'അമേരിക്കൻ ഷോ കമ്മിറ്റ് ചെയ്തത് മൂലം 2.0 ഉപേക്ഷിക്കേണ്ടി വരുമെന്ന് സ്ഥിതിയായി'; ഓർമ്മ പങ്കുവെച്ച് ഷാജോൺ

'അമേരിക്കൻ ഷോ കമ്മിറ്റ് ചെയ്തത് മൂലം 2.0 ഉപേക്ഷിക്കേണ്ടി വരുമെന്ന് സ്ഥിതിയായി'; ഓർമ്മ പങ്കുവെച്ച് ഷാജോൺ
Published on

ശങ്കർ-രജനികാന്ത് ചിത്രം 2 .0 ലേക്ക് അവസരം ലഭിച്ചതിനെ കുറിച്ച് സംസാരിച്ച് നടൻ കലാഭവൻ ഷാജോൺ. ആ സമയത്ത് താൻ ഒരു അമേരിക്കൻ ഷോ കമ്മിറ്റ് ചെയ്തിട്ടുണ്ടായിരുന്നു. അതിനാൽ ആ അവസരം നഷ്ടമാകും എന്നൊരു അവസ്ഥ എത്തി. എന്നാൽ അമേരിക്കൻ ഷോയ്ക്ക് ശേഷം സിനിമയിലെ രംഗങ്ങൾ ഷൂട്ട് ചെയ്യാം എന്ന് ടീം പറഞ്ഞു എന്ന് കലാഭവൻ ഷാജോൺ ഓർത്തു. ക്യു സ്റ്റുഡിയോ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കലാഭവൻ ഷാജോൺ.

കലാഭവൻ ഷാജോണിന്റെ വാക്കുകൾ:

2.0 ലേക്ക് വിളിക്കുന്ന ആ സമയത്ത് ഞാൻ ഒരു അമേരിക്കൻ ഷോ കമ്മിറ്റ് ചെയ്തിട്ടുണ്ടായിരുന്നു. സിനിമയ്ക്ക് ആവശ്യപ്പെട്ട തീയതികൾ എന്റെ യു.എസ്. പ്രോഗ്രാമുള്ള ദിവസങ്ങൾ ആയിരുന്നു. ഞാൻ ഇക്കാര്യം അവരോട് പറഞ്ഞപ്പോൾ എനിക്ക് വലിയ സങ്കടമായി. കാരണം ആദ്യമായിട്ടാണ് രജനി സാറിനെയും ശങ്കർ സാറിനെയും പോലെയുള്ള വലിയ പ്രതിഭകൾക്കൊപ്പം തമിഴിലെ ഇത്രയും വലിയൊരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. തുടർന്ന് ഞാൻ അവരെ തിരിച്ചുവിളിച്ച്, ‘ഈ കഥാപാത്രം ഇല്ലെങ്കിലും വേറെ ഏതെങ്കിലും ഒരു ചെറിയ സീൻ ആണെങ്കിൽപോലും എന്നെ വിളിക്കണം, എനിക്ക് അത്രയും താല്പര്യമുണ്ട്’ എന്ന് പറഞ്ഞ് ഫോൺ വെച്ചു. ആ സമയം അവർ എന്നെ തിരിച്ചുവിളിച്ച് ‘സാരമില്ല, താങ്കൾ വന്നിട്ട് നമുക്ക് ഷൂട്ട് ചെയ്യാം’ എന്ന് ഉറപ്പുനൽകി. അങ്ങനെയാണ് ഞാൻ ആ സിനിമയിൽ അഭിനയിക്കുന്നത്.

ഇതിൽ ഏറ്റവും സന്തോഷം നൽകിയ മറ്റൊരു കാര്യം കൂടിയുണ്ട്. ഞാൻ പ്രോഗ്രാമിന് പോകുന്നതുകൊണ്ടാണ് ഡേറ്റ് പ്രശ്നമാകുന്നത് എന്ന് അറിഞ്ഞപ്പോൾ ശങ്കർ സാർ ആ കോൾ ചെയ്ത ലേഡിയോടു ചോദിച്ചു, ‘ഷാജോണിന് അഭിനയിക്കാൻ താല്പര്യമുണ്ടോ?’ എന്ന്. അവർ സാറിനോട് പറഞ്ഞു: ‘ഉണ്ട്, അദ്ദേഹം തിരിച്ചുവിളിച്ചിരുന്നു. ഒരൊറ്റ സീനാണെങ്കിൽ പോലും അഭിനയിക്കാൻ താല്പര്യമുണ്ടെന്ന് പറഞ്ഞു.’ ഇതുകേട്ട ശങ്കർ സാർ ‘എന്നാൽ ശരി, നമുക്ക് ഡേറ്റ് ഷിഫ്റ്റ് ചെയ്യാം’ എന്ന് തീരുമാനിക്കുകയായിരുന്നു.

logo
The Cue
www.thecue.in