എമ്പുരാൻ നിങ്ങൾ ആഗ്രഹിക്കുന്ന പോലെയുള്ള ഒരു സിനിമയായിരിക്കും, ലൂസിഫറിനെക്കാൾ ഏറെ വ്യത്യസ്തമായിരിക്കും അത്: മോഹൻലാൽ

എമ്പുരാൻ നിങ്ങൾ ആഗ്രഹിക്കുന്ന പോലെയുള്ള ഒരു സിനിമയായിരിക്കും, ലൂസിഫറിനെക്കാൾ ഏറെ വ്യത്യസ്തമായിരിക്കും അത്: മോഹൻലാൽ
Published on

വഴിത്തിരിവ് സൃഷ്ടിക്കാൻ പാകത്തിലുള്ള ഒരു സിനിമ ചെയ്യാൻ സാധിക്കുന്ന സംവിധായകനാണ് പൃഥ്വിരാജ് സുകുമാരൻ എന്ന് നടൻ മോഹൻലാൽ. അഭിനേതാക്കളെ തന്റെ കസ്റ്റഡിയിൽ ആക്കി 'മെരുക്കി' എടുക്കുന്നതിൽ പൃഥ്വിരാജിന് അസാധാരണമായ ഒരു കഴിവുണ്ടെന്നും ഒപ്പം പ്രവർത്തിക്കാൻ സാധിച്ച എമ്പുരാൻ അടക്കമുള്ള മൂന്ന് ചിത്രങ്ങളിലും ഒരു സംവിധായകൻ എന്ന നിലയിൽ അദ്ദേഹം സ്വയം മെച്ചപ്പെടാൻ ശ്രമിച്ചിട്ടുണ്ടെന്നും മോഹൻലാൽ പറയുന്നു. എമ്പുരാൻ ലൂസിഫറിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു ചിത്രമായിരിക്കുമെന്നും രണ്ടിനെയും തമ്മിൽ താരതമ്യം ചെയ്യാൻ സാധിക്കില്ലെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. ഹോളിവുഡ് റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മോഹൻലാൽ.

മോഹൻലാൽ പറഞ്ഞത്:

പൃഥ്വിരാജ് മികച്ച സംവിധായകനാണ്. അദ്ദേഹത്തിന്റെ കാഴ്ച്ചപ്പാടും പ്രതിബദ്ധതയും കൊണ്ട് ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരിൽ ഒരാളാകാൻ അദ്ദേഹത്തിന് കഴിയും. അദ്ദേഹം ലെൻസിം​ഗ് ഉപയോ​ഗിക്കുന്ന രീതി അതിശയകരമാണ്. അഭിനേതാക്കളെ തന്റെ കസ്റ്റഡിയിൽ ആക്കി 'മെരുക്കി' എടുക്കുന്നതിൽ പൃഥ്വിരാജിന് അസാധാരണമായ ഒരു കഴിവുണ്ട്. ഞാൻ അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്ത ലൂസിഫർ, ബ്രോ ഡാഡി, എമ്പുരാൻ എന്നീ മൂന്ന് ചിത്രങ്ങളിലും ഒരു സംവിധായകൻ എന്ന രീതിയിൽ അദ്ദേഹം നന്നാക്കാൻ ശ്രമിച്ചിട്ടുണ്ട്. വഴിത്തിരിവാകുന്ന ഒരു സിനിമയുമായി അദ്ദേഹം പെട്ടെന്ന് എത്താനുള്ള എല്ലാ തരത്തിലുമുള്ള മനോഭാവം ഇപ്പോൾ അദ്ദേഹത്തിനുണ്ട്.

എമ്പുരാൻ പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന തരത്തിലുള്ള ആക്ഷനും ഡ്രാമയുമുള്ള കൊമേഴ്‌സ്യൽ ചിത്രമാണ്. എന്നാൽ ലൂസിഫറുമായി താരതമ്യപ്പെടുത്താൻ കഴിയുന്ന ചിത്രമല്ല എമ്പുരാൻ. ആദ്യ ഭാഗത്തിൽ നിന്നും തീർത്തും വ്യത്യസ്തമായ സിനിമയാണ് എമ്പുരാൻ എന്ന് ഞങ്ങൾക്ക് ഉറപ്പ് നൽകാൻ കഴിയും.

ആരാധകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. ചിത്രം 2025 മാർച്ച് 27 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസിനെത്തും. 100 കോടിക്ക് മുകളിൽ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ മുരളി ​ഗോപി തന്നെയാണ്. ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. . കേരള രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുള്ള സ്റ്റീഫൻ നെടുമ്പള്ളി അബ്രാം ഖുറേഷിയെന്ന ആയുധ വ്യാപാരി കൂടിയായ അധോലോക നായകനാണെന്ന് സൂചന നൽകിയാണ് ലൂസിഫർ അവസാനിച്ചത്. ഇതിന്റെ കഥാതുടർച്ചയാണ് എമ്പുരാൻ.

Related Stories

No stories found.
logo
The Cue
www.thecue.in