

ഒരു ഇടവേളയ്ക്ക് ശേഷം താടി വടിച്ച് ക്ലീൻ ഷേവ് ലുക്കിൽ മോഹൻലാൽ. ‘തുടരും’ എന്ന ചിത്രത്തിനു ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ സിനിമയ്ക്ക് വേണ്ടിയാണ് നടന്റെ ഈ ലുക്ക്. മോഹൻലാൽ തന്നെയാണ് പുതിയ ലുക്കിലുള്ള ചിത്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചതും. ‘ചുമ്മാ’ എന്ന അടിക്കുറിപ്പോടെയാണ് ക്ലീൻ ഷേവ് ലുക്കിലുള്ള ചിത്രം താരം പങ്കുവച്ചത്.
അതേസമയം തരുൺ മൂർത്തി-മോഹൻലാൽ ടീമിന്റെ പുതയ്‌യ ചിത്രത്തിന് തൊടുപുഴയിൽ തുടക്കമായിരിക്കുകയാണ്. 'തുടരും' എന്ന വമ്പൻ വിജയത്തിന് ശേഷം മോഹൻലാലും തരുണും ഒന്നിക്കുന്ന സിനിമ എന്നതിനാൽ ഈ പുതിയ സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷയാണുള്ളത്. പൊലീസ് കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. മീര ജാസ്മിനാണ് നായികയായി എത്തുന്നത്.
ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ ആണ് നിർമാണം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് രതീഷ് രവി. ‘തുടരും’ സിനിമയിലെ പല അണിയറ പ്രവർത്തകരും ഈ സിനിമയിലും ആവർത്തിക്കുന്നു. ‘തുടരും’ ഉൾപ്പെടെ മോഹൻലാലിന്റെ സൂപ്പർഹിറ്റ് സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം ജേക്‌സ് ബിജോയ്, കോ ഡയറക്ഷൻ ബിനു പപ്പു, എഡിറ്റിങ് വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ടർ ഗോകുല്‍ദാസ്, കോസ്റ്റും മഷാര്‍ ഹംസ, പ്രൊഡക്‌ഷൻ കൺട്രോളർ സുധര്‍മന്‍, രചന രതീഷ് രവി, മേക്കപ്പ് റോണെക്‌സ് സേവിയര്‍.