'മലൈക്കോട്ടൈ വാലിബൻ ഒരു മാസ്സ് സിനിമയും സ്പിരിച്വൽ സിനിമയും' ; ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷയുണ്ടെന്ന് മോഹൻലാൽ

'മലൈക്കോട്ടൈ വാലിബൻ ഒരു മാസ്സ് സിനിമയും സ്പിരിച്വൽ സിനിമയും' ; ചിത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷയുണ്ടെന്ന് മോഹൻലാൽ

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി എത്തുന്ന ചിത്രമാണ് 'മലൈക്കോട്ടൈ വാലിബൻ'. ഒരു വെസ്റ്റേൺ ഫിലിമിന്റെ രീതിയിലാണ് മലൈക്കോട്ടൈ വാലിബനെ ട്രീറ്റ് ചെയ്തിരിക്കുന്നതെന്ന് നടൻ മോഹൻലാൽ. മ്യൂസിക്കും കളർ പാറ്റേൺസും സിറ്റുവേഷൻസും ആക്ഷൻസുമൊക്കെ മലയാളത്തിൽ ആദ്യമായി കാണുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. ലിജോ വളരെയധികം ഭംഗിയായി സിനിമ കൈകാര്യം ചെയ്തിട്ടുണ്ടെന്ന് മോഹൻലാൽ മനോരമ ന്യൂസിനോട് പറഞ്ഞു.

മലൈക്കോട്ടൈ വലിബനെക്കുറിച്ച് ഞങ്ങളും വലിയ പ്രതീക്ഷയിലാണ്. വലിയൊരു കാൻവാസിലാണ് ചിത്രം നിർമിച്ചിരിക്കുന്നതെന്നും മോഹൻലാൽ പറഞ്ഞു. മലൈക്കോട്ടൈ വാലിബനെ ഒരു മാസ്സ് സിനിമയായോ ഒരു സ്പിരിച്വൽ സിനിമയായോ കാണാം കാരണം ഇതിലൊരു ഫിലോസഫിയുണ്ട്. വളരെ സീരിയസ് ഫിലിം ആയും കാണാം അതെല്ലാം കാഴ്ചക്കാരാണ് തീരുമാനിക്കേണ്ടതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. മധു നീലകണ്ഠനാണ് ക്യാമറ. തിരക്കഥ എഴുതുന്നത് പി എസ് റഫീഖാണ്. ലിജോയുടേതാണ് കഥ. ആമേന് ശേഷം റഫീഖിന്റെ തിരക്കഥയിൽ ലിജോ പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രവുമാണ് മലൈക്കോട്ടൈ വാലിബൻ. ജോൺ മേരി ക്രിയേറ്റിവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്‌സ് ലാബിന്റെ അനൂപ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്. സൊണാലി കുൽക്കർണി, ഹരീഷ് പേരടി,ഡാനിഷ് സെയ്ത്, രാജീവ് പിള്ളൈ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ ആണ് ചിത്രം പുറത്തിറങ്ങുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in