ക്രൈം ഡ്രാമയുമായി കരീന കപൂറും പൃഥ്വിരാജ് സുകുമാരനും, സാം ബഹദൂറിന് ശേഷം മേഘ്ന ​ഗുൽസാർ സംവിധാനം ചെയ്യുന്ന 'ദായ്റ' പ്രഖ്യാപിച്ചു

ക്രൈം ഡ്രാമയുമായി കരീന കപൂറും പൃഥ്വിരാജ് സുകുമാരനും, സാം ബഹദൂറിന് ശേഷം മേഘ്ന ​ഗുൽസാർ സംവിധാനം ചെയ്യുന്ന 'ദായ്റ' പ്രഖ്യാപിച്ചു
Published on

റാസി, തൽവാർ തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജംഗ്ലീ പിക്ചേഴ്സും, സംവിധായിക മേഘ്ന ഗുൽസാറും ഒന്നിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ദായ്റ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരനും കരീന കപൂറും ആണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സാം ബഹദൂർ എന്ന വിക്കി കൗശൽ ചിത്രത്തിന് ശേഷം മേഘ്ന ​ഗുൽസാർ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്രൈം ‍ഡ്രാമയായാണ് ഒരുങ്ങുന്നത്. ആനുകാലിക സംഭവങ്ങളുടെ നേർക്കാഴ്ച്ചയാണ് ചിത്രം എന്നും കുറ്റം, ശിക്ഷ, നീതി എന്നിവയുടെ കാലാതീതമായ വൈരുദ്ധ്യത്തെക്കുറിച്ചാണ് ചിത്രം സംസാരിക്കുന്നത് എന്നും ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പറയുന്നു. കേട്ട മാത്രയിൽ തന്നെ ചെയ്യണം എന്ന് തോന്നിയ കഥയാണ് ദായ്റയുടേത് എന്നാണ് പൃഥ്വിരാജ് സുകുമാരൻ ചിത്രത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.

പൃഥ്വിരാജിന്റെ പോസ്റ്റ്:

ചില കഥകൾ കേൾക്കുന്ന നിമിഷം മുതൽ മനസ്സിൽ തങ്ങിനിൽക്കും. ദായ്റ എന്ന ചിത്രം എനിക്ക് അങ്ങനെയാണ്. മേഘ്‌ന ഗുൽസാർ, കരീന കപൂർ ഖാൻ, ടീം ജംഗ്ലി പിക്ചേഴ്‌സ് എന്നിവരോടൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിൽ എനിക്ക് ആവേശമുണ്ട്! എല്ലാവർക്കും എന്റെ വിഷു ആശംസകൾ!

മേഘ്ന ​ഗുൽസാറുമായി ചേർന്ന് ഒരു കഥ പറയാൻ സാധിക്കുന്നതിൽ ഞാൻ വളരെ ആവേശഭരിതയാണ്. ഒപ്പം പൃഥ്വിരാജിനോടൊപ്പം പ്രവർത്തിക്കാനുള്ള അവസരവും എന്നെ ഈ സിനിമയിലേക്ക് ആകർഷിച്ച ഘടകമാണ്. ഈ ചിത്രത്തിന്റെ പ്രമേയം ഏറെ പ്രചോദനം നൽകുന്ന ഒന്നാണ്. ദായ്റ മികച്ച ഒരു സിനിമാറ്റിക്ക് അനുഭവമായിരിക്കുമെന്ന് ഞാൻ പ്രേക്ഷകർക്ക് ഉറപ്പു നൽകുന്നു. ശക്തവും കാലികവുമായ ഈ സിനിമയിൽ മേഘ്ന, പൃഥ്വിരാജ്, ജംഗ്ലീ പിക്ചേഴ്സിലെ ടീം എന്നിവരോടൊപ്പം പ്രവർത്തിക്കാൻ ഞാൻ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇൻസ്റ്റ​ഗ്രാമിൽ കരീന കപൂർ കുറിച്ചു.

അതേസമയം ദായ്റ നമ്മൾ ജീവിക്കുന്ന സമൂഹത്തെയും നമ്മളെ നയിക്കുന്ന വ്യവസ്ഥിതിയെയും കുറിച്ച് ചിന്തിക്കാൻ പ്രേരിപ്പിക്കുന്ന ഒരു കഥയാണ് എന്ന് സംവിധായിക മേഘ്ന ​ഗുൽസാർ പറയുന്നു. ദായ്റ നിർമ്മിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ അഭിമാനമുണ്ട്. മേഘ്നയുടെ കൈകളിൽ ഈ ചിത്രം സുരക്ഷിതമായിരിക്കും. കരീനയും പൃഥ്വിരാജും ഉൾപ്പടെയുള്ള ഒരു ടീമിനെ ലഭിച്ചതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണെന്നും ചിത്രത്തിന്റെ നിർമാതാക്കളായ ജം​ഗ്ലീ പിക്ചേഴ്സ് കൂട്ടിച്ചേർത്തു. മേഘ്ന ​ഗുൽസാറിനൊപ്പം യഷും സീമയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിന്റെ മറ്റ് വിവരങ്ങൾ ഒന്നും തന്നെ അണിയറ പ്രവർത്തകർ ഇതുവരെ പുറത്തു വിട്ടിട്ടില്ല. പിആർഒ- സതീഷ് എരിയാളത്ത്

Related Stories

No stories found.
logo
The Cue
www.thecue.in