തു.

'ഒരു ക്രിക്കറ്റര്‍ അയാളുടെ ആദ്യ മാച്ചില്‍ സെഞ്ച്വറി അടിച്ചെന്ന് കരുതി അയാളുടെ അടുത്ത മാച്ച് അയാള്‍ക്ക് നൂറില്‍ നിന്ന് തുടങ്ങാന്‍ സാധിക്കില്ല. അത് പോലെ തന്നെയാണ് അഭിനയവും. എല്ലാ അഭിനേതാവും പൂജ്യത്തില്‍ നിന്ന് തന്നെയാണ് തുടങ്ങുന്നത്. എന്റെ എല്ലാ സിനിമകളും, അത് ബിഗ് സ്‌ക്രീന്‍ മസാല എന്റര്‍ടെയ്നറുകളായാലും കലാപരമായ സിനിമകളായലും, ഞാന്‍ എപ്പോഴും ആദ്യം മുതല്‍ തന്നെയാണ് ആരംഭിക്കുന്നത്. ഞാന്‍ മുന്‍പേ പഠിച്ചത് എല്ലാം മറന്ന് പുതിയ ഒരു അഭിനയതാവായാണ് ഓരോ പുതിയ പ്രോജെക്റ്റിലേക്കും പോകുന്നത്. അതുകൊണ്ടാണ് എനിക്ക് കൂടുതല്‍ ചലഞ്ച് ഏറ്റെടുക്കാന്‍ സാധിക്കുന്നതെന്നും' നവാസുദ്ദീന്‍ സിദ്ദിഖി അഭിപ്രായപ്പെട്ടു.

ഹീറോപന്‍തി 2 ആണ് നവാസുദ്ദീന്‍ സിദ്ദിഖിയുടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് താരം എത്തുന്നത്. ഏപ്രില്‍ 29ന് തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രത്തില്‍ ടൈഗര്‍ ഷ്റോഫ്, താര സുതാരിയ, കൃതി സനോന്‍ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍.

Related Stories

No stories found.
logo
The Cue
www.thecue.in