രോമാഞ്ചം, ആവേശം എന്നീ ട്രെൻഡ് സെറ്റർ സിനിമകളൊരുക്കിയ ജിതു മാധവന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ സിനിമ വരുന്നു. മലയാളത്തിലെ വൻ സിനിമാ പ്രൊജക്ടുകളുടെ അമരക്കാരായ ശ്രീ ഗോകുലം മുവീസാണ് മോഹൻലാൽ നായകനായ ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. 2025 ൽ സിനിമ ബംഗളൂരുവിൽ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. 150 ദിവസത്തോളം ചിത്രീകരിക്കുന്ന മോഹൻലാൽ സിനിമയാണ് അണിയറയിൽ ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ജിതു മാധവനൊപ്പം നിർമ്മാതാവ് ഗോകുലം ഗോപാലനുംഗോകുലം മുവീസ് എക്സിക്യുട്ടീവ് പ്രൊഡ്യൂസർ കൃഷ്ണമൂർത്തിയും ഒരുമിച്ചു നിൽക്കുന്ന ചിത്രം ഗോകുലം മുവീസ് സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ പങ്കുവച്ചിരുന്നു. തുടർന്നാണ് സിനിമയെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായത്.
രോമാഞ്ചം, ആവേശം എന്നീ സിനിമകൾക്ക് ശേഷം സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ജിതു മാധവൻ ചിത്രമായിരിക്കും ഇതെന്നും വാർത്തകൾ പുറത്തുവന്നിട്ടുണ്ട്. 2025 മാർച്ചിലായിരിക്കും പ്രഖ്യാപനം. മോഹൻലാലിനൊപ്പം ശ്രീ ഗോകുലം മുവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ കൈകോർക്കുന്ന ആദ്യ ചിത്രമാണ് ഇതെന്ന പ്രത്യേകതയുമുണ്ട് ഈ പ്രൊജക്ടിന്.
മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ബറോസാണ് താരത്തിന്റേതായി എത്തുന്ന അടുത്ത റിലീസ്. ഡിസംബർ 25ന് ബാറോസ് തിയറ്ററുകളിലെത്തും. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന തുടരും, പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ലൂസിഫർ സീക്വൽ എമ്പുരാൻ എന്നിവയാണ് മോഹൻലാലിന്റെ 2025ലെ പ്രധാന റിലീസുകൾ. എമ്പുരാൻ 2025 മാർച്ച് 27നാണ് റിലീസ്. ബഹുഭാഷാ ചിത്രം വൃഷഭയുടെ ചിത്രീകരണത്തിലാണ് മോഹൻലാൽ ഇപ്പോൾ. ഇതിന് പിന്നാലെ സത്യൻ അന്തിക്കാട് ചിത്രം ഹൃദയപൂർവം തുടങ്ങും. മോഹൻലാൽ ഇടവേളക്ക് ശേഷം താടിയെടുത്ത് അഭിനയിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവം എന്നറിയുന്നു. 2025ൽ മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി-മോഹൻലാൽ പ്രൊജക്ടിന്റെ തുടർചിത്രീകരണത്തിലും മോഹൻലാൽ ഭാഗമാകും.