മോഹൻലാലിനെ നിർബ്ബന്ധിച്ച് പ്രതികരിപ്പിക്കേണ്ട കാര്യമെന്താണ്? ചാനൽ പ്രവർത്തകരുടെ പെരുമാറ്റം അനുചിതവും മര്യാദകേടുമെന്ന് വി ടി ബൽറാം

മോഹൻലാലിനെ നിർബ്ബന്ധിച്ച് പ്രതികരിപ്പിക്കേണ്ട കാര്യമെന്താണ്? ചാനൽ പ്രവർത്തകരുടെ പെരുമാറ്റം അനുചിതവും മര്യാദകേടുമെന്ന് വി ടി ബൽറാം
Published on

മോഹൻലാലിന്റെ കണ്ണിൽ ചാനൽ മൈക്ക് തട്ടിയ സംഭവത്തിൽ പ്രതികരിച്ച് കോണ്‍ഗ്രസ് മുന്‍ എംഎല്‍എ വി.ടി. ബല്‍റാം. മോഹൻലാലിനോടുള്ള ചില ചാനൽ പ്രവർത്തകരുടെ പെരുമാറ്റം തീർത്തും അനുചിതവും മര്യാദകേടുമാണെന്ന് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ വി ടി ബൽറാം പറയുന്നു. ചാനലുകളോട് പ്രതികരിക്കണമോ വേണ്ടയോ എന്നത് മോഹൻലാലിന്റെ വ്യക്തിപരമായി തീരുമാനമാണെന്നും ആ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുക തന്നെ വേണമെന്നും വി ടി ബൽറാം പറഞ്ഞു.

വി ടി ബൽറാമിന്റെ പോസ്റ്റ്:

ഒരാൾക്ക് ഏതെങ്കിലും വിഷയത്തിൽ പ്രതികരിക്കാൻ താത്പര്യമില്ലെങ്കിൽ അയാളെ നിർബ്ബന്ധിച്ച് പ്രതികരിപ്പിക്കേണ്ട കാര്യമെന്താണ്? ശ്രീ. മോഹൻലാൽ ഭരണഘടനാപരമായോ നിയമപരമായോ ഉത്തരവാദിത്തപ്പെട്ട ഏതെങ്കിലും ഔദ്യോഗിക പദവി വഹിക്കുന്നയാളല്ല, ഒരു കലാകാരനാണ്, സിനിമാ അഭിനേതാക്കളുടെ മാത്രം സംഘടനയുടെ ഭാരവാഹിയാണ്. അതുകൊണ്ടുതന്നെ ചാനലുകളോട് പ്രതികരിക്കണമോ വേണ്ടയോ എന്നത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. ആ വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുക തന്നെ വേണം. അദ്ദേഹത്തോടുള്ള ചില ചാനൽ പ്രവർത്തകരുടെ പെരുമാറ്റം തീർത്തും അനുചിതവും മര്യാദകേടുമാണ്.

കഴിഞ്ഞ ദിവസം ജിഎസ്ടി ദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത് തിരുവനന്തപുരം ടാഗോർ തിയറ്ററിൽ നിന്നു പുറത്തിറങ്ങുന്നതിനിടെയാണ് മാധ്യമപ്രവർത്തകന്റെ മൈക്ക് മോഹൻലാലിന്റെ കണ്ണിൽ തട്ടിയത്. സംസ്ഥാനത്ത് ജിഎസ്ടി അടയ്ക്കുന്ന സിനിമാതാരങ്ങളില്‍ ഒന്നാംസ്ഥാനം നേടിയതിന്റെ ഭാ​ഗമായി പുരസ്‌കാരം വാങ്ങാന്‍ എത്തിയതായിരുന്നു മോഹൻലാൽ. ചടങ്ങ് കഴിഞ്ഞു പുറത്തിറങ്ങിയ മോഹൻലാലിനോട് മകൾ വിസ്മയുടെ സിനിമ പ്രവേശത്തെ കുറിച്ചാണ് മാധ്യമപ്രവർത്തകർ ചോദിച്ചത്. "ഞാൻ ഇപ്പോഴാണ് അറിഞ്ഞത്. അറിഞ്ഞിട്ട് പറയാം"- എന്നാണ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് മോഹൻലാൽ പ്രതികരിച്ചത്. ഇതിനിടെ കാറിലേക്കു കയറും വഴിയണ് മൈക്ക് മോഹൻലാലിന്റെ കണ്ണിൽ തട്ടിയത്. പെട്ടെന്നുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് മൈക്ക് ഐഡി മോഹൻലാലിന്റെ കണ്ണിൽ തട്ടിയത്. "എന്താണ് മോനേ ഇതൊക്കെ, കണ്ണിലേക്കൊക്കെ... അയാളെ ഞാൻ നോക്കി വച്ചിട്ടുണ്ട്"- എന്ന് തമാശയോടെ പറഞ്ഞാണ് മോഹൻലാൽ കാറിലേക്ക് കയറുന്നത്. മോഹൻലാലിന്റെ കണ്ണിൽ മൈക്ക് തട്ടുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in