'പോകുമ്പോൾ ഒരു ചെറിയ സങ്കടം ഉണ്ടാകും, ആ സങ്കടത്തോട് കൂടി ഞാൻ പോകുന്നു'; മോഹൻലാൽ

MOHANLAL
MOHANLAL

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രം എൽ 360 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ അവസാനിച്ചു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ അവസാനിച്ചതിന്റെ വീഡിയോ നിർമാണ കമ്പനിയായ രജപുത്ര വിഷ്വൽ മീഡിയ പുറത്തു വിട്ടിട്ടുണ്ട്. ആദ്യ ഷെഡ്യൂൾ അവസാനിച്ചതിന്റെയും താൽക്കാലികമായി എല്ലാവരും പിരിയുന്നതിന്റെയും സങ്കടം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും നിർമാതാവ് എം, രഞ്ജിത്തും ഉൾപ്പെടെയുള്ളവർ പങ്കുവെക്കുന്നതാണ് വീഡിയോയിൽ. 47 വർഷമായി അഭിനയിക്കുന്നുണ്ട് എന്നും ചല സിനിമകളോട് നമുക്ക് വളരെയധികം സ്നേ​ഹം തോന്നുമെന്നും അത്തരത്തിൽ സ്നേഹം തോന്നിയ ചിത്രമാണ് ഇത് എന്നും മോഹൻലാൽ വീഡിയോയിൽ പറയുന്നു.

മോഹൻലാൽ പറഞ്ഞത്:

47 വർഷമായി അഭിനയിക്കുകയാണ്. ഈ സിനിമയും ആദ്യ സിനിമ പോലെ തന്നെയാണ്. നമുക്ക് ഒരുപാട് സിനിമകൾ ചെയ്യുമ്പോഴും, ചില സിനിമകളോട് നമുക്ക് ഭയങ്കര ഒരു സ്നേഹം തോന്നും. അങ്ങനെ ഒരു സ്നേഹം തോന്നിയ സിനിമയാണ് ഇത്. അപ്പോൾ പോകുമ്പോൾ ഒരു ചെറിയ സങ്കടം ഉണ്ടാകും. ആ സങ്കടത്തോട് കൂടി ഞാൻ പോകുന്നു. ഇവിടെ തന്നെ നിന്ന് എത്രയോ ദിവസങ്ങൾ.. ആ സന്തോഷത്തിലും സ്നേഹത്തിലും സങ്കടത്തിലും പോകുന്നു. എളുപ്പം തിരിച്ചു വരാം.

ശോഭനയാണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത്. 15 വർഷങ്ങൾക്ക് ശേഷം ശോഭന മോഹൻലാലിന്റെ നായികയായെത്തുന്ന ചിത്രം കൂടിയാണ് ഇത്. ചിത്രത്തിൽ റാന്നിക്കാരനായ ടാക്സി ഡ്രൈവർ ശൺമുഖൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. മോഹൻലാലിനെ വച്ച്‌ സാധാരണക്കാരനായ മനുഷ്യന്റെ ഇമോഷൻ പറയുന്ന ഒരു പടമായിരിക്കും ഇതെന്നും സൂപ്പർസ്റ്റാർ എന്നതിനപ്പുറം മോഹൻലാലിലെ നടനെയാണ്‌ സിനിമ ഉപയോഗിക്കുന്നത്‌. വളരെ സത്യസന്ധമായി വരുന്ന ഒരുപാട്‌ നിമിഷങ്ങളെല്ലാം ചേർത്തുവയ്‌ക്കുന്ന രൂപത്തിലാണ് സിനിമ ഒരുക്കുന്നത്‌ എന്നും തരുൺ മൂർത്തി മുമ്പ് ദേശാഭിമാനിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സൗദി വെള്ളക്കക്ക് ശേഷം നടനും സഹസംവിധായകനുമായ ബിനു പപ്പുവിന്റെ തിരക്കഥയിൽ ബാം​ഗ്ലൂർ പശ്ചാത്തമായ ചിത്രമാണ് തരുൺ മൂർത്തി ചെയ്യാൻ പ്ലാൻ ചെയ്തിരുന്നത്. ആ സിനിമ മാറ്റിവച്ചാണ് മോഹൻലാൽ ചിത്രത്തിലേക്ക് തരുൺ കടക്കുന്നത്. മോഹൻലാൽ ചിത്രം പൂർത്തിയായ ശേഷം ബിനു പപ്പുവിന്റെ രചനയിലുള്ള സിനിമ പൂർത്തിയാക്കും. ബിനാലെ വേദികളിലൂടെയും രാജ്യാന്തര പ്രദർശനങ്ങളിലൂടെയും ശ്രദ്ധേയനായ മലയാളി ഫോട്ടോ​ഗ്രാഫർ കെ.ആർ സുനിലിനൊപ്പം തരുൺ മൂർത്തിയും സിനിമയുടെ തിരക്കഥാ രചനയിൽ പങ്കാളിയാകുന്നു. മോഹൻലാലിന്റെ പുലിമുരുകന് ക്യാമറ ചലിപ്പിച്ച ഷാജികുമാറാണ് ഛായാ​ഗ്രഹണം.

ഏറെ ഇടവേളക്കുശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക്ക് കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിൻ്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ഈ ചിത്രത്തിൻ്റെ അവതരണം. മറ്റ് അഭിനേതാക്കളുടെ നിർണ്ണയം പൂർത്തിയായി വരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ അവന്തികരഞ്ജിത്, കലാസംവിധാനം -ഗോകുൽദാസ്, മേക്കപ്പ് - പട്ടണം റഷീദ്, കോസ്റ്റ്യും - ഡിസൈൻ - സമീരാസനീഷ്, നിർമ്മാണ നിർവ്വഹണം - ഡിക്സൻപൊടുത്താസ്.സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്

Related Stories

No stories found.
logo
The Cue
www.thecue.in