'ഒരു സീൻ മാത്രം കണ്ട് കോപ്പിയടിയെന്ന് ആരോപിക്കുന്നത് ശരിയല്ല' ; സിനിമ മുഴുവൻ കണ്ടിട്ട് വിമർശിക്കൂ എന്ന് ശാന്തി മായാദേവി

'ഒരു സീൻ മാത്രം കണ്ട് കോപ്പിയടിയെന്ന് ആരോപിക്കുന്നത് ശരിയല്ല' ; സിനിമ മുഴുവൻ കണ്ടിട്ട് വിമർശിക്കൂ എന്ന് ശാന്തി മായാദേവി

മോഹൻലാൽ നായകനായ 'നേര്' സിനിമ കോപ്പിയടിച്ചതാണെന്ന ആരോപണത്തിൽ പ്രതികരണവുമായി ചിത്രത്തിന്റെ തിരക്കഥാകൃത്തും അഭിനേത്രിയുമായ അഡ്വക്കേറ്റ് ശാന്തി മായാദേവി. ചിത്രത്തിന്റെ അവസാന ഭാഗമാണ് ഇപ്പോൾ എല്ലാവരും കോപ്പി ആണെന്ന് ആരോപിക്കുന്നത് എന്നാൽ ഒരു സീൻ മാത്രം വച്ച് കോപ്പിയാണെന്ന് ആരോപിക്കുന്നത് ശരിയല്ലെന്നും സ്കെച്ച് ആർട്ടിസ്റ്റ് മുഴുവനായും കണ്ടിട്ട് വിമർശിക്കൂ എന്നും ശാന്തി മായാദേവി പറഞ്ഞു. കോടതിയിൽ താൻ കണ്ടിട്ടുള്ള കാര്യങ്ങളാണ് നേരിൽ ഉപയോഗിച്ചിരിക്കുന്നത്. സിനിമക്കായി ഒരുപാട് റിസേർച്ച് നടത്തിയിരുന്നെന്നും ശാന്തി മായാദേവി ക്യു സ്റ്റുഡിയോയോട് പറഞ്ഞു.

താൻ ഇംഗ്ലീഷ് സിനിമകൾ കാണാറില്ല. ഈ സംഭവത്തിന് ശേഷമാണ് താൻ സ്കെച്ച് ആർട്ടിസ്റ്റ് കണ്ടത്. നേരിലേത് പോലെ സമാനമായ കേസുകൾ നിരവധി ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ സിനിമക്കായി ഒരുപാട് റിസേർച്ചുകൾ നടത്തിയിട്ടുണ്ടെന്നും ശാന്തി മായാദേവി പറഞ്ഞു. സിനിമക്കായി പല കോടതി വിധികളും, കേസ് നിയമങ്ങളും റഫർ ചെയ്തിരുന്നതായും ശാന്തി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ദ സ്‌കെച്ച് ആർട്ടിസ്റ്റ് 2 എന്ന ചിത്രത്തിലെ സീനുകളുമായി ബന്ധപ്പെടുത്തി നേര് സിനിമ കോപ്പിയടിയാണെന്ന് ആരോപണം സോഷ്യൽ മീഡിയയിൽ ഉയർന്നത്.

ഒൻപത് ദിവസം കൊണ്ടാണ് മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് ആഗോള കളക്ഷനിൽ 50 കോടി പിന്നിട്ടത്. ക്രിസ്മസ് റിലീസായ സലാർ, ഡങ്കി എന്നീ സിനിമകളെ കളക്ഷനിൽ പിന്നിലാക്കിയാണ് നേര് മലയാളം ബോക്സ് ഓഫീസിൽ ഒന്നാമതെത്തിയത്. മോഹൻലാലിന്റെ കരിയറിലെ ആറാമത്തെ അമ്പത് കോടി പിന്നിടുന്ന ചിത്രമാണ് നേര്. നേരിന്റെ തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് സിനിമ നിർമിച്ചത്. ആശിർവാദ് സിനിമാസിന്റെ 33 മത് നിർമാണ ചിത്രം കൂടിയാണിത്.

Related Stories

No stories found.
logo
The Cue
www.thecue.in