സെൽഫ് ട്രോളിനെക്കുറിച്ച് പറഞ്ഞപ്പോൾ ലാലേട്ടൻ ചിരിച്ചു, തുടരും അല്ല ​ഗോഡ്ഫാദർ ആണ് ബി​ഗ് ബോസ് പ്രമോ റഫറൻസ്: മൃദുൽ നായർ അഭിമുഖം

സെൽഫ് ട്രോളിനെക്കുറിച്ച് പറഞ്ഞപ്പോൾ ലാലേട്ടൻ ചിരിച്ചു, തുടരും അല്ല ​ഗോഡ്ഫാദർ ആണ് ബി​ഗ് ബോസ് പ്രമോ റഫറൻസ്: മൃദുൽ നായർ അഭിമുഖം
Published on

ബ്ലാക്ക് ആൻഡ് ബ്ലാക്കിൽ മാസ്സ് ലുക്കിൽ നടന്നു വരുന്ന മോഹൻലാലിന്റെ ഒരു ലൊക്കേഷൻ ചിത്രം കുറച്ച് നാൾ മുമ്പ് ട്വിറ്ററിനെ ഒന്ന് ഇളക്കി മറിച്ചിരുന്നു. ബി​ഗ് ബോസ്സ് എന്ന റിയാലിറ്റി ഷോയ്ക്ക് വേണ്ടി മോഹൻലാൽ നടത്തിയ പ്രമോ ഷൂട്ടിൽ നിന്നുള്ള സിറ്റിൽ ആയിരുന്നു അത്. മുണ്ട് മടക്കി കുത്തി വരുന്ന ഒരു മോഹൻലാലിനെ പ്രതീക്ഷിച്ചിടത്ത് നിന്നും ഒരുപടി മുന്നിലേക്ക് കടന്ന് കലിപ്പും സെൽഫ് ട്രോളും കൊണ്ട് നിറഞ്ഞൊരു പ്രമോയാണ് ബി​ഗ് ബോസ്സ് പ്രേക്ഷകർക്ക് സമ്മാനിച്ചിരിക്കുന്നത്. ബി​ഗ് ബോസ്സിനെയും സ്വയം തന്നെ തന്നെയും ട്രോളിക്കൊണ്ടുള്ള മോഹൻലാലിന്റെ പ്രമോ വീഡിയോ ഇതിനകം വൈറൽ ആയിക്കഴിഞ്ഞിട്ടുണ്ട്. ​ഹോളിവുഡ് ചിത്രം ​ഗോഡ്ഫാദറിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മൃദുൽ നായർ പ്രമോ സംവിധാനം ചെയ്തിരിക്കുന്നത്. മോഹൻലാലിന്റെ സെൽഫ് ട്രോളുകളെക്കുറിച്ചും ബി​ഗ് ബോസ്സിന്റെ പുത്തൻ സീസണിനെക്കുറിച്ചും മൃദുൽ നായർ ക്യു സ്റ്റുഡിയോയോട് സംസാരിക്കുന്നു.

പ്രമോ മുഴുവൻ സെൽഫ് ട്രോൾ ആണെല്ലോ?

ആ തീരുമാനം എടുത്തത് സത്യത്തിൽ ഞാൻ അല്ല. മൈത്രി എന്ന പരസ്യ ഏജൻസിയിലെ വേണു സാറും അജീഷ് രാമനും ചേർന്നാണ് ഇങ്ങനെ ചെയ്യാം എന്ന് തീരുമാനിച്ചത്. ഇവർ രണ്ടു പേരുമാണ് ഈ സ്ക്രിപ്റ്റുമായി എന്നെ സമീപിച്ചത്. ഏഷ്യാനെറ്റിനും ഇത്തവണ ഷോ വളരെ വ്യത്യസ്തമായിരിക്കണം എന്ന തീരുമാനം ഉണ്ടായിരുന്നു. കഴിഞ്ഞ തവണയെ അപേക്ഷിച്ച് പുതിയതെന്തിലും പ്രേക്ഷകർക്ക് കൊടുക്കണം എന്നുണ്ടായിരുന്നു അവർക്ക്. കഴിഞ്ഞ തവണ ഓണത്തിന് നമ്മൾ കൊടുത്ത പ്രമോ കുറച്ച് ഹ്യൂമർ രീതിയിൽ ഉള്ളതായിരുന്നു. അത് പ്രേക്ഷകർക്ക് വർക്ക് ആയി. പുതിയ പ്രമോയിൽ കുറച്ച് പോപ്പ് കൾച്ചറും ഇപ്പോൾ നടക്കുന്ന സമകാലിക സംഭവങ്ങളും ഉൾപ്പെടുത്തി ചെയ്യണം എന്നായിരുന്നു ഞങ്ങൾക്ക്. ഷൂട്ട് നടക്കുന്നതിന്റെ അവസാന ദിവസമാണ് നിന്നെ ഞാൻ നോക്കി വച്ചിട്ടുണ്ട് കേട്ടോ എന്ന് അദ്ദേഹം പറയുന്നത്. ആ സമയത്ത് അതൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ആയിരുന്നു, മോഹൻലാൽ ഒരു സ്റ്റാർ എന്നതിന് അപ്പുറം എന്ത് നല്ല മനുഷ്യനാണ് എന്ന് നമുക്ക് തോന്നിപ്പിച്ച സംഭവം ആയിരുന്നല്ലോ അത്. അതുപോലെ തന്നെ ​ഗാന്ധർവ്വത്തിലെ ആ മ്യൂസിക് ഉപയോ​ഗിച്ചത് ലാൽ സാറിന്റെ കുറേ കാര്യങ്ങൾ ഇതിൽ കൊണ്ടു വരണം എന്ന് തോന്നിയത് കൊണ്ടാണ്. ​ഗോട്ട് ലാലേട്ടൻ കോട്ട് ലാലേട്ടൻ എന്നതൊക്കെ വേണു സാറ് അവസാന നിമിഷത്തിൽ കൊണ്ടു വന്ന കാര്യങ്ങളാണ്.

ഗോഡ്ഫാദർ ആണ് റെഫറൻസ്

'തുടരും' റഫറൻസ് നമ്മൾ ആകെ വച്ചിട്ടുള്ളത് എന്നെ വീണ്ടും മഴയത്ത് നിർത്തരുതേ എന്നത് മാത്രമാണ്. മറ്റ് റഫറൻസുകളിലേക്ക് നമ്മൾ പോയിട്ടേയില്ല. ലാൽ സാറിന്റെ റഫറൻസിലേക്കും നമ്മൾ പോയിട്ടില്ല. ബി​ഗ് ബോസ്സിലെ ലാലേട്ടൻ എന്താണ്, ആ ലാലേട്ടനെയാണ് ലാലേട്ടൻ തന്നെ ട്രോൾ ചെയ്യുന്നത്. ഏഷ്യാനെറ്റിനോട് തന്നെ പുള്ളി പറയുന്നുണ്ട് ഇമ്മാതിരി അങ്കണവാടി ടാസ്കുമായി വന്നാൽ കമ്മറ്റിക്കിട്ടും പണി തരുമേ എന്ന്. അത് ഏഷ്യാനെറ്റിനോടാണ് പറയുന്നത്. ഇത്തവണ നമുക്ക് ലാലേട്ടനെ കുറച്ച് മാസ്സ് രീതിയിൽ കാണിക്കണം എന്നുണ്ടായിരുന്നു. ഈ പ്രമോ ഇം​ഗ്ലീഷ് ചിത്രം ​ഗോഡ്ഫാദറിന്റെ സ്റ്റൈലിൽ ആണ് ചെയ്തിരിക്കുന്നത്. മർലോൺ ബ്രാൻഡോ ഒക്കെ ചെയ്തിട്ടുള്ളത് പോലെ ഒരാൾ. അയാൾ ശാന്തനാണ്, കുൾ ആണ്. എന്നാൽ അയാൾ അയാളുടെ സ്റ്റേറ്റ്മെന്റുകൾ വളരെ ക്ലിയർ ആയി പറയും, ഞാൻ ഇതിലേക്ക് വന്നതിന് ശേഷം ലാലേട്ടന്റെ പഴയ ഹ്യുമർ വശം കൂടി ഇതിലേക്ക് കൊണ്ടു വന്നലോ എന്ന് ആലോചിച്ചിരുന്നു. എന്നാൽ ഇത്തവണ കുറച്ച് കലിപ്പിൽ തന്നെ പരിപാടി ചെയ്യാം എന്നാണ് അവർ പറഞ്ഞത്. എന്നിട്ടും അതിനിടെയിൽ പലയിടത്തും അദ്ദേഹം വളരെ കൂൾ ആകുന്നുണ്ട്.

ബി​ഗ് ബോസ്സ് പ്രമോ ഷൂട്ടിൽ മോഹൻലാൽ

ടീസറിൽ 90 ശതമാനവും ലാലേട്ടൻ ഔട്ട് ഓഫ് ഫോക്കസ്

ഈ പ്രമോയ്ക്ക് നമ്മൾ ഒരു ടീസർ ഇറക്കിയിരുന്നു ആദ്യം. ആ ടീസറിൽ 90 ശതമാനവും ലാൽ സാർ ഉണ്ടായിരുന്നില്ല. അദ്ദേഹം ഔട്ട് ഓഫ് ഫോക്കസിൽ ആണ്. അവിടെയാണ് ഒരു സൂപ്പർ സ്റ്റാർ എന്താണെന്ന് ആദ്യമായി എനിക്ക് മനസ്സിലായത്. ഒറ്റ ഷോട്ടിൽ പോലും മറ്റൊരാളുടെ കയ്യോ ശരീരമോ ഉപയോ​ഗിക്കാൻ അദ്ദേഹം സമ്മതിച്ചില്ല. അതിന് വേണ്ടി രാവിലെ മുതൽ വൈകുന്നേരം വരെ അദ്ദേഹം അവിടെയുണ്ടായിരുന്നു. വണ്ടിയുടെ ബാക്ക് ഷോട്ട് എടുക്കുന്ന സമയത്ത് പോലും അദ്ദേഹം ഔട്ട് ഓഫ് ഫോക്കസിൽ ആയിരുന്നു. അതിനിടെയിൽ അദ്ദേഹത്തിന് മറ്റെന്തോ പരിപാടി ഉണ്ടായിരുന്നു. അവിടെ പോയി അദ്ദേഹം തിരിച്ചു വന്നു. വെറും രണ്ടേ രണ്ട് ഷോട്ടിൽ മാത്രമാണ് അദ്ദേ​ഹം അതിൽ ഫോക്കസിൽ വരുന്നത്. പ്രമോയും ടീസറും വെറും രണ്ട് ​ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്.

സെൽഫ് ട്രോൾ ഉണ്ടെന്ന് കേട്ട് ലാലേട്ടൻ ചിരിച്ചു

അതിനെക്കുറിച്ചൊക്കെ പറയുമ്പോൾ പുള്ളിക്ക് ചിരിയായിരുന്നു. കൊള്ളാല്ലോ എന്നാണ് പറഞ്ഞത്. ലൈൻ കട്ട് ലൈൻ കട്ട് എന്ന് പറയുന്നത് എന്താണെന്ന് ആദ്യം അദ്ദേഹത്തിന് മനസ്സിലായിരുന്നില്ല. അപ്പോൾ ഞങ്ങൾ അദ്ദേഹത്തിന്റെ ബി​ഗ് ബോസ്സിലെ പഴയ വൈറൽ വീഡിയോ കാണിച്ചു കൊടുത്തു. ഒരു ദിവസം ബി​ഗ് ബോസ്സിൽ അദ്ദേഹം ലൈൻ കട്ട് എന്ന് പറയുന്നത്. അതിപ്പോൾ പലരും ഉപയോ​ഗിക്കുന്ന വാക്കാണ്. മതി എന്ന് പറയുന്നതിന് പകരം ലൈൻ കട്ട് എന്നാണ് ഇപ്പോൾ പലരും പറയുന്നത്. അതാണ് നമ്മൾ അവിടെ കൊണ്ടു വന്നത്. അത് ഇതിന്റെ എഴുത്തുകാരിൽ ഒരാളായ അജീഷിന്റെ ഐഡിയ ആയിരുന്നു.

ലാലേട്ടൻ ഇൻ ബ്ലാക്ക് ആന്റ് ബാക്ക്

മൈത്രിയുടെ ഭാ​ഗത്ത് നിന്നും വന്ന സജഷനാണ് ബ്ലാക്ക് ആന്റ് ബ്ലാക്ക് ഔട്ട്ഫിറ്റ് എന്നത്. സ്ക്രിപ്റ്റിൽ തന്നെ ഔട്ട്ഫിറ്റിനെക്കുറിച്ചുള്ള ഈ ഐഡിയ ഉണ്ടായിരുന്നു. അതിലേക്ക് പിന്നീട് കുറച്ച് കാര്യങ്ങൾ നമ്മൾ ആഡ് ചെയ്തിരുന്നു. റെഡിന്റെ ഒരു എലമെന്റ് കൊണ്ടു വന്നു. ​ഗോഡ്ഫാദറിന്റെ പോസ്റ്ററിൽ നിന്നും പ്രചോദനം കൊണ്ട് ചെയ്തതാണ് അത്. ഒരു കേരളാ ​ഗോഡ്ഫാദർ എങ്ങനെയായിരിക്കും എന്നതായിരുന്നു ആലോചിച്ചത്. ബ്ലാക്ക് മുണ്ടും ഷർട്ടും റെഡ് മാലയും സിൽവർ മാലയും ഒക്കെയിട്ട ഒരാൾ. അതിന് മാച്ച് ആകുന്ന തരത്തിൽ വലത് വശത്ത് ​ഗിയറുള്ള ഒരു വിന്റേജ് ബുള്ളറ്റ്. അതെല്ലാം ഇതിന് വേണ്ടി ഞങ്ങൾ സെറ്റ് ചെയ്തു. കൂടാതെ രണ്ട് വശത്തും ബി ബി എന്നെഴുതിയ ഒരു ലോക്കറ്റും നമുക്ക് കിട്ടി. അതും ഇതിൽ ഉപയോ​ഗിച്ചു.

ലാലേട്ടന് ചരിവ് ഒരൽപം കൂടുതലല്ലേ?

അത് ശരിയാണ്. ഏഴാമത്തെ സീസൺ ആണെല്ലോ അതിന് വേണ്ടിയാണ് നമ്മൾ അങ്ങനെ ചെയ്തത്. ബുള്ളറ്റിന്റെ സ്റ്റാന്റ് ഇടുമ്പോഴും മുണ്ട് മടക്കി കുത്തുമ്പോഴും അദ്ദേഹം ചരിയുമ്പോൾ ആ ചരിവിലും എല്ലാം ഒരു ഏഴ് വരുന്നത് പോലെ നമ്മൾ പ്ലാൻ ചെയ്തിരുന്നു. പക്ഷേ എമ്പുരാനിൽ കുറേയധികം സ്ഥലത്ത് ഇതുപോലെ തന്നെ 'എൽ' എന്ന അക്ഷരം വരുന്നുണ്ട്. പക്ഷേ അതിൽ പിന്നീട് കുറേയധികം ട്രോളുകൾ വന്നിരുന്നല്ലോ? അതുകൊണ്ട് ഓവർ ആക്കേണ്ടെന്ന് കരുതി നമ്മൾ വളരെ മിനിമൽ ആയിട്ടാണ് അത് ചെയ്തത്. 'ഏഴും' 'എല്ലും' അങ്ങോട്ടും ഇങ്ങോട്ടും തിരിച്ചു വച്ചാൽ ഒരേ പോലെയാണ്. ലാൽ സാറിനെയും 'ഏഴ്' എന്ന സംഖ്യയെയും നമ്മൾ അങ്ങനെ അതിൽ ബ്ലൻഡ് ചെയ്തിരുന്നു.

നിന്നെ ഞാൻ നോക്കി വച്ചിട്ടുണ്ട് കേട്ടോ...

അത് കേട്ടയുടൻ അദ്ദേഹം ചിരിക്കുകയാണ് ചെയ്തത്. അവിടെയാണ് എന്തുകൊണ്ടാണ് അദ്ദേഹം ഒരു സൂപ്പർ സ്റ്റാർ ആയി നിലനിൽക്കുന്നത് എന്ന് നമുക്ക് മനസ്സിലാവുന്നത്. പ്രസന്റിൽ ആണ് അദ്ദേഹം ജീവിക്കുന്നത്. പ്രായമേറുമ്പോൾ പുതിയ തലമുറയ്ക്കൊപ്പം പലർക്കും പിടിച്ചു നിൽക്കാൻ പറ്റാറില്ലെന്ന് നമ്മൾ കേൾക്കാറില്ലേ? പുതിയൊരു ട്രെൻഡിനൊപ്പം സഞ്ചരിക്കുമ്പോൾ അവർക്ക് സ്വയം പിന്നോട്ട് പോകുന്നത് പോലെ തോന്നും. അത്തരത്തിലൊന്ന് അദ്ദേഹത്തിനില്ല. ഇതിലെല്ലാം ഒരു ചിരിയുണ്ട് അല്ലെങ്കിൽ ഇതിലൊരു തമാശയുണ്ട് എന്ന് അദ്ദേഹം മനസ്സിലാക്കിയിട്ടുണ്ട്. അത്രയും ലളിതമായിട്ടാണ് അദ്ദേഹം അതിനെ സമീപിച്ചത്. അറിഞ്ഞുകൊണ്ടാരും നമ്മുടെ കണ്ണിൽ കുത്തില്ലല്ലോ? മറ്റാരെങ്കിലും ആയിരുന്നെങ്കിൽ പിടിച്ചു മാറ്റുകയോ വഴക്ക് പറയുകയോ ചെയ്തേനെ. അദ്ദേഹം എന്താ മോനെ എന്ന് വിളിച്ച് അത് വിട്ടു കളയുകയാണ് ചെയ്തത്. ലാൽ സാർ അല്ലാതെ മറ്റേത് ഇൻഡസ്ട്രിയിലെ സൂപ്പർ സ്റ്റാർ ആണ് 90 ശതമാനം ഔട്ട് ഓഫ് ഫോക്കസിൽ അഭിനയിക്കാൻ രാവിലെ മുതൽ വൈകുന്നേരം വരെ സെറ്റിൽ വന്ന് നിന്ന് തരുന്നത്.

പ്രമോ ബ്ലോക്ക് ബസ്റ്റർ ആയിരിക്കണം

ഈ സ്ക്രിപ്റ്റ് പുൾ ഓഫ് ചെയ്യാൻ അത്ര എളുപ്പമായിരുന്നില്ല. ഞാൻ ആദ്യമായിട്ടാണ് ലാൽ സാറിനൊപ്പം വർക്ക് ചെയ്യുന്നത്. ഷൂട്ട് ചെയ്യാനായി എത്തുമ്പോൾ എന്താണ് ചെയ്യേണ്ടത് എന്നതിന് നമുക്ക് കൃത്യമായ ഐഡിയ ഉണ്ടായിരുന്നു. എന്റെ അറിവിൽ ഒരുപാട് ആളുകൾ കാണുന്ന ഒരു ഷോ ആണ് ബി​ഗ് ബോസ്സ്. കണ്ടിട്ട് അത് കാണാറില്ല എന്ന് പറയുന്ന ആളുകളും ഉണ്ട്. ഹിന്ദിയിൽ സൽമാൻ ഖാൻ ചെയ്യുന്നത് പോലെ നമുക്ക് ഇവിടെ ലാൽ സാറിനെക്കൊണ്ട് ചെയ്യിക്കാൻ സാധിക്കില്ല. കാരണം അദ്ദേഹം റിയൽ ലൈഫിൽ അങ്ങനെയല്ല. 'തുടരും' സിനിമയൊക്കെ ഹിറ്റ് ആയി അദ്ദേഹം അദ്ദേഹത്തിന്റെ ടോപ്പിൽ നിൽക്കുന്ന സമയത്ത് നമ്മൾ ചെയ്യുന്ന ഒരു കാര്യം അതിന് താഴെപ്പോകരുത് എന്ന് ഞങ്ങൾക്ക് നിർബന്ധം ഉണ്ടായിരുന്നു, ഇതൊരു രണ്ട് മിനിറ്റ് പരസ്യമാണെങ്കിൽ പോലും ഒരോ ഷോട്ടും ഒരു ബ്ലോക്ക് ബസ്റ്റർ മൂവി പോലെ ആയിരിക്കണം എന്ന് തീരുമാനിച്ചിരുന്നു. അതിൽ കാണിക്കുന്ന ​ഗുഹയും മുതലയും ഒക്കെ നമ്മൾ ഉണ്ടാക്കിയതാണ്. നാൽപത് അടിയോളം ഉണ്ട് ആ മുതല. അജയൻ മങ്ങാട് എന്ന ആർട്ട് ഡയറക്ടർ ആണ് അതുണ്ടാക്കിയത്.

ഈ വർഷത്തെ ബി​ഗ് ബോസ്സ് പൊളിയായിരിക്കും.

ബി​ഗ് ബോസ്സ് ബി​ഗ് ബോസ്സിനെ തന്നെ ട്രോളുന്നതിൽ ഏഷ്യാനെറ്റും ഓക്കെ ആയിരുന്നു. അവർ ഇതുവരെ ചെയ്തതല്ല ഇനി ചെയ്യാൻ പോകുന്നത് എന്ന് കാണിക്കണമെങ്കിൽ കഴിഞ്ഞ സീസണുകളിൽ സംഭവിച്ച പ്രശ്നങ്ങളെയും കാര്യങ്ങളെയും കാണിക്കണം. ഇത്തവണത്തെ ബി​ഗ് ബോസ്സ് കുറച്ച് പൊളിയാണ്. ഞാൻ ഇതിന്റെ ടീസറും പ്രമോയും മാത്രമേ ചെയ്തിട്ടുള്ളു, അതിനുള്ളിൽ എന്തായിരിക്കും നടക്കാൻ പോകുന്നത് ആരൊക്കെയായിരിക്കും വരുന്നത് എന്നൊന്നും എനിക്ക് അറിയാൻ പാടില്ല. പക്ഷേ കേട്ടിടത്തോളം മുൻ വർഷത്തെക്കാൾ വ്യത്യസ്തമായിരിക്കും ഈ വർഷം.

Related Stories

No stories found.
logo
The Cue
www.thecue.in