മോഹൻലാൽ - സത്യൻ അന്തിക്കാട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'ഹൃദയപൂർവ്വ'ത്തിന്റെ ടീസർ നാളെ പുറത്തിറങ്ങും. ജൂലൈ 19ന് വൈകീട്ട് അഞ്ച് മണിക്ക് ടീസർ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിച്ചിരിക്കുന്നത്. ടീസറിന്റെ അനൗൺസ്മെന്റ് ആയി പങ്കുവെച്ചിരിക്കുന്ന പോസ്റ്ററിലെ മോഹൻലാലിന്റെ എക്സ്പ്രഷൻ ആരാധകരുടെ മനം കവർന്നിരിക്കുകയാണ്. 2015ൽ റിലീസ് ചെയ്ത എന്നും എപ്പോഴിനും ശേഷം ഏകദേശം 9 വർഷത്തിന് ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. പോസ്റ്റർ കണ്ടിട്ട് 'എന്തോന്നടേയ്' എന്ന് മോഹൻലാൽ ചോദിക്കുന്ന ഭാവമാണ് ഓർമ്മ വരുന്നത് എന്നാണ് പ്രേക്ഷകരുടെ കമൻ്റുകൾ.
ഹ്യൂമർ ഉള്ള, കുറച്ച് കാലമായി നമ്മൾ കാണാത്ത ലാലിന്റെ മുഖവും, മുഖഭാവങ്ങളും ഈ സിനിമയിൽ കാണാൻ പറ്റുമെന്ന് മുമ്പ് സത്യൻ അന്തിക്കാട് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കുടുംബപ്രേക്ഷകർക്ക് രസം തോന്നാവുന്ന, ഒരുമിച്ചിരുന്ന് ആസ്വദിക്കാവുന്ന ചിത്രം ഓഗസ്റ്റ് 28 ന് ഓണം റിലീസ് ആയി തിയറ്ററുകളിലെത്തും. ഫീൽ ഗുഡ് സിനിമയാണെങ്കിൽ സാധാരണ സത്യൻ അന്തിക്കാട് സിനിമകളിൽ നിന്ന് കുറച്ച് വ്യത്യസ്തമായ കഥയായിരിക്കും ഇതെന്ന് മുമ്പും മോഹൻലാലും പറഞ്ഞിരുന്നു.
സത്യൻ അന്തിക്കാട് ക്യു സ്റ്റുഡിയോയോട് പറഞ്ഞത്:
ഞാനും മോഹൻലാലും കൂടെ ചെയ്യുന്ന ഹൃദ്യമായ ഒരു സിനിമയായിരിക്കും ഹൃദയപൂർവ്വം. ഹ്യൂമറിന് പ്രാധാന്യമുള്ള, കുടുംബപ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും. എന്റെ കൂടെ ഇത്തവണ മൂന്ന് പുതിയ ആളുകൾ ഉണ്ട് എന്നതാണ് ഇതിൽ എനിക്കുള്ള ഫ്രഷ്‌നെസ്സ്. ഛായാഗ്രഹണം അനു മൂത്തേടത്ത് ആണ്. സംഗീതസംവിധാനം ജസ്റ്റിൻ പ്രഭാകരൻ, സോനു ടിപി ആണ് തിരക്കഥ സംഭാഷണം. ഡിസംബർ- ജനുവരി സമയത്തായിരിക്കും ചിത്രീകരണം തുടങ്ങുന്നത്. സിനിമ ചെയ്യുമ്പോഴുള്ള ഇടവേള എത്ര വർഷം നീണ്ടാലും മോഹൻലാൽ എന്നും എന്റെ പ്രിയപ്പെട്ട നടനാണ്. ഈ സിനിമയിൽ മോഹൻലാൽ സാധാരണ മനുഷ്യൻ തന്നെയാണ്, അമാനുഷികനല്ല, നമ്മുടെ ഇടയിലുള്ള ഒരാളായാണ് മോഹൻലാൽ ഹൃദയപൂർവ്വത്തിൽ എത്തുന്നത്. കേരളത്തിലും പൂനെയിലുമായാണ് ചിത്രീകരണം. ആദ്യമായാണ് ഞാൻ തമിഴ്‌നാടിനപ്പുറത്തേക്ക് ചിത്രീകരണത്തിന് പോകുന്നത്.
ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത്. ആശിര്‍വാദ് സിനിമാസും സത്യന്‍ അന്തിക്കാടും ഒന്നിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്. മാളവിക മോഹനനാണ് ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത്. ലാലു അലക്സ്, സംഗീത് പ്രതാപ്, സംഗീത സിദ്ദിഖ്, ബാബുരാജ്, സബിതാ ആനന്ദ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്. നവാഗതനായ ടി.പി. സോനു തിരക്കഥ ഒരുക്കുന്നു. അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് ആയി പ്രവർത്തിക്കുന്നു. അനു മൂത്തേടത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ജസ്റ്റിന്‍ പ്രഭാകരന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.