'ഡ്രസ്സ് ഊരിക്കോ... കഴിഞ്ഞ സീനിൽ ചേട്ടൻ മരിച്ചു' എന്ന് സൗബിൻ പറഞ്ഞു'; 'ഹലോ' ഓർമ്മകൾ പങ്കുവെച്ച് മധു വാര്യർ

'ഡ്രസ്സ് ഊരിക്കോ... കഴിഞ്ഞ സീനിൽ ചേട്ടൻ മരിച്ചു' എന്ന് സൗബിൻ പറഞ്ഞു'; 'ഹലോ' ഓർമ്മകൾ പങ്കുവെച്ച് മധു വാര്യർ
Published on

മോഹൻലാൽ ചിത്രം ഹലോയിലെ രസകരമായ ഓർമ്മ പങ്കുവെച്ച് നടൻ മധു വാര്യർ. കെ.ബി. ഗണേഷ് കുമാർ അവതരിപ്പിച്ച കഥാപാത്രത്തിലേക്കാണ് തന്നെ ആദ്യം പരിഗണിച്ചത്. എന്നാൽ മറ്റൊരു സിനിമയുടെ ക്ലാഷ് വന്നത് മൂലമാണ് ആ വേഷം ചെയ്യാൻ കഴിയാതിരുന്നത് എന്ന് മധു വാര്യർ പറഞ്ഞു. സൗബിൻ ഷാഹിർ ഹലോയുടെ സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു. സിനിമയിലെ ഒരു ഭജന രംഗം ചിത്രീകരിക്കുന്നതിനായി ചെന്നപ്പോൾ അതിന് തൊട്ടുമുന്നത്തെ രംഗത്തിൽ തന്റെ കഥാപാത്രം മരണപ്പെട്ടു എന്ന് സൗബിൻ പറഞ്ഞു. ഹലോ എന്ന സിനിമയെക്കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് ആ നിമിഷമാണെന്നും മധു വാര്യർ ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'ഹലോയിൽ ആദ്യം എനിക്ക് ഗണേഷേട്ടന്റെ വേഷമാണ് റാഫിക്ക പറഞ്ഞിരുന്നത്. ആ സമയം മറ്റൊരു സിനിമയുടെ ക്ലാഷ് വന്നിട്ടാണ് ഇപ്പോൾ ചെയ്തിരിക്കുന്ന വേഷത്തിലേക്ക് മാറ്റിയത്. ആ ചിത്രത്തെക്കുറിച്ച് ഒരു രസകരമായ ഓർമ്മയുണ്ട്. സൗബിൻ ഹലോയുടെ സഹസംവിധായകനായിരുന്നു. ചിത്രത്തിലെ ഒരു രംഗത്തിൽ എല്ലാവരും വെള്ള വസ്ത്രം ധരിച്ച് ഭജന ഇരിക്കുന്നുണ്ട്. 'ചേട്ടാ ഒരു മിനിറ്റ്' എന്ന് പറഞ്ഞ് സൗബിൻ എന്നെ വിളിച്ചു. എന്താണ് സംഭവിച്ചത് എന്ന് ചോദിച്ചപ്പോൾ, 'ഡ്രസ്സ് ഊരിക്കോ... കഴിഞ്ഞ സീനിൽ ചേട്ടൻ മരിച്ചു' എന്നായിരുന്നു സൗബിന്റെ മറുപടി. ഞാൻ അവിടെ ഭജന ഇരിക്കുകയാണ്. ആ ചിത്രത്തെക്കുറിച്ച് പറയുമ്പോൾ ആ കാര്യമാണ് മനസ്സിലേക്ക് ആദ്യം വരുന്നത്,' മധു വാര്യർ പറഞ്ഞു.

2007 ലാണ് ഹലോ റിലീസ് ചെയ്തത്. റാഫി-മെക്കാർട്ടിൻ കൂട്ടുകെട്ടിന്റെ സംവിധാനത്തിൽ ഒരുങ്ങിയ സിനിമയിൽ പാർവതി മെൽട്ടൻ, ജഗതി ശ്രീകുമാർ, സിദ്ദിഖ്, മധു, കെ.ബി. ഗണേഷ് കുമാർ, ജനാർദ്ദനൻ, സ്ഫടികം ജോർജ്, കീരിക്കാടൻ ജോസ്, ഭീമൻ രഘു, റിസ ബാവ, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, സലിം കുമാർ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തി.

Related Stories

No stories found.
logo
The Cue
www.thecue.in