'ഇമോഷൻസിന് പ്രാധാന്യമുള്ള ആക്ഷൻ എന്റെർറ്റൈനെർ' : മോഹൻലാലിനൊപ്പം വർക്ക് ചെയ്യുന്നതിൽ ആവേശത്തിലെന്ന് ഏക്താ കപൂർ

'ഇമോഷൻസിന് പ്രാധാന്യമുള്ള ആക്ഷൻ എന്റെർറ്റൈനെർ' : മോഹൻലാലിനൊപ്പം വർക്ക് ചെയ്യുന്നതിൽ ആവേശത്തിലെന്ന് ഏക്താ കപൂർ

മോഹൻലാലിനോടൊപ്പം 'ഋഷഭ' എന്ന ചിത്രത്തിൽ വർക്ക് ചെയ്യാനാവുന്നതിൽ താൻ വളരെ ആവേശത്തിലാണെന്ന് നിർമാതാവ് ഏക്താ കപൂർ. ഇതിഹാസവും പ്രതിഭാശാലിയുമായരോടൊപ്പം പോസ് ചെയ്യുന്നു എന്ന ക്യാപ്ഷനോടെ മോഹൻലാലിനും അണിയറപ്രവർത്തകരുടെയും ഒപ്പമുള്ള ഫോട്ടോയും ചിത്രത്തിന്റെ മറ്റു വിവരങ്ങളും ഏക്താ കപൂർ തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ചു. ഇമോഷൻസിനും വി എഫ് എക്സിനും പ്രാധാന്യമുള്ള ഒരു ആക്ഷൻ എന്റെർറ്റൈനെർ ആണ് ചിത്രം എന്നാണ് ഏക്താ കപൂർ തന്റെ ഇൻസ്റ്റാഗ്രാമിൽ ചിത്രത്തെക്കുറിച്ചു കുറിച്ചിരിക്കുന്നത്. ഏക്തയുടെ ഉടമസ്ഥതയിലുള്ള ബാലാജി ടെലിഫിലിംസ് മോഹൻലാലുമായി ചെയ്യുന്ന ആദ്യ പാൻ ഇന്ത്യൻ ചിത്രം കൂടിയാകും 'ഋഷഭ'.

ബിഗ് ബഡ്ജറ്റില്‍ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദിയിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നന്ദ കിഷോർ ആണ്. 'ഋഷഭ'യുടെ ചിത്രീകരണം ഈ മാസം അവസാനത്തോടെ ആരംഭിക്കും. ബാലാജി ടെലിഫിലിമ്സിന്റെ ബാനറിൽ ഏക്താ കപൂർ എവിഎസ് സ്റ്റുഡിയോസിന്റെ ബാനറില്‍ അഭിഷേക് വ്യാസ്, പ്രവീര്‍ സിംഗ്, ശ്യാം സുന്ദര്‍, കണക്ട് മീഡിയ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. രണ്ട് ദിവസങ്ങൾക്ക് മുൻപ് ഋഷഭയുടെ ഫോട്ടോഷൂട്ടുമായി ബന്ധപ്പെട്ട് മുംബൈ വൈ ആർ എഫ് സ്റ്റുഡിയോസിൽ മോഹൻലാൽ എത്തിയിരുന്നു. 200 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിൽ മോഹന്‍ലാലിന്റെ മകനായി തെലുങ്കില്‍ നിന്നും ഒരു താരമെത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 2024 ൽ തിയറ്ററുകളിലെത്തും.

മുന്‍പ് മോഹന്‍ലാല്‍ ഋഷഭയെക്കുറിച്ച് പറഞ്ഞത്

'ഞാന്‍ പുതിയൊരു സിനിമയുടെ ഭാഗമാകാന്‍ പോവുകയാണ്. അതിനാണ് ഞാന്‍ ദുബായില്‍ വന്നത്. തെലുഗ്, ഹിന്ദി, മലയാളം, തമിഴ് എന്നീ ഭാഷകളില്‍ വരുന്ന വലിയൊരു സിനിമയാണ്. ഋഷഭ എന്നാണ് ചിത്രത്തിന്റെ പേര്. ഇതൊരു വലിയ സിനിമയായിരിക്കും'.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധായകനാകുന്ന 'മലൈക്കോട്ട വാലിബ'നാണ് മോഹന്‍ലാലിന്റെതായി അടുത്തതായി മലയാളത്തില്‍ പുറത്തുവരാനിരിക്കുന്ന ചിത്രം. ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്‍, മാക്സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in