മാർക്കോക്ക് ശേഷം വീണ്ടും ഹിറ്റടിക്കാൻ ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്; ബ്രഹ്മാണ്ഡ തുടക്കം കുറിച്ച് "കാട്ടാളൻ"

മാർക്കോക്ക് ശേഷം വീണ്ടും ഹിറ്റടിക്കാൻ ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്; ബ്രഹ്മാണ്ഡ തുടക്കം കുറിച്ച് "കാട്ടാളൻ"
Published on

'മാർക്കോ' എന്ന ചിത്രത്തിന് ശേഷം ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന പുതിയ സിനിമയായ കാട്ടാളന്റെ പൂജ ചടങ്ങുകൾ നടന്നു. കൊച്ചിയിൽ വെച്ചാണ് ചിത്രത്തിന്റെ പൂജ ചടങ്ങ് നടത്തിയത്. ബാഹുബലി ഉൾപ്പെടെയുള്ള ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ട് ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിയ ചിറക്കൽ കാളിദാസൻ എന്ന ആനയുടെ അകമ്പടിയോടെയാണ് ചടങ്ങുകൾ നടന്നത് എന്നത് ശ്രദ്ധേയമായി. ആന്റണി വർഗീസ്, കബീർ ദുഹാൻ സിങ്, രജിഷ വിജയൻ, ഹനാൻ ഷാ, ജഗദീഷ്, സിദ്ദിഖ്, പാർഥ് തിവാരി എന്നിവരുൾപ്പെടെ വമ്പൻ താരനിരയാണ് ചിത്രത്തിന്റെ ബ്രഹ്മാണ്ഡ പൂജ ചടങ്ങിന്റെ മാറ്റു കൂട്ടാനെത്തിയത്.

'കാട്ടാളൻ' ഏകദേശം നാൽപ്പത്തിയഞ്ചു കോടിയോളം രൂപയുടെ ബഡ്ജറ്റിൽ ബ്രഹ്മാണ്ഡ ക്യാൻവാസിലാണ് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോർട്ട്. നവാഗതനായ പോൾ ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാന്താര, മഹാരാജ എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയിൽ തരംഗമായി മാറിയ കന്നഡ മ്യൂസിക് ഡയറക്ടർ അജനീഷ് ലോക്നാഥ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

ജയിലർ, ലിയോ, ജവാൻ, കൂലി തുടങ്ങിയ പാൻ ഇന്ത്യൻ സിനിമകളുടെ ടൈറ്റിൽ ഡിസൈൻ ചെയ്ത ഐഡന്റ്ലാബ്സ് ടീമാണ് കാട്ടാളന്റെ ടൈറ്റിൽ ഡിസൈൻ ചെയ്യുന്നത്. രജിഷാ വിജയൻ നായികാ വേഷം ചെയ്യുന്ന ചിത്രത്തിൽ, തെലുങ്കിലെ പ്രശസ്ത താരം സുനിൽ, മാർക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധ നേടിയ കബീർദുഹാൻ സിംഗ്, കേരളത്തിൽ വലിയ തരംഗമായി മാറിയ വ്ളോഗറും സിംഗറുമായ ഹനാൻഷാ, റാപ്പർ ബേബി ജീൻ, തെലുങ്കു താരം രാജ് തിരാണ്ടുസു, മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ് എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്യുന്നു.

പൊന്നിയൻ സെൽവൻ ഒന്നാം ഭാഗം, ബാഹുബലി - 2, ജവാൻ, ബാഗി - 2, ഓങ്ബാക്ക് 2 തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്കു ആക്ഷൻ ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡി ആക്ഷൻ ഒരുക്കുന്ന ചിത്രത്തിന് സംഭാഷണങ്ങൾ രചിക്കുന്നത് ഉണ്ണി ആർ ആണ്. എഡിറ്റിംഗ് -ഷമീർ മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടേയും, സാങ്കേതിക പ്രവർത്തകരുടെയും വിവരങ്ങൾ വൈകാതെ പുറത്തു വിടും.

Related Stories

No stories found.
logo
The Cue
www.thecue.in