തമിഴ്നാടിന് പുറത്ത് ഇതാദ്യം, നമ്മുക്കിടയിൽ ഉള്ള ഒരാളായി മോഹൻലാൽ; ഹൃദയപൂർവം ഡിസംബറിലെന്ന് സത്യൻ അന്തിക്കാട്

തമിഴ്നാടിന് പുറത്ത് ഇതാദ്യം, നമ്മുക്കിടയിൽ ഉള്ള ഒരാളായി മോഹൻലാൽ; ഹൃദയപൂർവം ഡിസംബറിലെന്ന് സത്യൻ അന്തിക്കാട്

മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രം 2024 ഡിസംബറിൽ ഷൂട്ടിം​ഗ് തുടങ്ങുമെന്ന് സത്യൻ അന്തിക്കാട്. നൈറ്റ് ഷിഫ്റ്റ് എന്ന ഷോർട്ട് ഫിലിം ഒരുക്കിയ ടി.പി സോനുവിന്റെ തിരക്കഥയിലാണ് ഇക്കുറി സത്യൻ അന്തിക്കാട് ചിത്രം. ഹ്യൂമറിന് പ്രാധാന്യമുള്ള, കുടുംബപ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഹൃദയപൂർവ്വം എന്നും സംവിധായകൻ സത്യൻ അന്തിക്കാട് ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചു. ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് സത്യൻ അന്തിക്കാട് - മോഹൻലാൽ കൂട്ടുകെട്ടിൽ ഒരു ചിത്രം വരുന്നത്. എത്ര വർഷം കഴിഞ്ഞാലും മോഹൻലാൽ എന്നും തന്റെ പ്രിയപ്പെട്ട നടനാണ് എന്നു സത്യൻ അന്തിക്കാട്. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിൻ പ്രഭാകരൻ സം​ഗീത സംവിധാനവും നിർവഹിക്കും. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ എമ്പുരാന് ശേഷം നിർമ്മിക്കുന്ന ചിത്രമാണ് ഹൃ​ദയപൂർവം.

സത്യൻ അന്തിക്കാട് ക്യു സ്റ്റുഡിയോയോട്

ഞാനും മോഹൻലാലും കൂടെ ചെയ്യുന്ന ഹൃദ്യമായ ഒരു സിനിമയായിരിക്കും ഹൃദയപൂർവ്വം. ഹ്യൂമറിന് പ്രാധാന്യമുള്ള, കുടുംബപ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും. എന്റെ കൂടെ ഇത്തവണ മൂന്ന് പുതിയ ആളുകൾ ഉണ്ട് എന്നതാണ് ഇതിൽ എനിക്കുള്ള ഫ്രഷ്‌നെസ്സ്. ഛായാ​ഗ്രഹണം അനു മൂത്തേടത്ത് ആണ്. സം​ഗീതസംവിധാനം ജസ്റ്റിൻ പ്രഭാകരൻ, സോനു ടിപി ആണ് തിരക്കഥ സംഭാഷണം. ഡിസംബർ- ജനുവരി സമയത്തായിരിക്കും ചിത്രീകരണം തുടങ്ങുന്നത്. സിനിമ ചെയ്യുമ്പോഴുള്ള ഇടവേള എത്ര വർഷം നീണ്ടാലും മോഹൻലാൽ എന്നും എന്റെ പ്രിയപ്പെട്ട നടനാണ്. ഈ സിനിമയിൽ മോഹൻലാൽ സാധാരണ മനുഷ്യൻ തന്നെയാണ്, അമാനുഷികനല്ല, നമ്മുടെ ഇടയിലുള്ള ഒരാളായാണ് മോഹൻലാൽ ഹൃദയപൂർവ്വത്തിൽ എത്തുന്നത്. കേരളത്തിലും പൂനെയിലുമായാണ് ചിത്രീകരണം. ആദ്യമായാണ് ഞാൻ തമിഴ്‌നാടിനപ്പുറത്തേക്ക് ചിത്രീകരണത്തിന് പോകുന്നത്.

ഒരു സൂപ്പർ ഫൺ സിനിമയായിരിക്കും ​ഹൃദയപൂർവം എന്ന് അഖിൽ സത്യൻ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചിരുന്നു. ചിത്രത്തിലെ നായികയെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 2015 ൽ പുറത്തിറങ്ങിയ എന്നും എപ്പോഴും എന്ന ചിത്രമാണ് മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിൽ മഞ്ജു വാര്യരാണ് നായികയായി എത്തിയത്. ജയറാം മീരാജാസ്മിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ മകൾ എന്ന ചിത്രമാണ് സത്യന‍് അന്തിക്കാടിന്റേതായി ഒടുവിൽ പുറത്ത് വന്നത്. തരുൺ മൂർത്തിയുടെ സംവിധാനത്തിലുള്ള ചിത്രവും എമ്പുരാനും പൂർത്തിയാക്കിയ ശേഷമാണ് മോഹൻലാൽ സത്യൻ അന്തിക്കാട് ചിത്രത്തിൽ ജോയിൻ ചെയ്യുക. പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ അടുത്ത വർഷം സിനിമ ചെയ്യുന്നുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in