ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോയ്ക്ക് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ട് അണിയറ പ്രവർത്തകർ. 'കാട്ടാളൻ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ആന്റണി പെപ്പെയാണ് പ്രധാന വേഷത്തിൽ എത്തുന്നത്. താഴെ വീണു കിടക്കുന്ന മൃതദേഹങ്ങൾക്കും ആനകൊമ്പുകൾക്കും ഇടയിലായി ആളികത്തുന്ന തീയ്ക്ക് മുന്നിൽ വലിയൊരു മഴുവും ഏന്തി നിൽക്കുന്ന പെപ്പയുടെ രൂപമാണ് പോസ്റ്ററിൽ പ്രേക്ഷകന് കാണാൻ സാധിക്കുക. നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം പാൻ ഇന്ത്യൻ തലത്തിലായിരിക്കും എത്തുക എന്നാണ് സൂചന.
മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്‍റ് ചിത്രം എന്ന ഖ്യാതിയോടെ തിയറ്ററുകളിലെത്തിയ ചിത്രമായിരുന്നു മാർക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യ 100 കോടി ചിത്രം കൂടിയായിരുന്നു. ആദ്യ ചിത്രം മാർക്കോയെപ്പോലെ തന്നെ ക്യൂബ്സ് എന്റർടൈൻമെന്റ്സി കാട്ടാളനും വയലൻസിലൂന്നിയായിരിക്കും കഥ പറയുക എന്നാണ് ചിത്രത്തിന്റെ പോസ്റ്റർ നൽകുന്ന സൂചന. ജയ്ലർ, ലിയോ, ജവാൻ, കൂലി തുടങ്ങിയ സിനിമകളുടെ ടൈറ്റിൽ ഡിസൈൻ ചെയ്ത ഐഡന്റ്ലാബ്സ് ടീം ആണ് കാട്ടാളന്റെ ടൈറ്റിലും ഡിസൈൻ ചെയ്തിരിക്കുന്നത്. ചിത്രത്തിന്‍റേതായി മറ്റ് വിവരങ്ങളൊന്നും തന്നെ അണിയറപ്രവർത്തകർ നിലവിൽ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
നോർത്ത് ഇന്ത്യയിലും മികച്ച പ്രേക്ഷക പ്രതികരണം നേടിയ ചിത്രമായിരുന്നു മാർക്കോ. ഒരു കുടുംബത്തിലെ ദത്തുപുത്രനായ ‘മാർക്കോ’ തന്റെ സഹോദരന്റെ ക്രൂരമായ കൊലപാതക വാർത്തയറിഞ്ഞതിന് ശേഷം പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങി എത്തുകയും, തന്റെ പിതാവായ ടോണിയും റസ്സൽ ഐസക്കും നയിച്ച ഗൂഢാലോചന മനസ്സിലാക്കുകയും ചെയ്യുന്നു. തുടർന്ന് വിശ്വാസഘാതത്തിനും പ്രതികാരത്തിനുമിടയിൽ മാർക്കോയുടെ അതിജീവനത്തിന്റെ യാത്രയാണ് ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.വിസ്മയിപ്പിക്കുന്ന ആക്ഷൻ രംഗങ്ങൾക്കൊപ്പം ഭീകരമായ വയലൻസും ഉള്ളതിനാൽ ഒരുപാട് ചർച്ച ചെയ്യപ്പെട്ട ചിത്രം കൂടിയായിരുന്നു ‘മാർക്കോ’. ഉണ്ണി മുകുന്ദനെ കൂടാതെ, സിദ്ദിഖ്, ജഗദീഷ്, അഭിമന്യു തിലകൻ, കബീർ ദുഹാൻ സിങ്, ആൻസൻ പോൾ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് നടൻ ജഗദീഷ് ചിത്രത്തിലെത്തിയത്. മലയാളം, തെലുങ്ക്, കന്നഡ, തമിഴ് എന്നീ ഭാഷകളിലായി സോണി ലിവിൽ ചിത്രം ഇപ്പോൾ ലഭ്യമാണ്