'മറ്റൊരാളുടെ അഭിപ്രായം നമ്മുടേതായി മാറരുത്' ; അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് മമ്മൂട്ടി

'മറ്റൊരാളുടെ അഭിപ്രായം നമ്മുടേതായി മാറരുത്' ; അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് മമ്മൂട്ടി

നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യം മറ്റൊരാൾക്ക് പണയം വയ്ക്കാതെ നമ്മൾ തന്നെ പറയണമെന്നും മറ്റൊരാളുടെ അഭിപ്രായം നമ്മുടേതായി മാറരുതെന്നും മമ്മൂട്ടി. പ്രേക്ഷകൻ പ്രതീക്ഷിക്കുന്ന സിനിമയാണോ പ്രേക്ഷകൻ പ്രതീക്ഷിക്കുന്നതിനുമപ്പുറമാണോ എന്നൊക്കെ തീരുമാനിക്കേണ്ടത് സിനിമ കാണുന്നവരാണ്. വേറൊരാൾക്ക് ഇഷ്ട്ടപെട്ടില്ലെങ്കിലും നമുക്കിഷ്ട്ടപ്പെട്ടു എന്ന് തുറന്നു പറയുക. അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടായിട്ടും അത് ഉപയോഗിക്കാതെ ഇരിക്കുന്നത് നമ്മുടെ സ്വാതന്ത്ര്യത്തെ നഷ്ട്ടപെടുത്തുന്നതിന് തുല്യമാണെന്നും കണ്ണൂർ സ്‌ക്വാഡിന്റെ പ്രെസ്സ് മീറ്റിൽ മമ്മൂട്ടി പറഞ്ഞു.

മമ്മൂട്ടിയുടെ വാക്കുകൾ :

പ്രേക്ഷകൻ പ്രതീക്ഷിക്കുന്ന സിനിമയാണോ പ്രേക്ഷകൻ പ്രതീക്ഷിക്കുന്നതിനുമപ്പുറമാണോ എന്നൊക്കെ തീരുമാനിക്കേണ്ടത് സിനിമ കാണുന്നവരാണ്. നമ്മുടെ അഭിപ്രായ സ്വാതന്ത്ര്യം മറ്റൊരാൾക്ക് പണയം വയ്ക്കാതിരിക്കുക, അത് നമ്മൾ തന്നെ പറയണം. മറ്റൊരാളുടെ അഭിപ്രായം നമ്മുടേതായി മാറരുത്. അഭിപ്രായ സ്വാതന്ത്ര്യം ഉണ്ടായിട്ടും അത് ഉപയോഗിക്കാതെ ഇരിക്കുന്നത് നമ്മുടെ സ്വാതന്ത്ര്യത്തെ നമ്മൾ നഷ്ട്ടപെടുത്തുന്നതിന് തുല്യമാണ്. എല്ലാ സിനിമകളും കണ്ട് അഭിപ്രായം പറയാനുള്ള സാമ്പത്തിക ശേഷി നമുക്കുണ്ടായെന്ന് വരില്ല. എന്നാലും ഒരു സിനിമ നമുക്ക് ഇഷ്ടപ്പെട്ടെങ്കിൽ ഇഷ്ട്ടപെടുക ഇഷ്ട്ടപ്പെട്ടില്ലെങ്കിൽ ഇഷ്ടപെടാതിരിക്കുക. വേറൊരാൾക്ക് ഇഷ്ട്ടപെട്ടില്ലെങ്കിലും എനിക്കിഷ്ടപ്പെട്ടു എന്ന് തുറന്നു പറയുക. നമ്മുടെ കാഴ്ച, സ്വാതന്ത്ര്യം പൂർണമായും അനുഭവിക്കുക.

മമ്മൂട്ടിയെ നായകനാക്കി ഛായാ​ഗ്രാഹകൻ റോബി വർ​ഗീസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. എ എസ് ഐ ജോർജ് മാർട്ടിൻ എന്ന പോലീസുകാരനെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കേരളത്തിൽ നിന്ന് ഉത്തരേന്ത്യയിലേക്ക് പ്രതികളെ അന്വേഷിച്ച് പോകുന്ന പൊലീസുകാരുടെ കഥയാണ് ചിത്രം പറയുന്നത്. മമ്മൂട്ടിക്കൊപ്പം റോണി ഡേവിഡ്, അസീസ് നെടുമങ്ങാട്, ശബരീഷ്, എന്നിവരാണ് സ്ക്വാഡ് മെമ്പേഴ്സായെത്തുന്നത്. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് 'കണ്ണൂര്‍ സ്‌ക്വാഡ്'. മമ്മൂട്ടി ചിത്രങ്ങളായ 'ദി ഗ്രേറ്റ് ഫാദര്‍', 'പുതിയ നിയമം' തുടങ്ങിയവയുടെ ഛായാഗ്രാകനായിരുന്നു റോബി വര്‍ഗീസ് രാജ്. റോബിയുടെ സഹോദരനും നടനുമായ റോണി ഡേവിഡും മുഹമ്മദ് ഷാഫിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. സണ്ണി വെയ്ൻ , വിജയരാഘവൻ, കിഷോർ തുടങ്ങിയവരും ചിത്രത്തിൽ മറ്റ് പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നുണ്ട്. മുഹമ്മദ് റാഹിലാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. സംഗീതം സുഷിൻ ശ്യാം , എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീണ്‍ പ്രഭാകര്‍. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in