മോഹന്‍ലാലിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം, ആദരം ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകൾക്ക്

മോഹന്‍ലാലിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം, ആദരം ചലച്ചിത്രരംഗത്തെ സമഗ്ര സംഭാവനകൾക്ക്
Published on

ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം നടൻ മോ​ഹൻലാലിന്. 2023ലെ പുരസ്ക്കാരമാണ് നടന് ലഭിച്ചിരിക്കുന്നത്. തലമുറകളെ പ്രചോദിപ്പിക്കുന്ന സിനിമാ യാത്രയാണ് മോഹന്‍ലാലിന്‍റേത് എന്നാണ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വിശേഷിപ്പിച്ചിരിക്കുന്നത്. മലയാളത്തിൽ നിന്നും ആദ്യമായാണ് ഒരു അഭിനേതാവിന് ഈ പുരസ്കാരം ലഭിക്കുന്നത്. അടൂർ ഗോപാലകൃഷ്ണന് ശേഷം ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ. 2004 ൽ ആണ് അടൂർ ഗോപാലകൃഷ്ണന് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്.

ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ എക്സ് പോസ്റ്റ്:

ദാദാസാഹിബ് ഫാൽക്കെ അവാർഡ് സെലക്ഷൻ കമ്മിറ്റിയുടെ ശുപാർശ പ്രകാരം, ശ്രീ. മോഹൻലാലിന് 2023ലെ ദാദാസാഹിബ് ഫാൽക്കെ അവാർഡ് നൽകുമെന്ന് ഇന്ത്യാ ഗവൺമെന്റ് സന്തോഷപൂർവ്വം അറിയിക്കുന്നു. മോഹൻലാലിന്റെ ശ്രദ്ധേയമായ സിനിമായാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നു. ഇതിഹാസ താരവും, സംവിധായകനും, നിർമ്മാതാവുമായ മോഹൻലാൽ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ സംഭാവനകൾക്കാണ് ആദരവ്. അദ്ദേഹത്തിന്റെ സമാനതകളില്ലാത്ത കഴിവ്, വൈദഗ്ദ്ധ്യം, അക്ഷീണ കഠിനാധ്വാനം എന്നിവ ഇന്ത്യൻ ചലച്ചിത്ര ചരിത്രത്തിൽ ഒരു സുവർണ്ണ നിലവാരം സ്ഥാപിച്ചു. 2025 സെപ്റ്റംബർ 23 ന് നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ അവാർഡ് സമ്മാനിക്കും.

ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ സ്മരണാർത്ഥം 1969 മുതൽ ഭാരത സർക്കാർ നൽകുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമാണിത്. 2025 സെപ്തംബർ 23 ന് നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ വെച്ച് മോഹന്‍ലാലിന് അവാർഡ് സമ്മാനിക്കും. ബോളിവുഡ് നടൻ മിഥുൻ ചക്രവർത്തിയാണ് ഇതിനു മുൻപ് പുരസ്‌കാരത്തിന് അർഹനായത്. സ്വർണ്ണ കമലം, പതക്കം, ഷാൾ, ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡ് എന്നിവ ഉൾപ്പെടുന്നതാണ് പുരസ്കാരം.

Related Stories

No stories found.
logo
The Cue
www.thecue.in