'ദി ഗ്രേറ്റ് ഗാമയുടെ കഥയല്ല മലൈക്കോട്ടെെ വാലിബൻ' ; ഓൺലൈൻ അഭ്യൂഹങ്ങൾ തെറ്റെന്ന് ഷിബു ബേബി ജോൺ

'ദി ഗ്രേറ്റ് ഗാമയുടെ കഥയല്ല മലൈക്കോട്ടെെ വാലിബൻ' ; ഓൺലൈൻ അഭ്യൂഹങ്ങൾ തെറ്റെന്ന് ഷിബു ബേബി ജോൺ

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന 'മലൈക്കോട്ടെെ വാലിബൻ' പൂർണമായും ഒരു ഫോക്ക് ഫിക്ഷൻ ആക്ഷൻ ഡ്രാമയാണെന്ന് നിർമാതാവ് ഷിബു ബേബി ജോൺ. ദി ഗ്രേറ്റ് ഗാമയെന്ന ഗുസ്തിക്കാരനെ കുറിച്ചാണ് ഈ സിനിമ എന്ന അഭ്യൂഹങ്ങൾ തെറ്റാണ്. അതെല്ലാം ഓരോരുത്തരുടെ ഭാവന മാത്രമാണ്. സിനിമയെ പറ്റി ഏതൊക്കെ ഘട്ടത്തിൽ എന്തൊക്കെ പുറത്തുവിടണമെന്ന് തങ്ങൾക്ക് കൃത്യമായ ധാരണയുണ്ടെന്നും ചെന്നൈയിൽ ഷൂട്ട് നടക്കുന്ന ചിത്രം ഒരു മാസം കൊണ്ട് പൂർത്തിയാകുമെന്നും ന്യൂസ് 18 കേരളയുമായുള്ള അഭിമുഖത്തിൽ ഷിബു ബേബി ജോൺ പറഞ്ഞു.

മോഹൻലാലുമായി സിനിമ ചെയ്യാൻ ഒരു വർഷത്തോളം നിരവധി കഥകൾ കേട്ടിരുന്നു. ചിലത് ഇഷ്ടപ്പെട്ടു ചിലത് ഇഷ്ടപ്പെട്ടില്ല. ലാലുമായി സംസാരിച്ചപ്പോൾ ചില കഥകളിൽ അദ്ദേഹത്തിന് അഭിപ്രായവ്യതാസങ്ങൾ ഉണ്ടായതിനാൽ ഉപേക്ഷിച്ചെന്ന് ഷിബു ബേബി ജോൺ പറഞ്ഞു. ഒരു വർഷം മുന്നേ സിനിമ ചെയ്യാനായി ലിജോ ജോസിനെ സമീപിച്ചിരുന്നു, അന്ന് അദ്ദേഹത്തിന്റെ കയ്യിൽ കഥകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ഒരു വർഷം കഴിഞ്ഞു അദ്ദേഹത്തെ സമീപിച്ചപ്പോൾ ഒരു കഥ ഉണ്ടെന്നു പറയുകയും പിന്നെ എല്ലാം നടക്കേണ്ടത് പോലെ നടക്കുകയും ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റില്ലും ഗ്ലിംസും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. സിനിമയുടെ നേരത്തെ പുറത്ത് വിട്ട പോസ്റ്ററിലെ പോലെ തന്നെ വടം കെട്ടി എന്തോ വലിച്ച് നീക്കുന്ന മോഹൻലാലിനെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. വീഡിയോയിലെ വടവും ആൾക്കൂട്ടവും അതിന് ശേഷമുള്ള 'അടിവാരത്ത് കേളു മല്ലന്റെ പതിനെട്ട് കളരി' എന്നൊരു മൈൽക്കുറ്റിയിലെ എഴുത്തുമെല്ലാം ഒരു മല്ലയുദ്ധത്തിന്റെയും ഗുസ്തിയുടെയുമെല്ലാം സ്വഭാവമുള്ളതാണ്.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത് പി എസ് റഫീക്കാണ്. ജോൺ മേരി ക്രിയേറ്റിവിന്റെ ബാനറിൽ ഷിബു ബേബി ജോൺ, സെഞ്ച്വറി ഫിലിംസിന്റെ ബാനറിൽ കൊച്ചുമോൻ, മാക്‌സ് ലാബിന്റെ അനൂപ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം നിർവഹിക്കുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in