'അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ മോഹൻലാൽ' ; ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കടുത്ത മത്സരം

'അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് എതിരില്ലാതെ മോഹൻലാൽ' ; ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കടുത്ത മത്സരം

Published on

താരസംഘടനായ അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് നടൻ മോഹൻലാൽ. എതിരില്ലാതെയാണ് മോഹന്‍ലാലിനെ പ്രസിഡന്റായി തെരഞ്ഞെടുത്തത്. മൂന്നാം തവണയാണ് മോഹന്‍ലാല്‍ അമ്മ പ്രസിഡന്റാകുന്നത്. ജൂണ്‍ 30നാണ് അമ്മ ജനറല്‍ ബോഡി ഇലക്ഷൻ നടക്കുന്നത്. അമ്മയുടെ ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരം നടക്കും. ജനറല്‍ സെക്രട്ടറിയായിരുന്ന ഇടവേള ബാബു ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പുതിയ ആളെ തേടുന്നത്.

ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് സിദ്ധിഖ്, കുക്കു പരമേശ്വരന്‍, ഉണ്ണി ശിവപാല്‍ എന്നിവരാണ് മത്സരിക്കുന്നത്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജഗദീഷ്, ജയന്‍ ചേര്‍ത്തല, മഞ്ജു പിള്ള എന്നിവരും മത്സരിക്കുന്നു. അനൂപ് ചന്ദ്രൻ, ബാബുരാജ് ജേക്കബ് എന്നിവരാണ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നവർ. ട്രഷറർ പദവിയിലേക്ക് എതിരില്ലാതെ നടൻ ഉണ്ണി മുകുന്ദൻ തെരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ ഭരണസമിതിയിൽ കമ്മിറ്റി അംഗമായിരുന്നു താരം. നടൻ സിദ്ദീഖിന്റെ പിൻഗാമി ആയിട്ടാണ് ഉണ്ണി മുകുന്ദൻ ഈ സ്ഥാനത്തെത്തുന്നത്. പതിനൊന്ന് അംഗങ്ങളുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് അനന്യ, അൻസിബ, ജോയ് മാത്യു, കലാഭവൻ ഷാജോൺ, രമേഷ് പിഷാരടി, റോണി ഡേവിഡ്, സരയു മോഹൻ, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹൻ എന്നിവരും നാമനിർദേശപത്രിക നൽകി.

കഴിഞ്ഞ ഭരണസമിതിയിലുണ്ടായിരുന്ന ശ്വേത മേനോൻ, മണിയൻ പിള്ള രാജു, ലെന, ലാൽ, വിജയ് ബാബു, സുധീർ, ജയസൂര്യ എന്നിവർ ഇത്തവണ മത്സരരംഗത്തില്ല. വോട്ടിങ് അവകാശമുള്ള 506 അംഗങ്ങളാണ് ‘അമ്മ’യിലുള്ളത്.

logo
The Cue
www.thecue.in