നേരിന്റെ റിലീസ് തടയണമെന്ന ആവശ്യം തള്ളി ഹെെക്കോടതി; ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

നേരിന്റെ റിലീസ് തടയണമെന്ന ആവശ്യം തള്ളി ഹെെക്കോടതി; ചിത്രം നാളെ മുതൽ തിയറ്ററുകളിൽ

മോഹൻലാൽ ചിത്രം നേരിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട ഹർജി തള്ളി ഹെെക്കോടതി. മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് നേര്. ഡിസംബർ 21 ന് ക്രിസ്മസ് റിലീസ് ആയി തിയറ്ററുകളിലെത്താനിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചതാണെന്നും റിലീസ് തടയണമെന്നും ആവശ്യപ്പെട്ടാണ് തൃശൂർ സ്വദേശി ദീപു കെ ഉണ്ണി ഹെെക്കോടതിയെ സമീപിച്ചത്. പരാതിക്കാരന്റെ ഹർജിയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് മോഹൻലാൽ, സംവിധായകൻ ജീത്തു ജോസഫ്, സഹ തിരക്കഥാകൃത്തും അഭിനേതാവുമായ അഡ്വ. ശാന്തി മായാദേവി, നിർമാതാവ് ആന്റണി പെരുമ്പാവൂർ തുടങ്ങിയവർക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. ഹർജി നാളെ വീണ്ടും പരിഗണിക്കും.

സംവിധായകന്‍ ജീത്തു ജോസഫും സിനിമയുടെ സഹ തിരക്കഥാകൃത്ത് ശാന്തി മായാദേവിയും ചേര്‍ന്ന് തന്റെ കഥ മോഷ്ടിച്ചു എന്നാണ് പരാതിക്കാരന്റെ ഹര്‍ജിയിലെ ആരോപണം. തന്റെ തിരക്കഥയുടെ പകര്‍പ്പ് ഇരുവരും 3 വര്‍ഷം മുന്‍പ് കൊച്ചി മാരിയറ്റ് ഹോട്ടലില്‍ വച്ച്‌ നടന്ന കൂടിക്കാഴ്‌ച്ചയില്‍ നിര്‍ബന്ധിച്ച്‌ വാങ്ങിയെന്നും പിന്നീട് തന്നെ സിനിമയില്‍ നിന്നും ഒഴിവാക്കിയെന്നും ഹര്‍ജിയില്‍ പറയുന്നു. മോഹൻലാലുമായുള്ള തീയതി നിശ്ചയിച്ചുകഴിഞ്ഞാൽ, ഞങ്ങൾ നിങ്ങളിലേക്ക് മടങ്ങിവരാമെന്ന് ഉറപ്പ് നൽകിയാണ് മേൽപ്പറഞ്ഞ പ്രതികൾ തന്റെ തിരക്കഥയുടെ പകർപ്പുകൾ എടുത്തതെന്നും ഹർജിക്കാരൻ. ചിത്രത്തിന്റെ റിലീസ് തടയാൻ കേന്ദ്രസർക്കാർ, സംസ്ഥാന സർക്കാർ, സിബിഎഫ്‌സി, സംസ്ഥാന പോലീസ് എന്നിവരോട് നിർദേശിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു.

ദൃശ്യം 2, റാം എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാലും ജീത്തു ജോസഫും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് നേര്. സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ 33 മത് നിർമാണ ചിത്രംകൂടിയാണിത്. നേര് ഒരു ത്രില്ലറല്ലെന്നും ഒരു സസ്‌പെൻസും ഇല്ലാത്ത ഒരു കോർട്ട് റൂം ഡ്രാമയാണെന്നും ജീത്തു ജോസഫ് മുൻപ് വെളിപ്പെടുത്തിയിരുന്നു. ഒരു വക്കീലിന്റെ വേഷത്തിലാണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. പ്രിയാമണി ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നാല് വർഷങ്ങൾക്ക് ശേഷമാണ് പ്രിയാമണി മലയാളത്തിൽ തിരിച്ചെത്തുന്നത്. ​ഗ്രാൻഡ് മാസ്റ്ററിന് ശേഷം മോഹൻലാലും പ്രിയാമണിയും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സീക്കിങ് ജസ്റ്റിസ് എന്ന സിനിമയുടെ ടാഗ്‌ലൈൻ. സതീഷ് കുറുപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന സിനിമയുടെ സംഗീതം വിഷ്ണു ശ്യാം ആണ്.

Related Stories

No stories found.
logo
The Cue
www.thecue.in