മലയാളത്തിന്റെ ഇൻഡസ്ട്രി ഹിറ്റ് ആയി കല്യാണി പ്രിയദർശൻ ചിത്രം ലോകഃ ചാപ്റ്റർ 1: ചന്ദ്ര. ആഗോള തലത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ മലയാള സിനിമയായി മാറിയിരിക്കുകയാണ് ഇപ്പോൾ ലോക:. ഇതോടെ മോഹൻലാൽ ചിത്രം എമ്പുരാന്റെ 268 കോടി കളക്ഷനെയാണ് ലോക മറികടന്നിരിക്കുന്നത്. ഇന്ത്യയിൽ നിന്ന് മാത്രം 150 കോടി നേടുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ‘ലോക’. കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടുന്ന രണ്ടാമത്തെ ചിത്രവും ‘ലോക’യാണ്. സ്ത്രീ കേന്ദ്രീകൃത പശ്ചാത്തലത്തിലൊരുങ്ങിയ ഒരു ഇന്ത്യൻ ചിത്രത്തിന് ചരിത്രത്തിൽ ലഭിച്ച എക്കാലത്തെയും മികച്ച കളക്ഷൻ ആണ് ഇതോടെ ലോകഃ നേടിയിരിക്കുന്നത്.
‘മഞ്ഞുമ്മൽ ബോയ്സി’ന്റെ റെക്കോർഡ് തകർത്ത് ഈ വർഷം ഇൻഡസ്ട്രി ഹിറ്റായി മാറിയ ‘എമ്പുരാന്റെ’ റെക്കോർഡാണ് മാസങ്ങളുടെ ഇടവേളയിൽ ലോകഃ തകർത്ത് എറിഞ്ഞിരിക്കുന്നത്. ഒപ്പം ഒരു മലയാള സിനിമയ്ക്ക് ബുക്ക് മൈ ഷോ വഴി ലഭിച്ച ഏറ്റവും ഉയർന്ന ടിക്കറ്റ് വിൽപനയും ലോകയ്ക്ക് ലഭിച്ചിരുന്നു. 4.51 ലക്ഷം ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി വിറ്റ ‘തുടരും’ സിനിമയുടെ റെക്കോർഡ് മറികടന്നാണ് ‘ലോക’യുടെ നേട്ടം.
കല്യാണി പ്രിയദർശനെ നായികയാക്കി ഡൊമിനിക് അരുൺ സംവിധാനം ചെയ്ത സൂപ്പർഹീറോ ചിത്രമാണ് ‘ലോകഃ’ ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ് ചിത്രത്തിന്റെ നിർമാണം. 5 ഭാഗങ്ങളുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണിത്. കല്യാണിയെക്കൂടാതെ നസ്‌ലന്‍, സാന്‍ഡി മാസ്റ്റർ, ചന്ദു സലിം കുമാർ, അരുണ്‍ കുര്യൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ശാന്തി ബാലചന്ദ്രന്‍, ശരത് സഭ, നിഷാന്ത് സാഗര്‍ എന്നിവരും ചിത്രത്തിന്റെ താരനിരയിലുണ്ട്. കൂടാതെ ദുൽഖ, ടൊവിനോ തുടങ്ങിയവരും ചിത്രത്തിൽ അഥിതി താരങ്ങളായി എത്തിയിട്ടുണ്ട്.
ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്സ് ബിജോയ്, എഡിറ്റര്‍ - ചമന്‍ ചാക്കോ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്-ജോം വര്‍ഗീസ്, ബിബിന്‍ പെരുമ്പള്ളി, അഡീഷണല്‍ തിരക്കഥ-ശാന്തി ബാലചന്ദ്രന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍-ബംഗ്ലാന്‍ , കലാസംവിധായകന്‍-ജിത്തു സെബാസ്റ്റ്യന്‍, മേക്കപ്പ് - റൊണക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍-മെല്‍വി ജെ, അര്‍ച്ചന റാവു, സ്റ്റില്‍സ്- രോഹിത് കെ സുരേഷ്, അമല്‍ കെ സദര്‍, ആക്ഷന്‍ കൊറിയോഗ്രാഫര്‍- യാനിക്ക് ബെന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - റിനി ദിവാകര്‍, വിനോഷ് കൈമള്‍, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്.