'ലാലേട്ടൻ എനിക്കൊരു ബിഗ് ബ്രദർ, ഫൈറ്റ് സീക്വൻസുകളിൽ എന്നെ വേദനിപ്പിക്കരുത് അദ്ദേഹ​ത്തിന് നിർബന്ധമുണ്ടായിരുന്നു': പ്രകാശ് വർമ

'ലാലേട്ടൻ എനിക്കൊരു ബിഗ് ബ്രദർ, ഫൈറ്റ് സീക്വൻസുകളിൽ എന്നെ വേദനിപ്പിക്കരുത് അദ്ദേഹ​ത്തിന് നിർബന്ധമുണ്ടായിരുന്നു': പ്രകാശ് വർമ

Published on

തുടരും സിനിമയുടെ സെറ്റിൽ മോഹൻലാൽ തനിക്ക് ഒരു ബി​ഗ് ബ്രദറിനെപ്പോലെയായിരുന്നു എന്ന് പ്രകാശ് വർമ. തരുൺ മൂർത്തിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ചിത്രമാണ് തുടരും. ചിത്രത്തിലെ പ്രകാശ് വർമ ചെയ്ത സിഐ ജോർജ്ജ് മാത്തൻ എന്ന കഥാപാത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടുന്നുണ്ട്. ചിത്രത്തിലെ ക്ലൈമാക്സിലെ സംഘട്ടന രംഗങ്ങളിൽ തന്നെ വളരെയധികം സംരക്ഷിച്ചു കൊണ്ടാണ് അദ്ദേഹം ഫൈറ്റ് ചെയ്തത് എന്നും താൻ വീഴരുത് തനിക്ക് നോവരുത് എന്നൊരു ശ്രദ്ധ അദ്ദേഹത്തിൽ നിന്നും തനിക്ക് ലഭിച്ചിട്ടുണ്ടെന്നും പ്രകാശ് വർമ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

പ്രകാശ് വർമ പറഞ്ഞത്:

ലാലേട്ടന്റെ കൂടെയുള്ള ഫൈറ്റ് സീക്വൻസുകളിൽ അദ്ദേഹം എന്നെ ഭയങ്കരമായിട്ട് സംരക്ഷിക്കുകയായിരുന്നു. എത്രയൊക്കെ കഷ്ടപ്പാടുള്ള ആക്ഷൻ ആണെങ്കിലും അദ്ദേഹം എന്റെ ദേഹത്ത് തൊടില്ല, പക്ഷെ ക്യാമറയിൽ പവർ തോന്നുകയും ചെയ്യും. പല ഭാഗങ്ങളിലും എന്നെ സംരക്ഷിച്ച് പോയിട്ടുണ്ട്. ഞാൻ വീഴരുത്, എനിക്ക് വേദനിക്കരുത് എന്ന് അദ്ദേഹത്തിനുണ്ടായിരുന്നു. എന്നെ സംബന്ധിച്ച് ലാലേട്ടൻ എനിക്കൊരു ബിഗ് ബ്രദറാണ്. എന്നെ ചേർത്ത് പിടിച്ച്, സംരക്ഷിക്കുന്ന പോലെയാണ് എനിക്കെപ്പോഴും തോന്നിയിട്ടുള്ളത്. അതുകൊണ്ട് തന്നെ ഞാൻ അദ്ദേഹത്തെ വേദനിപ്പിക്കരുത് എന്ന് എനിക്കുമുണ്ടായിരുന്നു. ഏതോ ഒരു ഭാഗത്ത് ഞാൻ അദ്ദേഹത്തിന്റെ കയ്യിൽ ചവിട്ടുന്നുണ്ട്, അത് അദ്ദേഹത്തിന്റെ ദേഹത്ത് കൊണ്ടു എന്ന് തോന്നുന്നു. പക്ഷെ അപ്പോഴും അദ്ദേഹം അതൊരു പ്രശ്നമായി പറഞ്ഞില്ല, ഇനി പ്രശ്നം ഉണ്ടെങ്കിലും അദ്ദേഹം പറയില്ല.

പെർഫോമർ എന്ന തരത്തിൽ മോഹൻലാലിന്റെ കംബാക്ക് ആണ് തുടരും എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മോഹൻലാലിനെക്കൂടാതെ ചിത്രത്തില്‍ ശോഭന, പ്രകാശ് വര്‍മ, ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു, തോമസ് മാത്യു, ഇര്‍ഷാദ് തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ഇൻഡസ്ട്രി ഹിറ്റ് ചിത്രമായ എമ്പുരാന്റെ റെക്കോര്‍ഡ് തകര്‍ത്താണ് തുടരും മലയാള സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ചിരിക്കുന്നത്. രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ കെ ആർ സുനിലും തരുൺ മൂർത്തിയുമാണ്. ഷാജി കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. എഡിറ്റിംഗ് നിഷാദ് യൂസുഫ്, ഷെഫീഖ് വി ബി, സംഗീതം ജേക്സ് ബിജോയ്.

logo
The Cue
www.thecue.in