

മലയാളത്തിന്റെ സിനിമാ ചരിത്രത്തിൽ ചില പേരുകൾ കാലത്തെ അതിജീവിക്കുന്നവയാണ്. ആ പേരുകൾക്ക് മുകളിൽ കാലം എത്ര വീശിയടിച്ചാലും മങ്ങാത്ത തിളക്കമുണ്ടാകും. എഴുപത്തിനാലാം വയസ്സിലും ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയുടെ അസാമാന്യ പ്രകടനത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം ഏറ്റുവാങ്ങുമ്പോൾ, മമ്മൂട്ടി എന്ന മഹാമേരു വീണ്ടും ഒരു ചരിത്രത്തിന് സാക്ഷ്യം വഹിക്കുകയാണ്.
ഇന്ത്യൻ സിനിമാ ചരിത്രത്തിൽ നാല് ദേശീയ പുരസ്‌കാരങ്ങൾ സ്വന്തമാക്കുന്ന രണ്ടാമത്തെ നടൻ എന്ന വിശേഷണത്തിലേക്ക് മമ്മൂട്ടി നടന്നു കയറുന്നത് ഓരോ മലയാളിക്കും അഭിമാനകരമായ നിമിഷമാണ്. 2013ന് ശേഷം മലയാള സിനിമയിലേക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മടങ്ങിയെത്തുമ്പോൾ, അതിന് കാരണക്കാരനായി മമ്മൂട്ടി തന്നെ വീണ്ടും വരുന്നു എന്നത് യാദൃശ്ചികമല്ല. അത് അഭിനയത്തോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത അഭിനിവേശത്തിന്റെ അടയാളപ്പെടുത്തലാണ്.
അഭിനയത്തിന്റെ വിസ്മയഗാഥ; അഞ്ചു പതിറ്റാണ്ട്
മമ്മൂട്ടിയുടെ അഭിനയ ജീവിതം വെറുമൊരു കരിയർ ഗ്രാഫ് മാത്രമല്ല, മലയാള സിനിമയുടെ അസ്തിത്വവുമായി ഇഴചേർന്നു കിടക്കുന്ന ഒരു വലിയ തപസ്സാണ്. 1971ൽ 'അനുഭവങ്ങൾ പാളിച്ചകൾ' എന്ന ചിത്രത്തിൽ ഒരു ജൂനിയർ ആർട്ടിസ്റ്റായി തുടങ്ങിയ ആ യാത്ര, പതിറ്റാണ്ടുകൾക്കിപ്പുറവും യുവത്വത്തിന്റെ ഊർജ്ജത്തോടെ തുടരുകയാണ്.
അദ്ദേഹത്തിന്റെ അഭിനയ ശൈലി പലപ്പോഴും ലോകസിനിമയിലെ 'മെത്തേഡ് ആക്ടിംഗിനോട്' (Method Acting) സമാനമാണെന്ന് പ. കഥാപാത്രത്തിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്നു, ആ മനുഷ്യന്റെ ശ്വാസോച്ഛ്വാസം പോലും തന്റേതാക്കി മാറ്റാൻ അദ്ദേഹത്തിനുള്ള കഴിവ് അത്ഭുതകരമാണ്. മമ്മൂട്ടി എന്ന നടന്റെ പ്രതിഭയെക്കുറിച്ച് വിഖ്യാത സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞത് ഇന്നും ഒരു അംശം കുറയാതെ അദ്ദേഹം തെളിയിക്കുകയാണ്; "മമ്മൂട്ടി ഒരു സംവിധായകന്റെ നടനാണ്. അദ്ദേഹം ഒരു കഥാപാത്രമായി മാറിക്കഴിഞ്ഞാൽ പിന്നെ അവിടെ മമ്മൂട്ടി എന്ന വ്യക്തിയില്ല, ആ കഥാപാത്രം മാത്രമാണുള്ളത്. 'മതിലുകൾ' ഷൂട്ട് ചെയ്യുമ്പോൾ ബഷീർ തന്നെയാണോ എന്റെ മുന്നിൽ നിൽക്കുന്നത് എന്ന് ഞാൻ പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട്."
അദ്ദേഹത്തോടൊപ്പം പ്രവർത്തിച്ചവർക്കെല്ലാം പറയാനുള്ളതും സമാനമായ അത്ഭുതമാണ്. മമ്മൂട്ടി എന്ന നടന്റെ കൈകളിലേക്ക് ഒരു തിരക്കഥ കൊടുത്താൽ, അദ്ദേഹം അതിനെ എത്ര മനോഹരമായിട്ടാണ് മിനുക്കിയെടുക്കുന്നത് എന്ന് കാണുന്നത് തന്നെ ഒരു വിസ്മയമാണത്രെ.
അദ്ദേഹത്തിന്റെ അഭിനയയാത്രയുടെ വിസ്മയങ്ങൾ അത്ഭുതകരമായ വൈവിധ്യങ്ങളാൽ സമ്പന്നമാണ്. 'മതിലുകളിലെ' ഏകാന്തത പേറുന്ന ബഷീറായി, 'ഒരു വടക്കൻ വീരഗാഥയിലെ' ചതിക്കപ്പെട്ട ചന്തുവായി, 'പൊന്തന്മാടയിലെ' നിസ്സഹായനായ മാടയായി, 'വിധേയനിലെ' ക്രൂരനായ ഭാസ്കര പട്ടേലരായി, 'ഡോ. ബാബാസാഹേബ് അംബേദ്കറിലെ' വിപ്ലവകാരിയായ ബാബാസാഹേബായി, ഒടുവിൽ 'ഭ്രമയുഗത്തിലെ' ആ മാന്ത്രികമായ കൊടുമൺ പോറ്റിയായി... ഇങ്ങനെ ഓരോ കഥാപാത്രങ്ങളിലൂടെയും അദ്ദേഹം നടത്തിയത് അഭിനയത്തിന്റെ അതിരുകൾ ഭേദിക്കലാണ്. വെറും വേഷങ്ങൾ മാത്രമല്ല, മറിച്ച് മലയാളി പ്രേക്ഷകന്റെ ഓർമ്മകളിൽ എക്കാലവും നിലനിൽക്കുന്ന അവിസ്മരണീയമായ ആത്മസമർപ്പണങ്ങളാണ് ഇതെല്ലാം.
അന്വേഷണങ്ങളുടെ തമ്പുരാൻ
'ഒരു സി.ബി.ഐ ഡയറിക്കുറിപ്പി'ലെ സേതുരാമയ്യരുടെ ബുദ്ധിപരമായ ഒരിടപ്പെടലിൽ നിന്നും 'യവനിക'യിലെ ജേക്കബ് ഈരാളിയുടെ മർമ്മരങ്ങളിലൂടെ 'ഉണ്ട’യിലെ യാഥാർത്ഥ്യബോധമുള്ള പോലീസ് ഉദ്യോഗസ്ഥനിലേക്ക് എത്തുമ്പോൾ, മമ്മൂട്ടിയിലെ നടൻ നമുക്ക് മുന്നിൽ നിയമപാലകന്റെ പുതിയ മുഖങ്ങൾ തുറന്നിടുന്നു.
ആരാധകരെ ഭ്രമിപ്പിച്ച ആന്റി-ഹീറോകൾ
'പാലേരി മാണിക്യ'ത്തിലെ മുരിക്കിൻകുന്നത്ത് അഹമ്മദ് ഹാജിയുടെ വില്ലത്തരവും, 'വിധേയനി'ലെ ഭാസ്കര പട്ടേലരുടെ ക്രൂരതയും, 'മുന്നറിയിപ്പി'ലെ സി.കെ. രാഘവന്റെ നിഗൂഢമായ ശാന്തതയും... ഇതൊന്നും വെറും വേഷങ്ങളല്ല, മലയാളി പ്രേക്ഷകന്റെ ഓർമ്മകളിൽ തറഞ്ഞുനിൽക്കുന്ന ആത്മസമർപ്പണങ്ങളാണ്.
ഇതിഹാസങ്ങളുടെ ഉയിർത്തെഴുന്നേൽപ്പ്
'ഒരു വടക്കൻ വീരഗാഥ'യിലെ ചന്തുവിന്റെ നൊമ്പരങ്ങളിൽ നിന്നും 'കേരള വർമ്മ പഴശ്ശിരാജ'യിലെ രാജാധികാര ഗരിമയിലേക്ക് എത്തുമ്പോൾ, മലയാളത്തിന്റെ ചരിത്ര കഥാപാത്രങ്ങൾക്ക് ജീവൻ നൽകാൻ മമ്മൂട്ടി മാത്രമേയുള്ളൂ എന്ന് കാലം അടിവരയിടുന്നു.
മലയാള സിനിമയുടെ വല്യേട്ടൻ
കുടുംബബന്ധങ്ങളുടെയും കരുത്തിന്റെയും പ്രതീകമായി വെള്ളിത്തിരയിൽ മമ്മൂട്ടി നിറഞ്ഞുനിന്നപ്പോൾ മലയാളിക്ക് അദ്ദേഹം ഒരേസമയം കാവലായി. 'വല്യേട്ടനി'ലെ അറക്കൽ മാധവനുണ്ണിയായും 'വേഷ'ത്തിലെ അപ്പുവായും 'ഹിറ്റ്ലറി'ലെ പെങ്ങന്മാരുടെ കാവലായ മാധവൻകുട്ടിയായും തകർപ്പൻ പ്രകടനം കാഴ്ചവെച്ച താരം, 'ബിഗ്‌ബി'യിലെ ബിലാൽ ജോൺ കുരിശിങ്കൽ എന്ന സ്റ്റൈലിഷ് ഐക്കണിലൂടെ പുതിയൊരു ആക്ഷൻ വ്യാകരണം തന്നെ എഴുതിച്ചേർത്തു.
ചിരിയും ചിന്തയും പകർന്ന്
'പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റിലെ' പ്രാഞ്ചിയുടെ തിരിച്ചറിയൽ പ്രതിസന്ധിയും, 'രാജമാണിക്യ'ത്തിലെ ആ തിരുവനന്തപുരം സ്ലാങ്ങിലുള്ള തമാശകളും, 'തൊമ്മനും മക്കളിലെ' ഊർജ്ജസ്വലതയും മമ്മൂട്ടിയിലെ ഹാസ്യനടനെ മനോഹരമായി അടയാളപ്പെടുത്തുന്നു.
മറക്കാനാകാത്ത അതിഥി വേഷങ്ങൾ
'കഥ പറയുന്നതി'ലെ അശോക് രാജായും, 'നമ്പർ 20 മദ്രാസ് മെയിലിലെ' ആ സെൽഫ്-കാരിക്കേച്ചർ വേഷത്തിലൂടെയും ചുരുങ്ങിയ സമയം കൊണ്ട് അദ്ദേഹം പ്രേക്ഷകഹൃദയങ്ങൾ കീഴടക്കി.
ഭാഷാന്തരങ്ങൾക്കപ്പുറം
'കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേനി'ലെ മേജർ ബാലയായും, 'യാത്ര'യിലെ ആന്ധ്രയുടെ ജനനായകനായും, 'ഡോ. ബാബാസാഹേബ് അംബേദ്കറിലെ' വിപ്ലവകാരിയായ ബാബാസാഹേബായും, 'സ്വാതികിരണ'ത്തിലെ സംഗീത മാന്ത്രികനായും ഇന്ത്യ മുഴുവൻ കൈയടി വാങ്ങിയ മമ്മൂട്ടി, ഭാഷകൾക്കപ്പുറമുള്ള അഭിനയത്തിന്റെ സാർവലൗകിക ഭാഷയാണ് സംസാരിച്ചത്.
കാലത്തെ വെല്ലുവിളിക്കുന്ന പുതിയ അധ്യായങ്ങൾ
'പാട്രിയറ്റ്' എന്ന സ്പൈ ത്രില്ലറും, 'കളങ്കാവലി'ന്റെ തീക്ഷ്ണതയും, 'ടർബോ'യിലെ ആക്ഷൻ ലോകവും കാത്തിരിക്കുമ്പോൾ, പ്രായം വെറുമൊരു അക്കമാണെന്ന് മമ്മൂട്ടി വീണ്ടും തെളിയിക്കുന്നു.
അവാർഡുകൾക്ക് അപ്പുറമുള്ള തപസ്സ്
മമ്മൂട്ടിയുടെ അഭിനയ ജീവിതം പുരസ്‌കാരങ്ങൾക്ക് അപ്പുറം വളർന്ന ഒന്നാണ്. എങ്കിലും, അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലുകളായി ഈ പുരസ്‌കാരങ്ങൾ എന്നും നിലനിൽക്കുന്നുത്.
1990: 'മതിലുകൾ', 'ഒരു വടക്കൻ വീരഗാഥ'
1994: 'പൊന്തന്മാട', 'വിധേയൻ'
1999: 'ഡോ. ബാബാസാഹേബ് അംബേദ്കർ'
2026: 'ഭ്രമയുഗം'
രണ്ട് ഭാഷകളിലായി നാല് തവണ മികച്ച നടനുള്ള പുരസ്‌കാരം നേടുക എന്നത് ഒരു നടനെ സംബന്ധിച്ചിടത്തോളം വലിയൊരു അംഗീകാരമാണ്. ഓരോ കഥാപാത്രത്തെയും സ്വന്തം നിരീക്ഷണങ്ങളിലൂടെയും അനുഭവങ്ങളിലൂടെയും അദ്ദേഹം മിനുക്കിയെടുക്കുന്നു. എത്ര ഉരച്ചാലും മാറ്റുകൂടുന്ന മലയാളത്തിന്റെ സ്വർണ്ണക്കട്ടിയാണ് താനെന്ന് അദ്ദേഹം ഒരിക്കൽ കൂടി തെളിയിക്കുന്നു.
മാറ്റുരയ്ക്കുന്ന മലയാളത്തിന്റെ സ്വർണ്ണം
'ഭ്രമയുഗം' എന്ന ചിത്രത്തിലെ കൊടുമൺ പോറ്റി എന്ന കഥാപാത്രം മമ്മൂട്ടിയിലെ നടന്റെ പക്വതയുടെ പുതിയൊരു തലമാണ് അടയാളപ്പെടുത്തിയത്. സംഭാഷണങ്ങളിലും നോട്ടത്തിലും ശരീരഭാഷയിലും അദ്ദേഹം പുലർത്തിയ കൃത്യത, ആ ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തിയിരുന്നു.
ഇനിയും തന്റേതായ ശൈലിയിൽ കഥാപാത്രങ്ങളെ മിനുക്കിയെടുത്ത്, അഭിനയത്തിന്റെ പുതിയ വഴികൾ തേടുകയാണ് ഈ മഹാനടൻ. മലയാളികൾക്ക് നെഞ്ചേറ്റാൻ ഇനിയും ഒരുപാട് വിസ്മയങ്ങൾ ബാക്കിവെച്ച്, അഭിനയത്തിന്റെ വിസ്മയ ലോകത്ത് മമ്മൂട്ടി തന്റെ യാത്ര തുടരുകയാണ്. 2013ന് ശേഷം മലയാള സിനിമയ്ക്ക് ലഭിച്ച ഈ ദേശീയ പുരസ്‌കാരം വെറുമൊരു അവാർഡ് നേട്ടമല്ല, മറിച്ച് ഒരു മഹാപ്രതിഭയോടുള്ള കാലത്തിന്റെ ആദരവ് കൂടിയാണ്. മലയാള സിനിമയുടെ മുഖമുദ്രയായി, തലമുറകൾക്ക് പ്രചോദനമായി, മമ്മൂട്ടി ഇനിയും അഭിനയത്തിന്റെ ഏറ്റവും ഉയർന്ന കൊടുമുയിലെ ആ സിംഹാസനത്തിൽ വിരാജിക്കും എന്നത് തീർച്ച. ഈ പുരസ്‌കാര നേട്ടം ഓരോ മലയാളിയുടെയും അഭിമാനമാണ്.