'എന്താണ് ഖുറേഷി അബ്രാം എന്ന് നിങ്ങൾ മനസ്സിലാക്കും'; എമ്പുരാൻ ഈ വർഷമോ അടുത്ത വർഷം ജനുവരിയിലോ റിലീസിനെത്തുമെന്ന് മോഹൻലാൽ

'എന്താണ് ഖുറേഷി അബ്രാം എന്ന് നിങ്ങൾ മനസ്സിലാക്കും'; എമ്പുരാൻ ഈ വർഷമോ അടുത്ത വർഷം ജനുവരിയിലോ റിലീസിനെത്തുമെന്ന് മോഹൻലാൽ

എമ്പുരാൻ 2024 അവസാനമോ 2025 ജനുവരിയിലോ റിലീസിനെത്തുമെന്ന് സ്ഥിതീകരിച്ച് നടൻ മോഹൻലാൽ. മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റുകളിലൊന്നായ ലൂസിഫർ എന്ന സിനിമയുടെ രണ്ടാം ഭാ​ഗമായി ഒരുങ്ങുന്ന ചിത്രമാണ് എമ്പുരാൻ. സ്വന്തമായി ജെറ്റ് വിമാനവും കൊട്ടാരങ്ങളുമുള്ള ഒരു കോടീശ്വരന്റെ വേഷമാണ് ഇനി ചെയ്യാനുള്ളതെന്നാണ് എമ്പുരാനിലെ അബ്രഹാം ഖുറേഷി എന്ന കഥാപാത്രത്തെക്കുറിച്ച് മുമ്പ് മോ​ഹൻലാൽ പറഞ്ഞത്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ബി​ഗ്ബോസ്സ് എന്ന ടെലിവിഷൻ പരിപാടിയിൽ എമ്പുരാൻ ഈ വർഷമോ അടുത്ത വർഷം ജനുവരിയിലോ റിലീസിനെത്തുമെന്ന് സ്ഥിതീകരിച്ചിരിക്കുകയാണ് മോഹൻലാൽ.

മോഹൻലാൽ പറഞ്ഞത്:

എമ്പുരാന്റെ ഷൂട്ടിം​ഗ് നടക്കുകയാണ്. ലേ ലഡാക്ക് എന്ന സ്ഥലത്താണ് ചിത്രത്തിന്റെ ഷൂട്ടിം​ഗ് ആരംഭിച്ചത്. അത് കഴിഞ്ഞ് യു.കെയിലും യുഎസ്എയിലും പിന്നീട് മദ്രാസിലും ഷൂട്ട് ചെയ്തു. ഇപ്പോൾ തിരുവന്തപുരത്ത് ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. ഇനി കുറച്ചു കാലം ​ഗുജറാത്തിലും ദുബായിലും ഷൂട്ട് ചെയ്യാനുണ്ട്. എന്താണ് ഖുറേഷി അബ്രാം എന്ന് നിങ്ങൾ മനസ്സിലാക്കും ആ സിനിമയിലൂടെ. സിനിമ ഈ വർഷം റിലീസ് ചെയ്യാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അല്ലെങ്കിൽ അടുത്ത വർഷം ജനുവരിയിൽ.

100 കോടിക്ക് മുകളിൽ ബജറ്റിലാണ് എൽ ടു എന്ന ലൂസിഫർ രണ്ടാം ഭാ​ഗമൊരുങ്ങുന്നത്. മുരളി ​ഗോപിയാണ് തിരക്കഥ. ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം. കേരള രാഷ്ട്രീയത്തിൽ നിർണായക സ്വാധീനമുള്ള സ്റ്റീഫൻ നെടുമ്പള്ളി അബ്രാം ഖുറേഷിയെന്ന ആയുധ വ്യാപാരി കൂടിയായ അധോലോക നായകനാണെന്ന് സൂചന നൽകിയാണ് ലൂസിഫർ അവസാനിച്ചത്. ഇതിന്റെ കഥാതുടർച്ചയാണ് എമ്പുരാൻ.

Related Stories

No stories found.
logo
The Cue
www.thecue.in