അഭിനയം മോഹന്‍ലാല്‍, സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി, 'മലൈക്കോട്ടൈ വാലിബന്‍' വരുന്നു

അഭിനയം മോഹന്‍ലാല്‍, സംവിധാനം ലിജോ ജോസ് പെല്ലിശ്ശേരി, 'മലൈക്കോട്ടൈ 
വാലിബന്‍' വരുന്നു

മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. 'മലൈക്കോട്ടൈ വാലിബന്‍' എന്നാണ് ചിത്രത്തിന്റെ പേര്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ച ടൈറ്റില്‍ പസിലിന് അതോടെ ഉത്തരം ലഭ്യമായിരിക്കുകയാണ്. മോഹന്‍ലാലും ലിജോയും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അടുത്തവര്‍ഷമായിരിക്കും.

പിഎസ് റഫീക്കാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. ആമേന് ശേഷം ലിജോയ്ക്ക് വേണ്ടി പിഎസ് റഫീക്ക് തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണ് മലൈക്കോട്ടൈ വാലിബന്‍. ചുരുളിക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി കാമറ ചലിപ്പിക്കും. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.

ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍ ഒപ്പം സെഞ്ച്വറി, മാക്സ് ലാബ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് നിര്‍മ്മാണം. മോഹന്‍ലാലിന്റെ വീട്ടില്‍ ലിജോ പെല്ലിശേരി സന്ദര്‍ശിച്ച ചിത്രം സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നതിന് പിന്നാലെ നിരവധി അഭ്യൂഹങ്ങള്‍ വന്നിരുന്നു. തന്റെ അടുത്ത ചിത്രം ലിജോയോടൊപ്പമാണെന്ന് മോഹന്‍ലാലും ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

മമ്മൂട്ടി നായകനായ നന്‍പകല്‍ നേരത്ത് മയക്കമാണ് ലിജോ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം. ചിത്രം ഐഎഫ്എഫ്‌കെയില്‍ സ്‌ക്രീന്‍ ചെയ്തപ്പോള്‍ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in