മലൈക്കോട്ടൈ വാലിബൻ 2 ഭാഗങ്ങളാക്കാൻ തീരുമാനിച്ചതോടെ ആ സിനിമയുടെ നീളവും ആശയവും എല്ലാം മാറിപ്പോയി; മോഹൻലാൽ

മലൈക്കോട്ടൈ വാലിബൻ 2 ഭാഗങ്ങളാക്കാൻ തീരുമാനിച്ചതോടെ ആ സിനിമയുടെ നീളവും ആശയവും എല്ലാം മാറിപ്പോയി; മോഹൻലാൽ
Published on

മലൈക്കോട്ടൈ വാലിബന്റെ പരാജയ കാരണം പറഞ്ഞ് ന‍ടൻ മോ​ഹൻലാൽ. മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രം രണ്ട് ഭാ​ഗങ്ങളാക്കി പൂർത്തിയാക്കാനുള്ള അണിയറ പ്രവർത്തകരുടെ കണക്കുകൂട്ടൽ തെറ്റായിപ്പോയി എന്ന് മോഹൻലാൽ പറയുന്നു. മലൈക്കോട്ടൈ വാലിബന്റെ കഥ കേൾക്കുന്ന സമയത്ത് അതൊരു മികച്ച കഥയായാണ് തനിക്ക് അനുഭവപ്പെട്ടതെന്നും എന്നാൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചതിന് ശേഷം സിനിമ വലുതാവുകയും ഒടുവിൽ സിനിമയുടെ ആശയം തന്നെ മാറിപ്പോയി എന്നും മോ​ഹൻലാൽ ​ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

മോഹൻലാൽ പറഞ്ഞത്:

മലൈക്കോട്ടൈ വാലിബന്റെ കഥ എന്നോട് പറയുന്ന സമയത്ത് എനിക്ക് അത് വളരെ മികച്ച കഥയായാണ് അനുഭവപ്പെട്ടത്. പക്ഷേ ഷൂട്ടിം​ഗ് തുടങ്ങിയതിന് ശേഷം ആ കഥ വലുതാകാൻ തുടങ്ങി. ശേഷം അത് കയ്യിൽ നിന്നും തെന്നിപ്പോയി. അവർ അത് 2 ഭാ​ഗങ്ങളായിട്ട് ഒരുക്കാം എന്നു പറഞ്ഞു. എന്തിന്? അങ്ങനെ ആ സിനിമയുടെ നീളവും കോൺസെപ്റ്റും തുടങ്ങി എല്ലാം മാറിപ്പോയി. അതൊരു തെറ്റ് ആണെന്ന് ഞാൻ പറയുന്നില്ല. പക്ഷേ അതൊരു തെറ്റായ കണക്കുകൂട്ടലായിരുന്നു. മാത്രമല്ല ആ സിനിമ ഷൂട്ട് ചെയ്തത് വളരെ വ്യത്യസ്തമായ രീതിയിലാണ്. അത് അദ്ദേഹത്തിന്റെ സിനിമയെടുക്കുന്ന രീതിയാണ്. ചില സിനിമകൾക്ക് ഒരു പേയ്സ് ഉണ്ടാകുമല്ലോ, ആ സിനിമയുടെ പേയ്സുമായി പ്രേക്ഷകന് കണക്ട് ചെയ്യാൻ സാധിച്ചിട്ടുണ്ടാവില്ല. ലൂസിഫറിൽ നിന്നു തന്നെ എമ്പുരാൻ എങ്ങനെ ചെയ്യണമെന്ന് അവർക്ക് ഐഡിയ ഉണ്ടായിരുന്നു. എന്താണ് ആളുകൾ ഈ സിനിമയിൽ നിന്ന് പ്രതീക്ഷിക്കുന്നത് എന്ന് അവർക്ക് അറിയാം. ആ പ്രതീക്ഷ നിലനിർത്തുകയാണെങ്കിൽ നല്ലതാണ്. അത് തന്നെയാണ് ലിജോയുടെ ചിത്രത്തിനും സംഭവിച്ചത്. ആളുകൾക്ക് ആ സിനിമയ്ക്ക് മേൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ ആ പ്രതീക്ഷയ്ക്കൊത്ത് അതിന് ഉയരാൻ സാധിച്ചില്ല.

ജോണ്‍ മേരി ക്രിയേറ്റിവിന്റെ ബാനറില്‍ ഷിബു ബേബി ജോണ്‍, സെഞ്ച്വറി ഫിലിംസിന്റെ ബാനറില്‍ കൊച്ചുമോന്‍, മാക്സ് ലാബിന്റെ അനൂപ് എന്നിവര്‍ ചേര്‍ന്ന് നിർമിച്ച ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. വലിയ പ്രതീക്ഷകളോടെ എത്തിയ ചിത്രം എന്നാൽ തിയറ്ററിൽ വലിയ ചലനം സൃഷ്ടിച്ചിരുന്നില്ല. സിനിമയുടെ പരാജയം നൽകിയ നിരാശ മറികടക്കാൻ മൂന്നാഴ്ചയോളം എടുത്തു എന്ന് മുമ്പ് ലിജോ പെല്ലിശ്ശേരി വെളിപ്പെടുത്തിയിരുന്നു. പി.എസ്. റഫീഖ് ആയിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരാടി,ഡാനിഷ് സേട്ട്, രാജീവ് പിള്ളൈ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in