'കിംഗ് ഓഫ് കൊത്ത മാസ്സ് എന്റര്‍ടെയ്‌നര്‍'; ദുല്‍ഖറാണ് തന്നെ നിര്‍ദേശിച്ചതെന്ന് ഷാന്‍ റഹ്‌മാന്‍

'കിംഗ് ഓഫ് കൊത്ത മാസ്സ് എന്റര്‍ടെയ്‌നര്‍'; ദുല്‍ഖറാണ് തന്നെ നിര്‍ദേശിച്ചതെന്ന് ഷാന്‍ റഹ്‌മാന്‍

നവാഗതനായ അഭിലാഷ് ജോഷി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് 'കിംഗ് ഓഫ് കൊത്ത'. ഈ വര്‍ഷത്തെ മലയാള സിനിമ കാത്തിരിക്കുന്ന പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് കിംഗ് ഓഫ് കൊത്ത. ഷാന്‍ റഹ്‌മാന്‍ ചിത്രത്തിന് വേണ്ടി പാട്ടുകളൊരുക്കുന്നുണ്ട്. ചിത്രത്തിലേക്ക് തന്നെ നിര്‍ദേശിച്ചത് ദുല്‍ഖര്‍ സല്‍മാന്‍ ആണെന്ന് ഷാന്‍ റഹ്‌മാന്‍ പറയുന്നു. ആദ്യം ഒരു ഗാനം ചെയ്യാനായിരുന്നു വിളിച്ചത് എന്നാല്‍ യാദൃശ്ചികമായി പിന്നീട് രണ്ടു പാട്ടുകള്‍ കൂടെ ചെയ്യുകയായിരുന്നുവെന്നും ഷാന്‍ റഹ്‌മാന്‍ ദ ക്യു സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഷാന്‍ റഹ്‌മാന്‍ പറഞ്ഞത്;

ഞാന്‍ മൂന്ന് ട്രാക്ക് ആണ് 'കിംഗ് ഓഫ് കൊത്ത'യ്ക്ക് വേണ്ടി ചെയ്തത്. എന്റെ പേര് അതിലേക്ക് വന്നത് ദുല്‍ഖര്‍ കാരണമാണ്. ഒരു പ്രത്യേക സാഹചര്യത്തില്‍ വരുന്ന ഒരു പാട്ട് ചെയ്യാന്‍ വേണ്ടിയാണ് ആദ്യം വിളിച്ചത്. ദുല്‍ഖര്‍ ആണ് 'അത് ഷാന്‍ ചെയ്യട്ടെ' എന്ന് പറഞ്ഞ് അഭിലാഷിന്റെ അടുത്ത് എന്നെ നിര്‍ദേശിച്ചത്. അഭി എന്നോട് ചോദിച്ചത്, ഒരു പാട്ട് മാത്രമായിട്ട് ചെയ്യുന്നത് കൊണ്ട് കുഴപ്പമുണ്ടോ എന്നാണ്. ഞാനും ജേക്‌സുമെല്ലാം എത്രയോ തവണ കൊളാബറേറ്റ് ചെയ്തിട്ടുണ്ട്. എനിക്ക് കുഴപ്പമൊന്നുമില്ല, ഒരു പാട്ടല്ലേ, ഞാന്‍ ചെയ്യാം എന്നു പറഞ്ഞു. ഒരു പാട്ട് കഴിഞ്ഞപ്പോള്‍ അവര്‍ക്കത് വര്‍ക്ക് ആയി. പിന്നെ അടുത്ത ഒരു സിറ്റുവേഷന്‍ കൂടെ തന്ന്, അത് ചെയ്തു നോക്കാന്‍ പറഞ്ഞു. അതും വര്‍ക്ക് ആയി. പിന്നെയും ഒന്നു കൂടെ തന്നു. അതും വര്‍ക്ക് ആയി. അങ്ങനെ യാദൃശ്ചികമായി സംഭവിച്ചതാണ് ആ മൂന്ന് പാട്ടുകള്‍. ചിത്രത്തിന്റെ കുറച്ച് റഫറന്‍സ് വിഷ്വല്‍സുകള്‍ കണ്ടിരുന്നു. അതെല്ലാം തന്നെ ഗംഭീരമാണ്. ചിത്രം തീര്‍ച്ചയായും ഒരു മാസ്സ് എന്റര്‍ടൈനര്‍ ആണ്.

ഐശ്വര്യ ലക്ഷ്മി, ഗോകുല്‍ സുരേഷ്, പ്രസന്ന, ചെമ്പന്‍ വിനോദ്, ഷമ്മി തിലകന്‍, നൈല ഉഷ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 'പൊറിഞ്ചു മറിയം ജോസി'ന് ശേഷം അഭിലാഷ് എന്‍ ചന്ദ്രന്‍ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് നിമിഷ് രവിയാണ്. ഷാന്‍ റഹ്‌മാനൊപ്പം, ജേക്‌സ് ബിജോയിയും ചിത്രത്തിന് സംഗീതമൊരുക്കുന്നു. രണ്ടു കാലഘട്ടങ്ങളിലെ കഥയാണ് ചിത്രം പറയുന്നത്. ദുല്‍ഖര്‍ സല്‍മാന്റെ വെഫറര്‍ ഫിലിംസം സീ സ്റ്റുഡിയോയും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സീ സ്റ്റുഡിയോസിന്റെ മലയാളത്തിലെ ആദ്യ നിര്‍മ്മാണ ചിത്രമാണ്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് സോണി മ്യുസിക് സ്വന്തമാക്കിയിരുന്നു.

എഡിറ്റര്‍ ശ്യാം ശശിധരന്‍, മേക്കപ്പ് റോണെക്സ് സേവിയര്‍,വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ്മ, സ്റ്റില്‍ ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍. ആക്ഷന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആക്ഷന്‍ കൊറിയോഗ്രാഫി രാജശേഖറാണ്. 'കുറുപ്പ്', 'സീതാരാമം', എന്നീ സിനിമകള്‍ക്ക് ശേഷം ദുല്‍ഖര്‍ നായകനാകുന്ന ചിത്രവുമാണ് 'കിംഗ് ഓഫ് കൊത്ത'.

Related Stories

No stories found.
logo
The Cue
www.thecue.in