'ബസ്സിന്റെ പുറകിൽ ചാടിക്കയറി കശ്മീർ കശ്മീർ എന്ന് വിളിച്ച ഒരു മോഹൻലാലിനെ ഞാൻ കണ്ടിട്ടുണ്ട്'; മോഹൻലാലുമായുള്ള യാത്രയെക്കുറിച്ച് മേജർ രവി

'ബസ്സിന്റെ പുറകിൽ ചാടിക്കയറി കശ്മീർ കശ്മീർ എന്ന് വിളിച്ച ഒരു മോഹൻലാലിനെ ഞാൻ കണ്ടിട്ടുണ്ട്'; മോഹൻലാലുമായുള്ള യാത്രയെക്കുറിച്ച് മേജർ രവി

മോഹൻലാലിനൊപ്പമുള്ള കശ്മീർ യാത്രയെക്കുറിച്ച് ഓർമ്മിച്ച് സംവിധായകനും നടനുമായ മേജർ രവി. ഉള്ളിൽ എപ്പോഴും കൗതുകവും ആകാംഷയുമുള്ള ഒരു കുട്ടിയാണ് മോഹൻലാൽ എന്ന് മേജർ രവി. മോഹൻലാൽ എന്ന നടനെ തിരിച്ചറിയാത്ത ഒരു നാട്ടിൽ അദ്ദേഹം അനുഭവിച്ച സന്തോഷത്തിന്റെയും സ്വാതന്ത്രത്തിന്റെയും ഒരു കഥയും മേജർ രവി പങ്കുവയ്ക്കുന്നുണ്ട്. കുരുക്ഷേത്ര എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിപ്പിച്ച് തിരിച്ച് വരും വഴി ചായ കുടക്കാനിറങ്ങിയ കശ്മീറിലെ ഒരു ബസ്സ് സ്റ്റോപ്പിന് മുന്നിൽ നിന്നും ആൾക്കൂട്ടത്തിന് നടവുവിലൂടെ ബസ്സിൽ കയറി ഇരുന്ന് കശ്മീർ കശ്മീർ എന്ന് ഉറക്കെ വിളിച്ച ഒരു മോഹൻലാലിനെ താൻ കണ്ടിട്ടുണ്ട് എന്ന് മേജർ രവി പറയുന്നു. ഒരു സാധാരണക്കാരനായി ജീവിക്കാനുള്ള മോഹൻലാലിന്റെ താൽപര്യത്തെക്കുറിച്ചും അന്റൻഷൻ കിട്ടാനായി ആരാധന അധികമായ ആളുകൾ മോഹൻലാലിന്റെ കയ്യിൽ ബ്ലേഡ് കൊണ്ട് കീറിയിട്ടുണ്ട് എന്നും കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ മേജർ രവി പറഞ്ഞു.

മേജർ രവി പറഞ്ഞത്:

കുരുക്ഷേത്രയുടെ ഷൂട്ട് കഴിഞ്ഞ് കാർ​ഗിലിൽ നിന്നും വരുന്നവഴി ചായ കുടിക്കാനിറങ്ങി. കുറച്ച് കഴിഞ് നോക്കിയപ്പോൾ ലാലിനെ കാണാനില്ല. പെട്ടന്ന് നോക്കുമ്പോൾ അവിടെ നിന്ന് പുറത്തേക്ക് പോകുന്ന ബസ്സിന്റെ പുറകിൽ അത്രയും ആൾക്കൂട്ടത്തിന് ഉള്ളിൽക്കൂടി അദ്ദേഹം ചാടിക്കയറി ഇരിക്കുന്നു. എന്നിട്ട് അതിന്റെ മുകളിൽ തൂങ്ങി നിന്നു കൊണ്ട് കശ്മീർ കശ്മീർ എന്ന് ഉറക്കെ വിളിച്ച ഒരു മോഹൻലാലിനെ ഞാൻ കണ്ടിട്ടുണ്ട്. കാരണം ആരും അദ്ദേഹത്തിനെ തിരിച്ചറിയുന്നില്ല. ആ സ്വാതന്ത്ര്യം പുള്ളി ആഘോഷിക്കുക ആയിരുന്നു. ഒരു ആർട്ടിസ്റ്റിന്റെ ഫ്രീഡം എന്ന് പറയുന്നത് എന്താണെന്നും അത് ലഭിക്കുമ്പോഴുള്ള സുഖം എന്താണെന്നും ലാലിലൂടെ ഞാൻ കണ്ട നിമിഷമായിരുന്നു അത്. നമ്മൾ ചിലപ്പോഴെങ്കിലും പറയാറുണ്ട് ഇവർക്ക് ജാഡയാണ് എന്നൊക്കെ, ജാ‍‍ഡയല്ല ഇത് കുറച്ച് കഴിയുമ്പോൾ ഇതൊക്കെ അവർക്ക് തന്നെ ശ്വാസം മുട്ടുന്ന പോലെ വരും. എത്രയോ ആൾക്കാർ ലാലിനെ ബ്ലേഡ് കൊണ്ട് കീറിയിട്ടുണ്ട് എന്നറിയാമോ? അതും അറിയുന്നവർ. ആരാധന മൂത്തിട്ട് എന്തെങ്കിലും തരത്തിൽ ഒരു അന്റൻഷൻ കിട്ടാൻ വേണ്ടി ഷേക്ക് ഹാൻഡ് ചെയ്യുന്ന സമയത്ത് കയ്യ്ക്കുള്ളിൽ ബ്ലേഡ് വച്ചിട്ട് കെെ കൊടുക്കാറുണ്ട്. അതാണ് ചില സമയത്ത് കെെ കൊടുക്കുമ്പോൾ അവർ കയ്യ് വലിക്കുന്നത് ഒക്കെ നമ്മൾ കാണുന്നത്. ഇതൊക്കെ ഞാൻ കണ്ടിട്ടുള്ളതാണ്. കാർ​ഗിലിൽ ഞങ്ങൾ ഒരുമിച്ച് ട്രാവൽ ചെയ്യുന്ന സമയത്ത് ചില്പപ്പോൾ പന്ത്രണ്ട് മണിക്കൂർ ഒക്കെയായിരിക്കും യാത്ര. ഒരോ സ്ഥലത്ത് ചെല്ലുമ്പോഴും ഞങ്ങൾ നിർത്തി നിർത്തിയാണ് യാത്ര ചെയ്യുക. ചിലപ്പോഴൊക്കെ ആ നാട്ടിലെ വീടുകളിൽ ചെന്ന് കയറി അവിടുന്ന് ചായ കുടിച്ചിട്ടുണ്ട്. ഇതൊക്കെ കാണുന്ന സമയത്ത് എനിക്ക് തോന്നിയിട്ടുണ്ട് ഈ മനുഷ്യൻ സാധാരണക്കാരനായി ജീവിക്കാൻ വേണ്ടിയിട്ട് ആ​ഗ്രഹിക്കുന്നുണ്ട് എന്ന്.

മോഹൻലാലിനെ നായകനാക്കി കീർത്തിചക്ര, കുരുക്ഷേത്ര, കാണ്ഡഹാർ തുടങ്ങിയ ചിത്രങ്ങൾ മേജർ രവി സംവിധാനം ചെയ്തിട്ടുണ്ട്. 2017ല്‍ പുറത്തിറങ്ങിയ ഇന്തോ-പാക് യുദ്ധം പ്രമേയമാക്കിയ 1971 ബിയോണ്ട് ബോര്‍ഡേഴ്‌സ് ആണ് മേജര്‍ രവി ഒടുവില്‍ സംവിധാനം ചെയ്ത സിനിമ. കീര്‍ത്തിചക്ര, കുരുക്ഷേത്ര,കാണ്ഡഹാര്‍ എന്നീ സിനിമകളിലെ കഥാപാത്രമായ മഹാദേവന്‍ എന്ന ആര്‍മി ഓഫീസറെയാണ് ഈ ചിത്രത്തിലും മോഹന്‍ലാല്‍ അവതരിപ്പിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in