'കൗമാരകാലത്ത് ഞാന്‍ ഗാന്ധി വിമര്‍ശകനായിരുന്നു'; ഹേ റാം അദ്ദേഹത്തോടുള്ള മാപ്പ് പറച്ചിലെന്ന് കമല്‍ ഹാസന്‍

'കൗമാരകാലത്ത് ഞാന്‍ ഗാന്ധി വിമര്‍ശകനായിരുന്നു'; ഹേ റാം അദ്ദേഹത്തോടുള്ള മാപ്പ് പറച്ചിലെന്ന് കമല്‍ ഹാസന്‍

ഹേ റാം സിനിമ ഗാന്ധിയോടുള്ള തന്റെ മാപ്പ് പറച്ചിലായിരുന്നുവെന്ന് നടനും സംവിധായകനുമായ കമല്‍ ഹാസന്‍. ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയുമായി നടത്തിയ സംഭാഷണത്തിലാണ് കമല്‍ ഹാസന്‍ ഇക്കാര്യം പറഞ്ഞത്.

കമല്‍ ഹാസന്റെ വാക്കുകള്‍:

ഹേ റാം സിനിമ, ഗാന്ധിയോടുള്ള എന്റെ മാപ്പ് പറച്ചിലാണ്. അച്ഛന്‍ കോണ്‍ഗ്രസുകാരനായിരുന്നെങ്കിലും ഞാന്‍ കൗമാരകാലത്ത് ഗാന്ധി വിമര്‍ശകനായിരുന്നു. എന്നാല്‍ അദ്ദേഹം എന്നോട് ചരിത്രം പഠിക്കാന്‍ ആവശ്യപ്പെട്ടു. വായനയാണ് എനിക്ക് ഗാന്ധിയെ കണ്ടെത്തി തന്നത്. 24 -25 വയസ് പ്രായമുള്ളപ്പോള്‍ തന്നെ ഗാന്ധിയെന്ന വ്യക്തിത്വത്തെ ഞാന്‍ കണ്ടെത്തുകയായിരുന്നു.

അതിന്റെ ഭാഗമായി സ്വയം തിരുത്താനും ശ്രമിച്ചു. ഒരു മാപ്പ് പറച്ചില്‍ എന്ന രീതിയിലുമാണ് ഹേ റാം സിനിമ എടുത്തത്. അതില്‍ ഗാന്ധിയെ കൊല്ലാന്‍ ശ്രമിക്കുന്ന ഒരാളോട് സാദൃശ്യമുള്ള കഥാപത്രമാണ് ഞാന്‍ അഭിനയിച്ചിരിക്കുന്നത്. ഒടുവില്‍ സത്യം തിരിച്ചറിയുന്ന ആ കഥാപാത്രം അതില്‍ നിന്ന് പിന്തിരിയുകയും ചെയ്യും.

ഇന്ത്യക്കാരനെന്ന നിലയില്‍ രാജ്യത്ത് നടക്കുന്ന സംഭവ വികാസങ്ങളെ എങ്ങനെയാണ് നോക്കി കാണുന്നതെന്ന രാഹുല്‍ ഗാന്ധിയുടെ ചോദ്യത്തിനാണ് കമല്‍ ഹാസന്‍ ഇക്കാര്യം പറഞ്ഞത്.

2000ത്തിലാണ് കമല്‍ ഹാസന്‍ തിരക്കഥയും സംവിധാനവും നിര്‍വ്വഹിച്ച ഹേ റാം റിലീസ് ചെയ്തത്. ചിത്രം ഗാന്ധി വിരുദ്ധമാണെന്ന് ആരോപിച്ച് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന്റെ റിലീസ് നിഷേധിച്ചിരുന്നു. തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡിനെതിരെ കമല്‍ഹാസന്‍ രംഗത്ത് വന്നു. നിയമ പോരാട്ടത്തിന് ഒടുവിലാണ് ചിത്രം റിലീസ് ചെയ്തത്. ചിത്രത്തില്‍ കമല്‍ ഹാസന് പുറമെ ഷാരൂഖ് ഖാന്‍, ഹേമ മാലിനി, റാണി മുഖര്‍ജി എന്നിവരും പ്രധാന കഥാപാത്രങ്ങളായിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in