'തണ്ണീർ മത്തൻ പോലെയല്ല, ഇത് ജോലി ചെയ്യുന്ന രണ്ടു പേർക്കിടയിൽ ഉണ്ടാകുന്ന റൊമാന്റിക് കോമഡി, മമിത- സംഗീത് ചിത്രത്തെക്കുറിച്ച് ഡിനോയ്

'തണ്ണീർ മത്തൻ പോലെയല്ല, ഇത് ജോലി ചെയ്യുന്ന രണ്ടു പേർക്കിടയിൽ ഉണ്ടാകുന്ന റൊമാന്റിക് കോമഡി, മമിത- സംഗീത് ചിത്രത്തെക്കുറിച്ച് ഡിനോയ്
Published on

പ്രണയ ചിത്രവുമായി മമിത ബൈജുവും സംഗീത് പ്രതാപും. ആഷിഖ് ഉസ്മാൻ നിർമ്മിച്ച് ഡിനോയ് പൗലോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമിത ബൈജുവും സംഗീത് പ്രതാപും ആദ്യമായി ജോഡികളായി എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇന്ന് അണിയറ പ്രവർത്തകർ പുറത്തു വിട്ടു. തിരക്കഥാകൃത്തായ ഡിനോയ് പൗലോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. താൻ ഇതുവരെ ചെയ്തിട്ടുള്ള സിനിമകളിൽ നിന്നും തീർത്തും വേറിട്ടുള്ള ചിത്രമായിരിക്കും ഇതെന്നും ജോലി ചെയ്യുന്ന രണ്ടു പേർക്കിടെയിൽ ഉണ്ടാകുന്ന റൊമാന്റിക് കോമഡി ആണ് ചിത്രത്തിന്റെ പ്രമേയം എന്നും ഡിനോയ് പൗലോസ് ക്യു സ്റ്റുഡിയോയോട് പ്രതികരിച്ചു. ചിത്രം ഈ വർഷം അവസാനത്തോടെ ചിത്രീകരണം തുടങ്ങും എന്നും ഡിനോയ് പൗലോസ് പറഞ്ഞു.

തണ്ണീർ മത്തൻ പോലെയല്ല, ഈ സിനിമ എന്റെ മുൻ സിനിമകളിൽ നിന്നും തീർത്തും വ്യത്യസ്തമായിരിക്കും. ജോലി ചെയ്യുന്ന രണ്ടു പേർക്കിടെയിൽ ഉണ്ടാകുന്ന റൊമാന്റിക് കോമഡി ആണ് ചിത്രം. സിനിമയുടെ ഷൂട്ടിം​ഗ് ഈ വർഷം അവസാനത്തോടെ ആരംഭിക്കും.

ഡിനോയ് പൗലോസ് ക്യു സ്റ്റുഡിയോയോട്

തണ്ണീർമത്തൻ ദിനങ്ങൾ, പത്രോസിന്റെ പടപ്പുകൾ എന്നി ചിത്രങ്ങളുടെ തിരക്കഥാകൃത്തായിരുന്നു ഡിനോയ് പൗലോസ്. ​ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു എന്ന ചിത്രത്തിന് ശേഷം സം​ഗീത് പ്രതാപും മമിത ബൈജുവും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഇത്. പ്രേമലുവിലെ അമൽ ഡേവിസ് എന്ന കഥാപാത്രത്തിനും റീനുവിനും ആരാധകർ ഏറെയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിട്ടുണ്ട്. കലി, തല്ലുമാല, അഞ്ചാം പാതിരാ തുടങ്ങിയ ഹിറ്റ് സിനിമകൾ നിർമിച്ച ആഷിഖ് ഉസ്മാന്റെ ബാനറായ ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസ് ആണ് ഈ ചിത്രം നിർമിക്കുന്നത്. ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ഇരുപതാമത്തെ ചിത്രമാണ് ഇത്.

ഗോവിന്ദ് വസന്തയാണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. അഖിൽ ജോർജ് സിനിമാറ്റോഗ്രാഫിയും, ചാമൻ ചാക്കോ എഡിറ്റിംഗും,ഗോവിന്ദ് വസന്ത സംഗീതവും നിർവഹിക്കുന്നു. കലാനിർമ്മാണം നിമേഷ് എം താനൂർ, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, വത്രാലങ്കാരം മഷർ ഹംസ, മേക്കപ്പ് റോണക്‌സ്സ് സേവ്യർ,വിതരണം സെൻട്രൽ പിക്ചേസ്, പ്രൊഡക്ഷൻ കണ്ട്രോൾ സുധർമ്മൻ വള്ളിക്കുന്ന് പബ്ലിസിറ്റി ഡിസൈൻ യെല്ലോ ടൂത്ത് ഡിജിറ്റൽ മാർക്കറ്റിംഗ് ഒബ്സ്ക്യുറ. ബ്രോമാൻസ് എന്ന ചിത്രത്തിന് ശേഷം ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റേതായി ഇനി വരാനിരിക്കുന്ന ചിത്രം ഫഹദ് ഫാസിലിനെ നായകനാക്കി അൽത്താഫ് സലിം സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിര ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in