ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരിയുടെ 'സൂര്യ 46', സൂര്യയ്ക്ക് നായികയായി എത്തുന്നത് മമിത ബൈജു

ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരിയുടെ 'സൂര്യ 46', സൂര്യയ്ക്ക് നായികയായി എത്തുന്നത് മമിത ബൈജു
Published on

സൂര്യയെ നായകനാക്കി വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി നടി മമിത ബൈജു. ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി ഒരുക്കുന്ന ചിത്രത്തിന് സൂര്യ 46 എന്നാണ് താൽക്കാലികമായി പേര് നൽകിയിരിക്കുന്നത്. ചിത്രത്തിന്റെ പൂജ ഹൈദരാബാദിൽ വച്ചു നടന്നതിന്റെ ചിത്രങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. മിത ബൈജു, രവീണ ടണ്ടൻ, രാധിക ശരത് കുമാർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. സിതാര എന്റർടെയിൻമെന്റ്സ് നിർമിക്കുന്ന ചിത്രത്തിന് ജി.വി. പ്രകാശ് കുമാർ ആണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാ​ഗ്രഹണം.

മുമ്പ് സൂര്യ–ബാല ചിത്രമായ ‘വണങ്കാനിൽ’ മമിതയും ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ സിനിമയില്‍ നിന്നും സൂര്യ പിന്മാറുകയും നാല്‍പത് ദിവസത്തോളം ഷൂട്ട് ചെയ്ത സിനിമയുടെ ചിത്രീകരണം ആദ്യം മുതൽ വീണ്ടും ആരംഭിക്കേണ്ടി വന്നതുമായ സാഹചര്യത്തിലാണ് മമിതയും ചിത്രത്തിൽ നിന്ന് പിന്മാറുന്നത്. തുടർന്ന് അരുൺ വിജയ് ആണ് സൂര്യയുടെ വേഷം ചെയ്തത്. മമിതയുടെ വേഷത്തിൽ റിധ എത്തി. സൂര്യയ്ക്കൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരത്തെക്കുറിച്ച് മുമ്പ് മമിത വളരെ ആവേശത്തോടെ പല അഭിമുഖങ്ങളിലും പങ്കുവച്ചിരുന്നു.

അതേസമയം തമിഴിൽ നിരവധി അവസരങ്ങളാണ് മമിത ബൈജുവിനെ തേടിയെത്തുന്നത്. വിജയ്യുടെ അവസാനത്തെ ചിത്രമെന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം ജന നായകനിലും മമിത പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇതിനു പിന്നാലെ ‘രാക്ഷസൻ’ ടീം ഒരുക്കുന്ന ‘ഇരണ്ടു വാനം’ എന്ന ചിത്രത്തിലും മമിതയാണ് നായിക. ഡ്രാ​ഗൺ എന്ന ചിത്രത്തിന് ശേഷം സംവിധായകനും നടനുമായ പ്രദീപ് രം​ഗനാഥൻ നായകനായി എത്തുന്ന ഡ്യൂഡിലും മമിതയാണ് നായിക. ജി വി പ്രകാശ് കുമാർ നായകനായി എത്തിയ ‘റെബല്‍’ എന്ന ചിത്രമായിരുന്നു മമിതയുടെ തമിഴിലെ അരങ്ങേറ്റ ചിത്രം.

ദുൽഖർ സൽമാനെ നായകനായി എത്തിയ ലക്കി ഭാസ്കർ ആണ് വെങ്കി അറ്റ്ലൂരിയുടേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. 1992 ൽ ബോംബ സ്റ്റോക്ക് എക്സ്ചേഞ്ചിൽ നടന്ന കുപ്രസിദ്ധമായ തട്ടിപ്പിൻ്റെ പശ്‌ചാത്തലത്തിൽ ഭാസ്കർ എന്ന ഒരു സാധാരണ ബാങ്ക് ക്ലർക്കിന്റെ ജീവതകഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം. ആഗോള ബോക്സ് ഓഫീസിൽ നിന്ന് 100 കോടിക്ക് മുകളിലാണ് ലക്കി ഭാസ്കർ നേടിയത്. കേരളത്തിലും സിനിമയ്ക്ക് വലിയ നേട്ടമാണ് ഉണ്ടാക്കാൻ സാധിച്ചത്. ഒടിടിയിലും ചിത്രത്തിന് വമ്പിച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ഫോര്‍ച്യൂണ്‍ ഫയര്‍ സിനിമാസിന്റെ ബാനറിൽ സിതാര എന്റെര്‍റ്റൈന്മെന്റ്‌സും നാഗ വംശി,സായി സൗജന്യാ എന്നിവരും ചേര്‍ന്നാണ് ചിത്രം നിർമിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in