കൈദിക്ക് ശേഷം തമ്പിയായി കാര്‍ത്തി, കൂടെ ജ്യോതികയും ജീത്തു ജോസഫിന്റെ തമിഴ് ചിത്രം
ബോളിവുഡില്‍ സംവിധാനം ചെയ്ത ആദ്യ സിനിമ ബോഡിയുടെ ട്രെയിലര്‍ പുറത്തുവിട്ട അതേ ദിവസം തന്റെ പുതിയ തമിഴ് സിനിമയുടെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ട് ജീത്തു ജോസഫ്. പാപനാശത്തിന് ശേഷം ജീത്തു സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമായി തമ്പിയില്‍ കാര്‍ത്തിയും ജ്യോതികയുമാണ് പ്രധാന കഥാപാത്രങ്ങള്‍. മലയാളത്തില്‍ നിന്ന് നിഖിലാ വിമലും നായികയായുണ്ട്.
കാര്‍ത്തിയുടെ കൈദി എന്ന ചിത്രം 100 കോടി പിന്നിട്ട് വന്‍വിജയമായിരിക്കുകയാണ്. ജ്യോതികയുടെയും കാര്‍ത്തിയുടെയും കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ. സഹോദരന് സൂര്യയുടെ ഭാര്യ കൂടിയായ ജ്യോതികയ്ക്കൊപ്പം കാര്‍ത്തി ആദ്യമായി അഭിനയിക്കുന്ന ചിത്രവുമാണ് തമ്പി. ആക്ഷനും ഹ്യൂമറും കലര്‍ന്ന സിനിമയില്‍ സത്യരാജും പ്രധാന റോളിലുണ്ട്. ഗോവയിലും ഊട്ടിയിലുമാണ് സിനിമ ചിത്രീകരിച്ചത്. കാര്‍ത്തി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചേച്ചിയായാണ് ജ്യോതിക എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വയാകോം 18, പാരലല്‍ മൈന്‍ഡ്സ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സൂപ്പര്‍ ഡീലക്സിലെ ബാലതാരം രാസക്കുട്ടി ഫെയിം മാസ്റ്റര്‍ അശ്വന്തും ചിത്രത്തിലുണ്ട്. ആര് ഡി രാജശേഖറാണ് ക്യാമറ. ഗോവിന്ദ് വസന്ത സംഗീത സംവിധാനം. മോഹന്‍ലാലിനൊപ്പമാണ് മലയാളത്തില്‍ ജീത്തു ജോസഫിന്റെ അടുത്ത സിനിമ.