'ലാലുക്കുട്ടാ എന്നല്ലാതെ വിളിച്ചിട്ടില്ല, എന്നെ ഏറ്റവും കൂടുതല്‍ സ്വപനം കണ്ടായാള്‍': മോഹന്‍ലാല്‍

'ലാലുക്കുട്ടാ എന്നല്ലാതെ വിളിച്ചിട്ടില്ല, എന്നെ ഏറ്റവും കൂടുതല്‍ സ്വപനം കണ്ടായാള്‍': മോഹന്‍ലാല്‍

വേണുച്ചേട്ടന്റെ വിയോഗത്തോടെ യാത്രയില്‍ തനിച്ചായിപ്പോയ അവസ്ഥയാണെന്ന് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ വേണുച്ചേട്ടനും അവിടെയുണ്ടായിരുന്നു. അന്ന് ചേര്‍ത്തുനിര്‍ത്തിയതാണ്. പിന്നീട് അതീവ മനോഹരമായൊരു യാത്രയായിരുന്നും ഞങ്ങളുടേതെന്ന് മോഹന്‍ലാല്‍ മലയാള മനോരമക്ക് വേണ്ടി എഴുതിയ കുറിപ്പില്‍ പറയുന്നു.

മോഹന്‍ലാലിന്റെ വാക്കുകള്‍:

'യാത്രയില്‍ തനിച്ചായിപ്പോയ അവസ്ഥയാണ്. ഈ സമയത്ത് വേണുച്ചേട്ടനെ കുറിച്ച് എന്തെങ്കിലും പറയുന്നതുപോലും ശരിയല്ല. അത്രയേറെ തനിച്ചായിപ്പോയ അവസ്ഥയാണ്. എന്റെ യാത്രയില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമെ ഇതുപോലെ കൂടെ ഉണ്ടായിട്ടുള്ളു. കൂടയില്‍ കൂടെ നടന്ന ഒരാളാണ് ഇല്ലാതായത്. എന്നെ ഇതുപോലെ ചേര്‍ത്തു നിര്‍ത്തിയവര്‍ കുറവാണ്. അതുപോലെ ഞാന്‍ അങ്ങോട്ടും. തിരനോട്ടത്തില്‍ അഭിനയിക്കാന്‍ വിളിക്കാനാണ് ആദ്യം വേണുച്ചേട്ടനെ അന്വേഷിച്ച് പോയത്. കുട്ടികള്‍ സിനിമയെടുത്ത് കളിക്കുകയാണെന്ന് തോന്നിയപ്പോള്‍ ഓടിച്ച് വിട്ടു. പിന്നീട് ഞാന്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ വേണുച്ചേട്ടനും അവിടെ ഉണ്ടായിരുന്നു. അന്ന് ചേര്‍ത്തുനിര്‍ത്തിയതാണ്. കല്യാണം, പിറന്നാള്‍ തുടങ്ങിയ വീട്ടിലെ എല്ലാ ആഘോഷങ്ങളിലും ഒരുമിച്ച് ഉണ്ടായിരുന്നു. കുറച്ച് ദിവസം മുന്‍പ് വരെ വിളിച്ചു. കൈവിട്ടു പോവുകയാണെന്ന ദിവസങ്ങളിലാണ് ഞാന്‍ തിരിച്ചറിഞ്ഞത്, എന്റെ യാത്രയിലിനി വേണുച്ചേട്ടനില്ലെന്ന്.

തന്മാത്ര, വാനപ്രസ്ഥം, ഇരുവര്‍ അങ്ങനെ നല്ല സിനിമകളെല്ലാം കാണുമ്പോള്‍ ആഘോഷിച്ചത് വേണുച്ചേട്ടനാണ്. ലാലുക്കുട്ടാ എന്നല്ലാതെ വിളിച്ചിട്ടില്ല. ആദ്യം കണ്ടപ്പോള്‍ വിളിച്ചതും അങ്ങനെ തന്നെയാണ്. വീട്ടില്‍ വേണുച്ചേട്ടനെ എല്ലാവരും വിളിച്ചിരുന്നത് ശശിയെന്നാണ്. സൗകാര്യമായി ഞാനും ശശിയേട്ടാ എന്ന് വിളിച്ചു. അവസാനം കലാമണ്ഡലം ഗോപിയാശാനൊപ്പം ആറാട്ട് എന്ന സിനിമയില്‍ വരെ ഒരുമിച്ച് അഭിനയിച്ചു. വേണുച്ചേട്ടന് ആദ്യം കരുതി വെച്ചത് മറ്റൊരു റോളായിരുന്നു. എന്നാല്‍ 'എനിക്ക് ചെറിയ വേഷമായാലും ലാലിനൊപ്പം മതി' എന്നാണു പറഞ്ഞത്.

ഞങ്ങളുടേത് അതീവ മനോഹരമായ യാത്രയായിരുന്നു. ഉത്സവം പോലൊരു യാത്ര. എന്നെ ഏറ്റവും കൂടുതല്‍ സ്വപ്‌നം കണ്ടയാള്‍ വേണുച്ചേട്ടനാകും. സ്വപ്‌നം കണ്ടാല്‍ തൊട്ടടുത്ത ദിവസം വിളിക്കും. മിക്കപ്പോഴും സ്വപ്‌നത്തില്‍ ഞാനൊരു കുട്ടിയായിരിക്കും. അല്ലെങ്കില്‍ ഞങ്ങള്‍ തമ്മിലുള്ള തമാശയായിരിക്കും. വേണുച്ചേട്ടനൊപ്പം പറഞ്ഞതു പോലുള്ള തമാശകള്‍ ആര്‍ക്കൊപ്പവും പറഞ്ഞിട്ടില്ല. അദ്ദേഹം എന്റെ ഗുരുവായിരുന്നോ ഏട്ടനായിരുന്നോ സുഹൃത്തായിരുന്നോ എന്നറിയില്ല.

ഇതുവരെ എന്നെ സ്വപ്‌നം കണ്ട വേണുച്ചേട്ടനെ ഞാനിനി സ്വപ്‌നം കാണുമായിരിക്കും. എന്നെ ചേര്‍ത്തുപിടിച്ചു ചെവിയില്‍ ആരും കേള്‍ക്കാതെ തമാശ പറയുമായിരിക്കും. എന്നാലും ഈ യാത്രയില്‍ തനിച്ചാകുകയാണ്. യാത്രയുടെ കുടക്കീഴില്‍ ഞാന്‍ മാത്രം.'

Related Stories

No stories found.
logo
The Cue
www.thecue.in