'ഈ അന്തരീക്ഷത്തിൽ എവിടെയോ ഒരു ശക്തിയുണ്ട്, ആ ശക്തിക്ക് ആരോടോ എന്തോ പറയാനുണ്ട്'; 'ദേവദൂതൻ' 4കെ ട്രെയ്ലർ

'ഈ അന്തരീക്ഷത്തിൽ എവിടെയോ ഒരു ശക്തിയുണ്ട്, ആ ശക്തിക്ക് ആരോടോ എന്തോ പറയാനുണ്ട്'; 'ദേവദൂതൻ' 4കെ ട്രെയ്ലർ

തിയറ്ററിൽ പരാജയം നേരിട്ടും നിരവധി ആരാധകരെ സൃഷ്ടിച്ച ചിത്രമാണ് 'ദേവദൂതന്‍' . മോഹൻലാലിനെ നായകനാക്കി രഘുനാഥ് പലേരിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം 24 വര്‍ഷങ്ങള്‍ക്കിപ്പുറം റീ റിലീസിന് ഒരുങ്ങുകയാണ്. റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ 4 കെ ട്രെയ്‌ലര്‍ ഇപ്പോൾ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടുണ്ട്. ഒരു നടനെന്ന നിലയില്‍ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമകളിലൊന്നാണ് 'ദേവദൂതന്‍' എന്നും വര്‍ഷങ്ങള്‍ക്ക് ശേഷം അത് റിലീസിനെത്തുന്നത് സ്വപ്‌നം പോലെ തോന്നുന്നുവെന്നും ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച് ചടങ്ങിൽ പങ്കെടുക്കവേ മോഹൻലാൽ പറഞ്ഞു.

ഫാന്റസിയുടെയും മ്യൂസിക്കിന്റെ പശ്ചാത്തലത്തിൽ തീവ്രമായൊരു പ്രണയം പങ്കുവച്ച ചിത്രമായിരുന്നു ദേവദൂതൻ. കാലം തെറ്റി വന്ന സിനിമ എന്നൊന്നും പറയുന്നില്ല ഒരുപക്ഷെ മറ്റു സിനിമകളുടെ കൂടെ ഇറങ്ങിയതു കൊണ്ടായിരിക്കാം, അല്ലെങ്കിൽ ആ സിനിമയുടെ ഒരു പേസ് ആൾക്കാരിലേക്ക് എത്താത്തതു കൊണ്ടായിരിക്കാം. പക്ഷെ അന്ന് ഈ സിനിമ കണ്ടപ്പോൾ അതിന്റെ സൗണ്ട്, മ്യൂസിക്, ക്യാമറ എല്ലാം ഒരു അത്ഭുതമായി തോന്നിയിരുന്നുവെന്ന് മോഹൻലാൽ പറ‍ഞ്ഞു. എന്റെ കരിയറിലെ ഏറ്റവും നല്ല സിനിമകള്‍ നല്‍കിയ സംവിധായകനാണ് സിബി. 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍' മുതലുള്ള പരിചയമാണ്. 'സദയം', 'ദശരഥം' എന്നിങ്ങനെ ഒട്ടേറെ നല്ല സിനിമകള്‍ നല്‍കിയ അദ്ദേഹം തനിക്ക് നൽകിയിട്ടുണ്ട് എന്നും 'ദേവദൂതന്‍' ഒരിക്കല്‍ കൂടി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കാന്‍ ആഗ്രഹിച്ച ആ മനസ്സിന് നന്ദി അറിയിക്കുന്നുവെന്നും മോഹൻലാൽ പറഞ്ഞു. സിനിമയുടെ ഭാഗമായ ജയപ്രദ, ജയലക്ഷ്മി, മുരളി എന്നിങ്ങനെ എല്ലാവരെയും ഈ വേദിയില്‍ ഓര്‍ക്കുന്നുവെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

2000-ൽ പുറത്തിറങ്ങിയ ദേവദൂതൻ കോക്കേഴ്സ് ഫിലിംസിന്റെ ബാനറിൽ സിയാദ് കോക്കറായിരുന്നു നിർമിച്ചത്. വിശാൽ കൃഷ്ണമൂർത്തിയെന്ന ലോകപ്രശസ്തനായ മ്യൂസിക് കമ്പോസറും അയാളിലേക്ക് സം​ഗീതം നിറച്ച കോളജും പശ്ചാത്തലമായ ചിത്രമായിരുന്നു ദേവദൂതൻ. വിശാൽ കൃഷ്ണമൂർത്തിയിലെ സം​ഗീതജ്ഞന്റെ പിറവിക്കും വളർച്ചക്കും കാരണമാകുന്ന സെവൻ ബെൽസ് എന്ന സം​ഗീതോപകരണവും അതിനെ ബന്ധിപ്പിച്ച് നിൽക്കുന്ന അനശ്വരമായൊരു പ്രണയകഥയുമായിരുന്നു ദേവദൂതന്റെ ഇതിവൃത്തം. വിദ്യാസാ​ഗർ ദേവദൂതന് വേണ്ടിയൊരുക്കിയ പാട്ടുകളും സന്തോഷ് തുണ്ടിയിലിന്റെ ഛായാ​ഗ്രഹണവും സിനിമയുടെ അവതരണ മികവിനൊപ്പം പിൽക്കാലത്ത് ചർച്ച ചെയ്യപ്പെട്ടു. മോഹൻലാൽ-സിബി മലയിൽ കൂട്ടുകെട്ടിലെത്തിയ മികച്ച ചിത്രങ്ങളുടെ പട്ടികയിലാണ് ദേവദൂതന് സ്ഥാനം.

Related Stories

No stories found.
logo
The Cue
www.thecue.in