വിറ്റഴിച്ച ആയിരക്കണക്കിന് ടിക്കറ്റുകള്‍, ആഘോഷിക്കാനിരുന്ന ഫാന്‍സ് ഷോ, തകര്‍ന്നടിഞ്ഞ് മോഹന്‍ലാല്‍ ഫാന്‍സ്

വിറ്റഴിച്ച ആയിരക്കണക്കിന് ടിക്കറ്റുകള്‍, ആഘോഷിക്കാനിരുന്ന ഫാന്‍സ് ഷോ, തകര്‍ന്നടിഞ്ഞ് മോഹന്‍ലാല്‍ ഫാന്‍സ്

നീണ്ട ചര്‍ച്ചകളും തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' ഒടിടി റിലീസായിരിക്കുമെന്ന പ്രഖ്യാപനം വന്നതോടെ നിരാശയില്‍ ആരാധകര്‍. റിലീസ് ദിവസം പുലര്‍ച്ചെ മുതല്‍ ഫാന്‍സിന് വേണ്ടി പ്രത്യേക പ്രദര്‍ശനം നടത്താന്‍ 2019ല്‍ തന്നെ ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ ടിക്കറ്റ് വിറ്റഴിച്ചിരുന്നു. മോഹന്‍ലാല്‍ ആരാധകരുടെ ഔദ്യോഗിക സംഘടനയാണ് ടിക്കറ്റ് വിറ്റിരുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും ഫാന്‍സ് ഷോ നടത്തി മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും ബജറ്റുള്ള പീരിഡ് ഡ്രാമ ആഘോഷമാക്കാനുള്ള ആഗ്രഹമാണ് തകര്‍ന്നടിഞ്ഞത്.

തിയറ്ററിന് വേണ്ടി ഡിസൈന്‍ ചെയ്ത കാലാപാനിക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ഡ്രീം പ്രൊജക്ട് മൊബൈല്‍ സ്‌ക്രീനിലേക്ക് ചുരുങ്ങിയതിലെ നിരാശ ആരാധകരും പരസ്യപ്പെടുത്തുന്നുണ്ട്.

ആന്റണിപെരുമ്പാവൂരിന്റെ തീരുമാനത്തിനൊപ്പമാണ് ആരാധകരെന്ന് ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വിമല്‍ കുമാര്‍ പ്രതികരിച്ചു. നമ്മുടെ സന്തോഷങ്ങളും ആഘോഷങ്ങളും ഇല്ലെങ്കിലും മറ്റൊരാള്‍ സങ്കടപ്പെടാന്‍ പാടില്ല. ഒരു സിനിമയുടെ നിര്‍മ്മാതാവ് കൂടിയായ തനിക്ക് നിര്‍മ്മാതാവിന്റെ നഷ്ടമെന്താണെന്ന് വ്യക്തമായി അറിയാമെന്നും വിമല്‍ ദ ക്യുവിനോട് പറഞ്ഞു.

'ആന്റണി പെരുമ്പാവൂരിന്റെ തീരുമാനത്തെ പൂര്‍ണമായും സ്വാഗതം ചെയ്യുന്നു. അത് ഞാന്‍ അദ്ദേഹത്തോട് നേരിട്ട് പറയുകയും ചെയ്തിരുന്നു. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി, സിനിമ ഒടിടിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന് സംഘടനയിലെ അംഗങ്ങളോട് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. ഞാന്‍ അവരെ പറഞ്ഞ് ബോധ്യപ്പെടുത്തി, അവരും ഈ തീരുമാനത്തിനൊപ്പമാണ്. ഇനിയൊരു പക്ഷെ സിനിമ തിയറ്ററിലെത്തിയാല്‍ അതിനെയും ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു.

ഒരോ സിനിമയ്ക്ക് അഡ്വാന്‍സായി തിയറ്ററുടമകളില്‍ നിന്ന് ഡിപ്പോസിറ്റ് വാങ്ങും. അഞ്ച് ലക്ഷം രൂപ നല്‍കി പടമെടുത്ത് അതിന് പത്തും പതിനഞ്ചും ലക്ഷം രൂപ ഷെയര്‍ വന്നാലും കൃത്യമായി നല്‍കാത്തവരാണ് ചില തിയറ്ററുകാര്‍. പടം ക്ലോസ് ചെയ്താലും അവര്‍ ആ പണം നല്‍കില്ല. ഇവര്‍ ഈ പണമെടുത്ത് മറ്റ് സിനിമകള്‍ക്ക് ഡെപ്പോസിറ്റ് കൊടുക്കും. കിട്ടേണ്ട ആളുകള്‍ക്ക് പണം ലഭിക്കുകയും ഇല്ല. ഇതൊക്കെയാണ് ഇവിടെ നടക്കുന്നതെന്നും വിമല്‍ കുമാര്‍ കുറ്റപ്പെടുത്തി.

മരക്കാര്‍ തിയറ്ററില്‍ തന്നെ കാണണമെന്നായിരുന്നു എല്ലാവരുടെയും ആഗ്രഹമെന്നാണ് മോഹന്‍ലാല്‍ ആരാധകനായ ആദര്‍ശ് വിയജന്‍ പ്രതികരിച്ചത്. തിയറ്ററുകാര്‍ കുറച്ചുകൂടെ സഹകരിക്കണമായിരുന്നുവെന്നും അദ്ദേഹം ദ ക്യുവിനോട് പറഞ്ഞു.

'ഫാന്‍സ് ഷോയ്ക്ക് നേരത്തെ ടിക്കറ്റെടുത്ത് കാത്തിരുന്നവരാണ് ഞങ്ങള്‍. വെളുപ്പിന് നാല് മണിയുടെ ഷോയ്ക്കായിരുന്നു ടിക്കറ്റ് എടുത്തത്. റിലീസ് മാറ്റിവെച്ചപ്പോള്‍ ഇതേ ടിക്കറ്റ് തന്നെ ഉപയോഗിക്കാമെന്നായിരുന്നു പറഞ്ഞിരുന്നത്. ഇത്രയും പ്രതീക്ഷയോടെ കാത്തിരുന്ന് ഒടിടി റിലീസ് എന്ന് കേള്‍ക്കുമ്പോള്‍ വിഷമമുണ്ട്. ആരാധര്‍ക്കായി തിയറ്ററില്‍ പ്രത്യേക പ്രദര്‍ശനം നടത്താമെന്ന് ആന്റണി ചേട്ടന്‍ പറഞ്ഞതിലാണ് ചെറിയ ആശ്വാസമുള്ളത്. ഇത്രയും നാളായി കാത്തിരിക്കുന്നതല്ലെ. ബ്രോ ഡാഡി ഉള്‍പ്പടെ ഒടിടി റിലീസ് ആയിരിക്കുമെന്നാണ് പറയുന്നത്. ലാലേട്ടന്റെ ഒരു സാന്നിധ്യം പോലും തിയറ്ററുകള്‍ തുറന്നിട്ട് ഇല്ല. ഇതില്‍ നല്ല വിഷമമുണ്ട്.'

തിയറ്റര്‍ ഉടമകള്‍ക്ക് ചില വിട്ടുവീഴ്ചകള്‍ ചെയ്യാമായിരുന്നുവെന്നും ആദര്‍ശ് പ്രതികരിച്ചു. 'ചെലവേറിയ സിനിമയാണ് മരക്കാര്‍, അത്രയും തുക ഒരാള്‍ രണ്ട് വര്‍ഷത്തേക്കൊക്കെ റോള്‍ ചെയ്ത് മാറ്റിവെക്കുക എന്ന് പറഞ്ഞാല്‍ അതിന്റേതായ ബുദ്ധിമുട്ടുകളുണ്ടാകും. ആന്റണി ചേട്ടന്‍ സിനിമയില്‍ നിന്ന് പണമുണ്ടാക്കി സിനിമയില്‍ തന്നെ ഇന്‍വെസ്റ്റ് ചെയ്യുന്ന ആളാണ്. തിയറ്ററുകാര്‍ കുറച്ചുകൂടെ സഹകരിക്കണമായിരുന്നു', ആദര്‍ശ് കൂട്ടിച്ചേര്‍ത്തു.

2020 മാര്‍ച്ച് 26ന് റിലീസ് നിശ്ചയിച്ച സമയത്താണ് ഫാന്‍സ് ഷോ തീരുമാനിച്ചിരുന്നത്. കൊവിഡിനെ തുടര്‍ന്ന് റിലീസ് ഡേറ്റ് നാല് തവണ മാറ്റിവച്ചു. ഒടുവിലാണ് ഒടിടി റിലീസായി തീരുമാനിച്ചത്. വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു മരക്കാര്‍ ഒടിടി റിലീസായിരിക്കുമെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചത്.

കൊവിഡ് ഉള്‍പ്പടെ പല കാരണങ്ങളാലാണ് ചിത്രം തിയേറ്ററില്‍ റിലീസ് ചെയ്യാത്തതെന്നും ആന്റണി പെരുമ്പാവൂര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞിരുന്നു. തിയേറ്റര്‍ ഉടമകളുടെ സംഘടന ചിത്രത്തിന്റെ തിയേറ്റര്‍ റിലീസുമായി ബന്ധപ്പെട്ട് ഒരു പരിഗണനയ്ക്കും തയ്യാറല്ലെന്ന് അറിയാന്‍ കഴിഞ്ഞതിനാലാണ് മന്ത്രി സജി ചെറിയാനുമായുള്ള ചര്‍ച്ചയില്‍ നിന്ന് പിന്മാറിയത്. മരക്കാര്‍ സിനിമയ്ക്ക് 4 കോടി 80 ലക്ഷം രൂപ മാത്രമാണ് തിയറ്ററുകളില്‍ നിന്ന് അഡ്വാന്‍സ് ലഭിച്ചത്. 40 കോടിയെന്നത് വ്യാജപ്രചരണമാണ്. മോഹന്‍ലാലിന്റെയും പ്രിയദര്‍ശന്റെയും സമ്മതത്തോടെയാണ് തീരുമാനമെന്നും ആന്റണി വ്യക്തമാക്കിയിരുന്നു.

വിറ്റഴിച്ച ആയിരക്കണക്കിന് ടിക്കറ്റുകള്‍, ആഘോഷിക്കാനിരുന്ന ഫാന്‍സ് ഷോ, തകര്‍ന്നടിഞ്ഞ് മോഹന്‍ലാല്‍ ഫാന്‍സ്
'എടാ നമ്മുക്ക് ഒന്നിച്ച് തിയറ്ററില്‍ ഈ സിനിമ കാണണം എന്ന് മോഹന്‍ലാല്‍ പറഞ്ഞു': പ്രിയദര്‍ശന്‍
വിറ്റഴിച്ച ആയിരക്കണക്കിന് ടിക്കറ്റുകള്‍, ആഘോഷിക്കാനിരുന്ന ഫാന്‍സ് ഷോ, തകര്‍ന്നടിഞ്ഞ് മോഹന്‍ലാല്‍ ഫാന്‍സ്
'ലാല്‍സാറിന് പ്രതിഫലം കൊടുക്കാന്‍ പറ്റിയിട്ടില്ല, എല്ലാവരും മാസ്‌കിട്ട് വീട്ടിലിരിക്കുമ്പോള്‍, മാസ്‌കില്ലാതെ അഭിനയിച്ച ആളാണ്'

Related Stories

No stories found.
logo
The Cue
www.thecue.in