
ലിജോ ജോസ് പെല്ലിശേരിയുടെയും മോഹൻലാലിന്റെയും കരിയറിലെ സുപ്രധാന സിനിമക്ക് രാജസ്ഥാനിലെ ജയ്സാൽമിറിൽ തുടക്കം. ബറോസ്, റാം എന്നീ സിനിമകൾ പൂർത്തിയാക്കി മോഹൻലാൽ 2023ൽ ജോയിൻ ചെയ്ത ചിത്രവുമാണ് മലൈക്കോട്ടൈ വാലിബൻ. ലിജോ ജോസ് പെല്ലിശേരിയുടെ കഥയ്ക്ക് പി.എസ് റഫീക്ക് തിരക്കഥയെഴുതുന്നു. മലയാളത്തിലെയും ഇതരഭാഷയിലെയും മുൻനിര താരങ്ങൾ ഈ ആക്ഷൻ എന്റർടെയിനറിൽ ഒന്നിക്കുന്നു.
മോഹൻലാൽ,ലിജോ ജോസ് പെല്ലിശ്ശേരി, മറ്റു താരങ്ങൾ, ചിത്രത്തിന്റെ നിർമ്മാതാക്കളായ ജോൺ ആൻഡ് മേരി ക്രിയേറ്റിവിന്റെ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ കൊച്ചുമോൻ, മാക്സ് ലാബിന്റെ അനൂപ് എന്നിവർ സന്നിഹിതരായിരുന്നു. 2023ൽ തിയറ്റർ റിലീസായെത്തുന്ന ചിത്രമാണ് മലക്കോട്ടൈ വാലിബൻ. മുൻസിനിമകളിൽ നിന്ന് വ്യത്യസ്ഥമായി ലിജോ മാസ് എന്റർടെയിനർ സ്വഭാവത്തിൽ ഒരുക്കുന്ന ചിത്രം കൂടിയാണ് മലൈക്കോട്ടൈ വാലിബൻ.
ആമേൻ എന്ന ചിത്രത്തിന് ശേഷം പി. എസ്സ്. റഫീഖ് തിരക്കഥയെഴുതുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രവുമാണ് മലൈക്കോട്ടൈ വാലിബൻ.
ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. പ്രശാന്ത് പിള്ള സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ദീപു ജോസഫ് ആണ്. രാജസ്ഥാനിൽ പൂർണമായും ചിത്രീകരിക്കുന്ന ബിഗ് ബഡ്ജറ്റ് മോഹൻലാൽ ചിത്രത്തിൽ ഇന്ത്യൻ സിനിമയിലെ പല പ്രഗത്ഭതാരങ്ങളും അഭിനയിക്കുന്നുണ്ട്.
ലിജോ പെല്ലിശേരി മലക്കോട്ടൈ വാലിബനെക്കുറിച്ച്
മമ്മൂക്കയെ എങ്ങനെ ഓൺ സ്ക്രീൻ കാണണം എന്ന് ഞാൻ ആഗ്രഹിക്കുന്നുവോ അത് പോലെ ലാലേട്ടൻ ചെയ്ത് കാണണമെന്ന് ആഗ്രഹിക്കുന്ന കഥാപാത്രമാണ് മലൈക്കോട്ടൈ വാലിബൻ എന്ന സിനിമ.
പി.എസ് റഫീക്ക് പറഞ്ഞത്
ഇന്ത്യന്‍ സിനിമയില്‍ എന്നല്ല, ലോക സിനിമയിലെ തന്നെ നടന്മാരില്‍ പ്രധാനിയാണ് മോഹന്‍ലാല്‍. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ രീതിയില്‍ വളരെ അനായാസമായി തന്നെ 'മലൈക്കോട്ടെെ വാലിബനെ' മോഹന്‍ലാല്‍ സ്‌ക്രീനിലെത്തിക്കുമെന്നതില്‍ സംശയമില്ല.
എല്ലാ കലാകാരന്മാരുടെയും കരിയറില്‍ നല്ലതും ചീത്തതുമുണ്ടാകും. എന്നാല്‍ നല്ലതും ചീത്തതും എന്ന ധാരണ ഓരോരുത്തരുടെയും കാഴ്ചപ്പാടില്‍ അധിഷ്ഠിതമാണ്. ഒരു നടനെ സംബന്ധിച്ചിടത്തോളം അയാള്‍ക്ക് ലഭിക്കുന്ന വേഷങ്ങളാണ് അയാളെ നിര്‍ണ്ണയിക്കുന്നത്. അത്തരത്തില്‍ ഒരു ഗ്യാപ് മോഹന്‍ലാല്‍ എന്ന നടനുണ്ടായിട്ടുണ്ടെന്ന് എനിക്ക് വ്യക്തിപരമായി അഭിപ്രായമില്ല. മുഴുവന്‍ സമയവും കലയില്‍ ജീവിക്കുന്ന കലാകാരനെന്ന നിലയില്‍ അദ്ദേഹമെല്ലാക്കാലത്തും ശക്തനാണ്. അദ്ദേഹത്തെ സംബന്ധിച്ച് കഥാപാത്രത്തില്‍ ആവേശിച്ച് പുറത്തുവരുന്ന അനുഭവമാണ് സിനിമ. അതിനപ്പുറമുള്ള ചര്‍ച്ചകള്‍ ഒരു സിനിമയുടെ ജയ- പരാജയങ്ങളുടെ ഫലമാണ്.
ഒരു തിരക്കഥാകൃത്തിനെയോ സംവിധായകനെയോ സംബന്ധിച്ച് രണ്ട് സിനിമകള്‍ പരാജയപ്പെട്ടാല്‍ അടുത്ത സിനിമ ലഭിക്കുക എന്നത് ഒരു വലിയ കടമ്പയാണ്. എന്നാല്‍ പതിറ്റാണ്ടുകളായി ഈ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്ന മമ്മൂട്ടിയുടെയോ മോഹന്‍ലാലിനെയോ ആ അളവുകോലില്‍ അളക്കരുത്. അവര്‍ക്ക് അവരുണ്ടാക്കിയ, അവരുടേതായ ശക്തമായ ഒരു സ്‌പേസ് ഇവിടെയുണ്ട്. അതെപ്പോഴുമുണ്ടാകും. ആ സ്‌പേസില്‍ എന്തെങ്കിലും വിടവുണ്ടായിട്ടുണ്ടെന്ന് പ്രേക്ഷകന് തോന്നലുണ്ടെങ്കില്‍ ആ വിടവ് നികത്തുന്ന സിനിമയായിരിക്കും 'മലൈക്കോട്ടെെ വാലിബനെ'ന്ന് ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. ആ സ്‌പേസ് പൂര്‍ണ്ണമായും അദ്ദേഹം ഈ സിനിമയ്ക്ക് വേണ്ടി ഉപയോഗിക്കുമെന്നും ഉറപ്പാണ്.
മോഹന്‍ലാലിനെപ്പോലെയുള്ള ഒരു വലിയ നടന്‍ ഞങ്ങളില്‍ പൂര്‍ണ്ണ വിശ്വാസം അര്‍പ്പിച്ച് കൂടെ നില്‍ക്കുകയാണ്. ആ വിശ്വാസത്തിന് കോട്ടം തട്ടാതിരിക്കാന്‍ ഞങ്ങളുടെ ഭാഗത്തുനിന്നും കഴിവിന്റെ പരമാവധി പരിശ്രമമുണ്ടാകും.