
മോഹൻലാലും ശോഭനയും തകർത്താടുന്ന, 'വേൽമുരുക' പോലെ ഒരു ഗാനം തുടരും എന്ന സിനിമയിലുണ്ടാകുമെന്ന് എം ജി ശ്രീകുമാർ. ഭംഗിയുള്ള ഒരു സിനിമയായിരിക്കും 'തുടരും'. 100% സിനിമ ഹിറ്റായിരിക്കും. പ്രേക്ഷകർ ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും സിനിമയിലുണ്ടാകും. ഇപ്പോൾ ഇറങ്ങിയിട്ടുള്ള പാട്ട് പോലെ തന്നെയാണ് സിനിമയും. വേൽമുരുക പോലെ ഒരു പ്രൊമോ സോങ് സിനിമയ്ക്കുണ്ടാകും. പാട്ടിന് വേണ്ടി എത്ര ദിവസവും ഷൂട്ട് ചെയ്യാൻ തയ്യാറാണെന്നാണ് പാട്ട് കേട്ടു കഴിഞ്ഞപ്പോൾ മോഹൻലാൽ പറഞ്ഞത്. ശോഭനയും അത് സമ്മതിച്ചു. അടുത്ത ഒരു വർഷത്തേക്ക് ഇനി പാടണ്ടല്ലോ എന്നാണ് പാട്ട് കേട്ടു കഴിഞ്ഞ് മോഹൻലാൽ തന്നോട് പറഞ്ഞതെന്ന് എം ജി ശ്രീകുമാർ സ്വന്തം യൂട്യൂബ് ചാനൽ വിഡിയോയിൽ പറഞ്ഞു.
എം ജി ശ്രീകുമാർ പറഞ്ഞത്:
ഭംഗിയുള്ള ഒരു സിനിമയാണ് 'തുടരും'. 100% സിനിമ ഹിറ്റായിരിക്കും. സിനിമ കുറച്ചു ഞാൻ കണ്ടു. അതുകൊണ്ടാണ് പറഞ്ഞത്. വികാരഭരിതമായ ഒരുപാട് കാര്യങ്ങൾ സിനിമയിലുണ്ട്. നിങ്ങളാഗ്രഹിക്കുന്ന എല്ലാം സിനിമയിലുണ്ട്. ആദ്യം പുറത്തിറങ്ങിയ പാട്ട് കേട്ടാൽ നിങ്ങൾക്ക് മനസ്സിലാകും. അതുപോലെ തന്നെയാണ് സിനിമയും. വേൽമുരുക പോലെ ഒരു പാട്ടുണ്ട്. പ്രൊമോ സോങാണ് അത്. പ്രൊമോ സോങ്ങായി എടുക്കാം എന്ന് കരുതിയിരുന്നപ്പോൾ മോഹൻലാൽ പാട്ട് കേട്ടു. എത്ര ദിവസം വേണമെങ്കിലും ഈ പാട്ടിന് വേണ്ടി അഭിനയിക്കാമെന്ന് പറഞ്ഞു. അപ്പോൾ ശോഭനയും ചെയ്യാമെന്ന് പറഞ്ഞു. വരും ദിവസങ്ങളിൽ എറണാകുളത്ത് അത് ഷൂട്ട് ചെയ്യുന്നുണ്ട്. ഇത് കംപ്ലീറ്റ് വിഷ്വലിൽ മോഹൻലാലും ശോഭനയും തകർത്താടുന്ന മറ്റൊരു വേൽമുരുകയാണ്. ലാൽ ഈ പാട്ട് കേട്ടിട്ട് എന്നെ വിളിച്ചു. അണ്ണാ ഇനി ഒരു വർഷത്തേക്ക് പാടിയില്ലെങ്കിലും കുഴപ്പമില്ലല്ലോ എന്നാണ് ലാൽ പറഞ്ഞത്.
ദേശിയ പുരസ്‌കാരം നേടിയ 'സൗദി വെള്ളക്ക' എന്ന ചിത്രത്തിന് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തുടരും'. മോഹൻലാലും ശോഭനയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ടാക്സി ഡ്രൈവറായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുന്നത്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം മോഹൻലാലും ശോഭനയും സ്‌ക്രീനിൽ ഒന്നിച്ചെത്തുന്ന ചിത്രം കൂടിയാണ് തുടരും. ചിത്രം ഒരു സത്യൻ അന്തിക്കാട് വൈബ് സിനിമയായിരിക്കും എന്നാണ് തരുൺ മൂർത്തി മുമ്പ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.